ഭർത്താവിനെ കൊന്ന് കുഴിച്ചുമൂടി; പിന്നാലെ കാണാനില്ലെന്നു രേഷ്മയുടെ പരാതി: കുടുക്കിയത് പൊലീസിന്റെ സംശയം
തൃശൂർ ∙ ഭർത്താവിനെ കൊലപ്പെടുത്തി കുഴിച്ചുമൂടിയ കേസിൽ ഭാര്യയ്ക്കും സുഹൃത്തിനും ജീവപര്യന്തം കഠിനതടവും 8 ലക്ഷം രൂപ പിഴയും. ബംഗാൾ സ്വദേശികളായ രേഷ്മ (35), ധീരു (38) എന്നിവരെയാണു ജില്ലാ അഡീഷനൽ സെഷൻസ് ജഡ്ജി കെ. കമനീസ് ശിക്ഷിച്ചത്. 2021 ഡിസംബർ 13ന് ആയിരുന്നു സംഭവം. സ്വർണപ്പണിക്കാരനായ മൻസൂർ മാലിക്കും ഭാര്യ രേഷ്മയും രണ്ടു മക്കളും ചേർപ്പ് പെരിഞ്ചേരിയിലെ വാടകവീട്ടിലായിരുന്നു താമസം. ജോലിയിൽ സഹായിക്കാൻ മൻസൂർ ബംഗാളിൽ നിന്നെത്തിച്ച ധീരുവും 16 വയസ്സുകാരനായ കൂട്ടാളിയും ഇവർക്കൊപ്പമാണ് താമസിച്ചിരുന്നത്. രേഷ്മയും ധീരുവും തമ്മിൽ അടുപ്പത്തിലായതോടെ മൻസൂറിനെ കൊലപ്പെടുത്തി സ്വർണം തട്ടിയെടുത്തു കടന്നുകളയാൻ തീരുമാനിച്ചെന്നാണു കുറ്റപത്രം.
ഷോക്കടിപ്പിച്ചു കൊല്ലാനുള്ള പദ്ധതി പൊളിഞ്ഞതോടെ മദ്യം നൽകി മയക്കിയ ശേഷം ഇരുമ്പു പാര കൊണ്ടു തലയ്ക്കടിച്ചു കൊലപ്പെടുത്തുകയായിരുന്നു. ബാത്റൂമിൽ സൂക്ഷിച്ച മൃതദേഹം, കൂട്ടാളിയുടെയും രേഷ്മയുടെയും സഹായത്തോടെ അടുത്ത ദിവസം ധീരു വീടിനു പിന്നിൽ കുഴിച്ചുമൂടി. ഭർത്താവിനെ കാണാനില്ലെന്നുകാട്ടി രേഷ്മ പൊലീസിനു പരാതി നൽകുകയും ചെയ്തു.
പ്രാഥമിക അന്വേഷണത്തിൽ തന്നെ സംശയമുയർന്നതോടെ പൊലീസ് നടത്തിയ തിരച്ചിലിൽ മൃതദേഹം കുഴിച്ചിട്ട നിലയിൽ കണ്ടെത്തി. ചേർപ്പ് എസ്എച്ച്ഒ ഷിബുവിന്റെ നേതൃത്വത്തിൽ പ്രതികളെ പിടികൂടി കുറ്റപത്രം സമർപ്പിച്ചു. തെളിവു നശിപ്പിക്കാൻ ശ്രമിച്ചതിന് 5 വർഷം അധിക തടവു കൂടി വിധിച്ചിട്ടുണ്ട്. പ്രതികൾ കൈവശപ്പെടുത്തിയ സ്വർണം മൻസൂറിന്റെ മൂത്തമകൻ പ്രായപൂർത്തി ആകുന്ന സമയത്തു വിട്ടുനൽകാനും വിധിയിൽ പറയുന്നു. ജില്ലാ പബ്ലിക് പ്രോസിക്യൂട്ടർ കെ.ബി.സുനിൽ കുമാർ, അഡ്വ. ലിജി മധു എന്നിവർ പ്രോസിക്യൂഷനു വേണ്ടി ഹാജരായി.
