വ്യാജരേഖ ചമച്ച് റേഷൻ കാർഡിൽ പേര് ചേർത്തെന്ന് പരാതി; വോട്ടർ പട്ടികയിൽ നിന്ന് ശ്രീനാദേവിയുടെ പേര് വെട്ടും
പത്തനംതിട്ട ∙ കോൺഗ്രസ് നേതാവും പത്തനംതിട്ട ജില്ലാ പഞ്ചായത്ത് അംഗവുമായ ശ്രീനാദേവി കുഞ്ഞമ്മയുടെ പേര് വോട്ടർ പട്ടികയിൽ നിന്നും നീക്കാൻ തീരുമാനം. വോട്ട് നിഷേധിക്കാതിരിക്കാൻ തിരഞ്ഞെടുപ്പ് കഴിയുന്നതു വരെ വോട്ടർപട്ടികയിൽ താൽക്കാലികമായി ഉൾപ്പെടുത്തി അതിനുശേഷമായിരിക്കും പേര് നീക്കം ചെയ്യുക. അടൂർ ആർഡിഒയുടെതാണ് നടപടി.
വ്യാജരേഖ ചമച്ച് റേഷൻ കാർഡിൽ പേര് ചേർത്തെന്ന പരാതിയിൽ സപ്ലൈ ഓഫിസർ റേഷൻ കാർഡ് റദ്ദാക്കിയിരുന്നു. തുടർന്ന് പരാതിക്കാരനായ ശ്രീജിത്ത് എസ്.പിള്ള നൽകിയ പരാതിയിലാണ് വോട്ടർ പട്ടികയിൽ നിന്നും ഇപ്പോൾ ശ്രീനാദേവി കുഞ്ഞമ്മയുടെ പേര് നീക്കം ചെയ്യുന്നത്. റദ്ദാക്കപ്പെട്ട റേഷൻ കാർഡിലെ മേൽവിലാസത്തിലാണ് വോട്ടർ പട്ടികയിൽ ശ്രീനാദേവി കുഞ്ഞമ്മയുടെ പേരുണ്ടായിരുന്നത്.
കലക്ടർക്ക് അപ്പീൽ നൽകാനും ഹൈക്കോടതിയെ സമീപിക്കാനുമാണ് ശ്രീനാദേവിയുടെ നീക്കം. ബന്ധുക്കളിൽ ചിലരെ ഉപയോഗിച്ചുള്ള സിപിഐയുടെ രാഷ്ട്രീയ പകപോക്കൽ എന്നാണ് ശ്രീനാദേവി പറയുന്നത്. ശ്രീനാദേവി കുഞ്ഞമ്മയുടെ പേര് ചേർത്തത് കാർഡ് ഉടമയുടെ ഭർതൃ സഹോദരിയുടെ മകൾ എന്ന് സൂചിപ്പിച്ചാണെന്നും എന്നാൽ കാർഡ് ഉടമയ്ക്ക് ഭർതൃസഹോദരിയോ മകളോ ഇല്ലെന്നുമാണ് പരാതിയിൽ പറയുന്നത്. കാർഡ് ഉടമ 2024 സെപ്റ്റംബർ 18ന് മരിച്ചുവെന്നും പരാതിയിലുണ്ട്.
