തളിപ്പറമ്പിൽ അഭിമാനപോരാട്ടം സിപിഎമ്മിനും ടി.കെ ഗോവിന്ദനും, ലോക്സഭാ വോട്ടുകണക്ക് ഞെട്ടിക്കുന്നത്
ചെങ്കോട്ടയായ കണ്ണൂരിലെ സിപിഎമ്മിന്റെ കരുത്തുറ്റ കോട്ടകളിലൊന്നാണ് തളിപ്പറമ്പ്. പതിറ്റാണ്ടുകളായി ഇളകാതെ നിൽക്കുന്ന പാർട്ടി കോട്ട. ഏത് കൊടുങ്കാറ്റിലും കൂടെ നിൽക്കുമെന്ന് സിപിഎം ഉറച്ചുവിശ്വസിക്കുന്ന മണ്ഡലം. ആ വിശ്വാസത്തിന്റെ മേലെയാണ് തിങ്കളാഴ്ച ടി.കെ. ഗോവിന്ദനെന്ന ജില്ലാ സെക്രട്ടേറിയറ്റംഗം കനൽ കോരിയിട്ടത്. പയ്യന്നൂരിന് പിന്നാലെ തളിപ്പറമ്പിലുമുണ്ടായ പൊട്ടിത്തെറി സിപിഎമ്മിനുണ്ടാക്കിയ ആഘാതം ചെറുതല്ല. അടിയൊഴുക്കുകൾ നേരിയ തോതിൽ പ്രകടമായി തുടങ്ങിയ തളിപ്പറമ്പിൽ ടി.കെ ഗോവിന്ദൻ സ്ഥാനാർഥിത്വം കൂടി പ്രഖ്യാപിച്ചതോടെ സിപിഎം മണ്ഡലത്തിൽ നേരിടുന്നത് വലിയ വെല്ലുവിളി. പി.കെ. ശ്യാമളയും ടി.കെ. ഗോവിന്ദനും നേർക്കുനേർ വരുമ്പോൾ പോരാട്ടം തീപാറുമെന്നുറപ്പ്.
സി.പി.എം. സംസ്ഥാനസെക്രട്ടറി എം.വി. ഗോവിന്ദന്റെ ഭാര്യയും ജനാധിപത്യ മഹിളാ അസോസിയേഷൻ നേതാവുമായ പി.കെ. ശ്യാമള തളിപ്പറമ്പ് മണ്ഡലത്തിൽ മത്സരിക്കുന്നതിനെച്ചൊല്ലിയാണ് പാർട്ടിയിൽ പൊട്ടിത്തെറിയുണ്ടായത്. നിലവിലെ തളിപ്പറമ്പ് എം.എൽ.എ.യായ എം.വി. ഗോവിന്ദന്റെ പിൻഗാമിയായി ഭാര്യ പി.കെ. ശ്യാമളയെ നിർദേശിച്ചതുമുതൽ തന്നെ പാർട്ടിയിൽ എതിർപ്പുണ്ടായിരുന്നു. ജില്ലാ സെക്രട്ടേറിയറ്റിലും ജില്ലാകമ്മിറ്റിയിലും മണ്ഡലംകമ്മിറ്റിയിലും കടുത്തവിയോജിപ്പുണ്ടായി. അതൊരു പൊട്ടിത്തെറിയിലേക്ക് നീങ്ങുമെന്ന് പാർട്ടി സ്വപ്നത്തിൽ പോലും പ്രതീക്ഷിച്ചതല്ല.
എം.വി. ഗോവിന്ദനും ശ്യാമളയ്ക്കുമെതിരേ കടുത്ത ആരോപണങ്ങളുന്നയിച്ചാണ് ടി.കെ. ഗോവിന്ദൻ പാർട്ടിവിടുന്ന കാര്യവും സ്ഥാനാർഥിത്വവും പ്രഖ്യാപിച്ചത്. തളിപ്പറമ്പിലെ വിമതനീക്കം നിരീക്ഷിക്കുകയായിരുന്ന കോൺഗ്രസിന്റെ പിന്തുണയുറപ്പാക്കിയാണ് അദ്ദേഹം പാർട്ടിക്കെതിരേ രംഗത്തുവന്നത്. സി.പി.എമ്മിന് എതിരില്ലാത്ത, പാർട്ടി കോട്ടയായ മലപ്പട്ടം സ്വദേശിയാണ് ഗോവിന്ദൻ. പയ്യന്നൂരിൽ പാർട്ടിയിൽനിന്ന് പുറത്താക്കിയ മുൻ ജില്ലാകമ്മിറ്റിയംഗം വി. കുഞ്ഞികൃഷ്ണൻ സ്വതന്ത്രനായി മത്സരിക്കുമെന്ന് പ്രഖ്യാപിച്ചതിന് തൊട്ടുപിന്നാലെയാണ് ടി.കെ. ഗോവിന്ദനും സ്ഥാനാർഥിത്വം പ്രഖ്യാപിച്ചത്.
അന്തിമപട്ടിക അംഗീകരിച്ച ജില്ലാകമ്മിറ്റി യോഗത്തിലും മണ്ഡലം യോഗത്തിലും ടി.കെ. ഗോവിന്ദൻ പങ്കെടുത്തിരുന്നില്ല. ടി.കെ. ഗോവിന്ദനെ തഴയാനായി തളിപ്പറമ്പ് സ്ത്രീകൾക്കായി സംവരണംചെയ്യാൻ പാർട്ടി തീരുമാനിച്ചെന്നും മറ്റെല്ലാ അഭിപ്രായങ്ങളും നിരാകരിച്ച് പാർട്ടി സെക്രട്ടറിയുടെ ഭാര്യയെ സ്ഥാനാർഥിയായി നിർദേശിക്കുകയായിരുന്നെന്നും പാർട്ടിക്കുള്ളിൽ അഭിപ്രായമുയർന്നിരുന്നു. ദീർഘകാലം തളിപ്പറമ്പ് മണ്ഡലത്തിലെ തിരഞ്ഞെടുപ്പുചുമതലക്കാരനായിരുന്ന ഗോവിന്ദന്റെ വിമതനീക്കം കടുപ്പമേറിയ പ്രതിസന്ധിയാകും സി.പി.എമ്മിനുണ്ടാക്കുക.
ബന്ധുത്വം പരിഗണിച്ചല്ല ശ്യാമള സ്ഥാനാർഥിയായതെന്ന് വിശദീകരിച്ചാണ് സിപിഎം വിഷയത്തെ പ്രതിരോധിച്ചത്. ബന്ധുത്വം ഉണ്ടായാലും ഇല്ലെങ്കിലും ഓരോ വ്യക്തിയും പാർട്ടിക്ക് നൽകുന്ന സംഭാവന, പ്രവർത്തനങ്ങൾ, ചുമതലകൾ ഇതെല്ലാം അടിസ്ഥാനപ്പെടുത്തി കൂടിയാണ് സ്ഥാനാർഥിയെ നിശ്ചയിക്കുന്നത്. അങ്ങനെയാണ് പി.കെ. ശ്യാമളും സ്ഥാനാർഥിയായതെന്ന് കെ.കെ. രാഗേഷ് പറഞ്ഞു.
പി.കെ. ശ്യാമള ടീച്ചർ പത്ത് നാൽപ്പത് വർഷക്കാലം കമ്മ്യൂണിസ്റ്റ് പൊതുജീവിതമുള്ള നേതാവാണ്. എസ്എഫ് ഐ ജില്ലാ ജോയിന്റ് സെക്രട്ടറി, ഡിവൈഎഫ്ഐ ജില്ലാ കമ്മിറ്റിയംഗം എന്നീ ചുതലകൾ നിർവഹിച്ചിരുന്നതായും രാഗേഷ് ചൂണ്ടിക്കാട്ടി. ടി.കെ ഗോവിന്ദന്റെ പേര് ജില്ലാ സെക്രട്ടേറിയറ്റിലോ ജില്ലാ കമ്മിറ്റിയിലോ ആരും പറഞ്ഞിട്ടില്ലെന്നും രാഗേഷ് കൂട്ടിച്ചേർത്തു. ടി.കെ. ഗോവിന്ദൻ കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫിന് വേണ്ടി വിടുപണി ചെയ്യുന്നുവെന്നും അദ്ദേഹം വിമർശിച്ചു. ഈ പ്രതിരോധം എത്രകണ്ട് ഫലം കാണുമെന്ന് കണ്ടുതന്നെയറിയണം.
ജില്ലയിൽ തന്നെ പയ്യന്നൂരിൽ വിമതശബ്ദമുയർത്തിയ കുഞ്ഞികൃഷ്ണൻ സ്ഥാനാർഥിയായി വരുന്നുണ്ടെങ്കിലും പയ്യന്നൂരിലെ സ്ഥിതിയല്ല തളിപ്പറമ്പിലേതെന്ന് പാർട്ടിക്ക് ബോധ്യമുണ്ട്. കഴിഞ്ഞ കുറച്ചുവർഷങ്ങളായി യുഡിഎഫിന്റെ മുന്നേറ്റം സിപിഎമ്മിനെ ആശങ്കപ്പെടുത്തുന്നതാണ്. നിയസഭാ തിരഞ്ഞെടുപ്പിൽ മണ്ഡലം കൈവിടാതെ ഒപ്പം നിർത്താൻ സാധിക്കുന്നുണ്ടെങ്കിലും ലോക്സഭാ തിരഞ്ഞെടുപ്പിലടക്കം യുഡിഎഫ് നടത്തുന്ന മുന്നേറ്റം വലിയ സൂചനയാണ്.
കഴിഞ്ഞ രണ്ട് ലോക്സഭാ തിരഞ്ഞെടുപ്പിലും സിപിഎമ്മിന്റെ ഈ ചെങ്കോട്ടയെ വിറപ്പിക്കാൻ യുഡിഎഫിന് കഴിഞ്ഞു. കണ്ണൂരിലെ കോൺഗ്രസ്സിന്റെ കരുത്തുറ്റ മുഖമായ കെ. സുധാകരൻ ഈ തിരഞ്ഞെടുപ്പുകളിൽ സിപിഎമ്മിനെ മറികടന്ന് ലീഡെടുത്തു. 2019-ലും 2024-ലുമാണ് സുധാകരൻ ഇടതുകോട്ടകളെ വിറപ്പിച്ചത്. കണ്ണൂർ ലോക്സഭാ മണ്ഡലത്തിൽ നിന്ന് സിപിഎമ്മിനെ ഞെട്ടിച്ചാണ് സുധാകരൻ വിജയിച്ചുകയറിയത്. 2019 ൽ ഒരു ലക്ഷത്തിനടുത്ത് ഭൂരിപക്ഷത്തിനാണ് അദ്ദേഹം പി കെ ശ്രീമതിയെ പരാജയപ്പെടുത്തിയത്. കേരളമൊന്നടങ്കം ആഞ്ഞടിച്ച യുഡിഎഫ് തരംഗത്തിന്റെ പ്രതിഫലനം കണ്ണൂരിലും കണ്ടു. ഇടതുകോട്ടകളെല്ലാം വീഴ്ത്തിയായിരുന്നു സുധാകരന്റെ മുന്നേറ്റം. കണ്ണൂർ, അഴീക്കോട്, പേരാവൂർ, ഇരിക്കൂർ മണ്ഡലങ്ങളിൽ വമ്പിച്ച ലീഡോടെ സുധാകരൻ മുന്നേറിയപ്പോൾ ചുവപ്പ് കോട്ടകളായ ധർമടത്തും മട്ടന്നൂരും സിപിഎമ്മിന്റെ ലീഡ് ഗണ്യമായി കുറഞ്ഞു. സിപിഎം അക്ഷരാർഥത്തിൽ ഞെട്ടിയത് തളിപ്പറമ്പിലാണ്. മണ്ഡലത്തിൽ 725 വോട്ടിന്റെ ലീഡെടുത്തായിരുന്നു സുധാകരന്റെ കുതിപ്പ്. 2016-ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ ജയിംസ് മാത്യു നാൽപ്പതിനായിരം വോട്ടുകൾക്ക് ജയിച്ച അതേ മണ്ഡലത്തിലാണ് യുഡിഎഫിന്റെ ഈ ലീഡ്.
2021-ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ ഈ മണ്ഡലങ്ങളിലെല്ലാം പഴയ പ്രതാപത്തിലേക്ക് തിരിച്ചെത്താൻ സിപിഎമ്മിനായിരുന്നു. എന്നാൽ മൂന്ന് വർഷങ്ങൾക്കിപ്പുറം വീണ്ടും ഇടതുകോട്ടകൾ ആടിയുലഞ്ഞു. 2024-ലെ ജനവിധി 2019നേക്കാൾ കടുത്ത പ്രഹരമാണ് സിപിഎമ്മിന് സമ്മാനിച്ചത്. ഉറച്ചകോട്ടകളായ മട്ടന്നൂരിൽ 3,034 വോട്ടിന്റെ ലീഡും ധർമടത്ത് 2,616 വോട്ടുകളുടെ ലീഡും മാത്രമാണ് സിപിഎമ്മിന് ലഭിച്ചത്. തളിപ്പറമ്പിലാകട്ടെ സിപിഎം വലിയ ഞെട്ടലിലായി. 8,787 വോട്ടുകളുടെ ലീഡാണ് യുഡിഎഫ് തളിപ്പറമ്പ് മണ്ഡലത്തിൽ നിന്ന് നേടിയത്. മണ്ഡലത്തിൽ നിന്ന് ഇങ്ങനെയൊരു തിരിച്ചടി പാർട്ടി പ്രതീക്ഷിച്ചിട്ടേയില്ല. 2025 ലെ തദ്ദേശ തിരഞ്ഞെടുപ്പിൽ പന്ത്രണ്ടായിരത്തിലധികം വോട്ടുകളുടെ ലീഡ് നേടാനായത് സിപിഎമ്മിന് ആശ്വാസം നൽകുന്നുണ്ട്. എന്നാൽ പ്രവർത്തനം ശക്തമാക്കിയാൽ മണ്ഡലം തിരിച്ചുപിടിക്കാമെന്ന പ്രതീക്ഷയിലാണ് കോൺഗ്രസ്.
അന്ന് പാർട്ടി തോറ്റു, മണ്ഡലം പിടിച്ച് കോൺഗ്രസ്
1957-ലെയും 60-ലെയും രണ്ട് നിയമസഭാതിരഞ്ഞെടുപ്പുകളിൽ തളിപ്പറമ്പ് മണ്ഡലമില്ല. 1965-ലെ മൂന്നാം തിരഞ്ഞെടുപ്പിൽ മണ്ഡലമുണ്ട്. സി.പി.എമ്മിലെ അഡ്വ. കെ.പി. രാഘവ പൊതുവാൾ തിഞ്ഞെടുക്കപ്പെടുകയും ചെയ്തു. പക്ഷേ, ആർക്കും കേവലഭൂരിപക്ഷമില്ലാഞ്ഞ് നിയമസഭ കൂടിയില്ല. അങ്ങനെ ആദ്യ മൂന്ന് തിരഞ്ഞെടുപ്പ് തളിപ്പറമ്പ് മണ്ഡലചരിത്രത്തിൽ അപ്രസക്തമായി. നാലാമത്തെ തിരഞ്ഞെടുപ്പ് 1967-ൽ വരുമ്പോൾ കമ്യൂണിസ്റ്റ് പാർട്ടി പിളർന്നിട്ട് മൂന്നുകൊല്ലമായി. എന്നാൽ സി.പി.എമ്മിനൊപ്പം സി.പി.ഐ.യും ചേർന്ന സപ്തകക്ഷി മുന്നണിയായാണ് അത്തവണ മത്സരിച്ചത്. മുന്നണിസ്ഥാനാർഥിയായി രണ്ടാമതും മത്സരിച്ച രാഘവ പൊതുവാൾ ഒമ്പതിനായിരത്തോളം വോട്ടിന് ജയിച്ചു.
പൊതുവാളിന് 56.41 ശതമാനം വോട്ട് കിട്ടിയപ്പോൾ തോറ്റ കോൺഗ്രസിലെ എൻ.സി. വർഗീസിന് 39.8 ശതമാനം വോട്ടാണ് കിട്ടിയത്. ഉത്തരകേരളത്തിലെ കോൺഗ്രസിന്റെ ആദ്യ നേതാക്കളിലൊരാളും കമ്യൂണിസ്റ്റ് പാർട്ടിയുടെ കർഷകപ്രസ്ഥാനത്തിന്റെ സ്ഥാപകനേതാവും പിന്നീട് കോൺഗ്രസുകാരനുമായ വി.എം. വിഷ്ണു ഭാരതീയൻ അന്ന് ജനസംഘത്തിൽ ചേർന്നിരുന്നു. ജനസംഘം സ്ഥാനാർഥിയായി മത്സരിച്ച ഭാരതീയന് 2.2 ശതമാനം വോട്ട് മാത്രമാണ് ലഭിച്ചത്. അദ്ഭുതം പക്ഷേ, 1970-ൽ നടന്ന അടുത്ത തിരഞ്ഞെടുപ്പിലായിരുന്നു. കോൺഗ്രസ് പിളർപ്പ് കഴിഞ്ഞ് മൂന്നുകൊല്ലം പിന്നിട്ടു. സംഘടനാ കോൺഗ്രസ് എന്ന വിളിപ്പേര് വീണ ഇന്ത്യൻ നാഷണൽ കോൺഗ്രസ് (ഓർഗനൈസേഷൻ) ആണ് ദേശീയപാർട്ടി. അന്ന് കേരള കോൺഗ്രസിന് പോലും ദേശീയപാർട്ടി പദവിയുണ്ട്.
ഇന്ത്യൻ നാഷണൽ കോൺഗ്രസ് എന്ന് പേരുള്ള ഇന്ദിരാ അനുകൂലികൾക്ക് പക്ഷേ, സംസ്ഥാനപദവി മാത്രം. ആ പക്ഷത്ത് സി.പി.ഐ. നിലയുറപ്പിച്ച സമയം. സി.പി.എമ്മിനുവേണ്ടി രാഘവ പൊതുവാൾ മൂന്നാമതും മത്സരത്തിനിറങ്ങുമ്പോൾ ആശങ്കയില്ല. പക്ഷേ, പ്രചാരണം കൊഴുത്തപ്പോൾ കോൺഗ്രസിന്റെ സി.പി. ഗോവിന്ദൻ നമ്പ്യാർ ഒരുപിടി മുന്നിൽ, ഫലം വന്നപ്പോഴും. 909 വോട്ടിന് ഗോവിന്ദൻ നമ്പ്യാർ ജയിച്ചുകയറി. ആകെ പോൾ ചെയ്ത 71516 വോട്ടിൽ ഗോവിന്ദൻ നമ്പ്യാർ 31435 വോട്ട് നേടിയപ്പോൾ രാഘവ പൊതുവാൾ 30526 വോട്ടിൽ രണ്ടാമതായി. മലയോരത്തെ കുടിയേറ്റ കർഷകൻ ചെറുനിലം സ്കറിയ കേരള കോൺഗ്രസിനുവേണ്ടി 6.78 ശതമാനം വോട്ട് നേടി സാന്നിധ്യമറിയിച്ച തിരഞ്ഞെടുപ്പായിരുന്നു അത്.
പിന്നെ വന്നത് 1977-ൽ അടിയന്തരാവസ്ഥയ്ക്കുശേഷമുള്ള തിരഞ്ഞെടുപ്പായിരുന്നു. സാക്ഷാൽ എം.വി. രാഘവൻ മണ്ഡലത്തിൽ മത്സരിക്കാനിറങ്ങി. ലോക്സഭാ തിരഞ്ഞെടുപ്പും ഒപ്പം നടക്കുന്നു. രാജ്യമാകെ ഇന്ദിരാവിരുദ്ധ തരംഗം. കേരളത്തിൽ പക്ഷേ, ലോക്സഭയും നിയമസഭയും കോൺഗ്രസ് മുന്നണി തൂത്തുവാരി. എന്നാൽ രാഘവനിലൂടെ സി.പി.എം. തളിപ്പറമ്പ് മണ്ഡലം തിരിച്ചുപിടിച്ചു. അപ്പോഴേക്കും സി.പി.എമ്മിൽനിന്ന് പുറത്തുപോയി ബോൾഷെവിക് പാർട്ടി രൂപവത്കരിച്ച കെ.പി.ആർ. ഗോപാലനും രംഗത്തുണ്ടായിരുന്നു. നേടിയത് പക്ഷേ, 1041 വോട്ട് മാത്രം. രാഘവൻ 36829 വോട്ടിന് മുന്നിലെത്തിയപ്പോൾ കോൺഗ്രസ് മുന്നണിയിലെ എൻ.ഡി.പി. സ്ഥാനാർഥി കെ. നാരായണൻ നമ്പ്യാർ 35304 വോട്ട് നേടി രണ്ടാം സ്ഥാനത്തായി. സി.പി. മൂസാൻകുട്ടിയാണ് 1980-ൽ സി.പി.എമ്മിനുവേണ്ടി ഇറങ്ങിയത്. അദ്ദേഹം 17000-ലേറെ വോട്ട് ഭൂരിപക്ഷത്തിൽ ടി.പി. ചന്ദ്രനെ തോൽപ്പിച്ച് നിയമസഭയിലെത്തി. 1982-ൽ രണ്ടാമത് മൂസാൻകുട്ടി ഇറങ്ങുമ്പോൾ കേരള കോൺഗ്രസിലെ പി.ടി. ജോസ് ആണ് ഐക്യമുന്നണിക്കുവേണ്ടി ഒരു കൈ നോക്കിയത്. മൂസാൻകുട്ടിയുടെ ഭൂരിപക്ഷം 11000 ആയി കുറഞ്ഞു.
സി.പി.എം. വിട്ട് എം.വി. രാഘവൻ സി.എം.പി. രൂപവത്കരിച്ചശേഷം നടന്ന 1987-ലെ തിരഞ്ഞെടുപ്പിൽ സി.പി. മൂസാൻ കുട്ടി മൂന്നാമതും ഇറങ്ങി. ഇക്കുറി സി.എം.പി.യെ പ്രതിനിധാനംചെയ്തത് യു.ഡി.എഫിനുവേണ്ടിയായിരുന്നു. കെ.കെ.എൻ. പരിയാരത്തെ നിർത്തി സി.പി.എം. മണ്ഡലം നിലനിർത്തി. പരിയാരത്തിന്റെ മരണത്തെതുടർന്ന് ഉപതിരഞ്ഞെടുപ്പ് നടന്ന 1989-ൽ വീറും വാശിയും പരകോടിയിലായിരുന്നു. കേന്ദ്രത്തിൽ രാജീവ് ഗാന്ധിയുടെ നേതൃത്വത്തിലുള്ള കോൺഗ്രസ് രണ്ടാമതും ജനവിധി തേടിയ ലോക്സഭാ തിരഞ്ഞെടുപ്പിനൊപ്പമായിരുന്നു ഉപതിരഞ്ഞെടുപ്പ്.
മലബാറിലെ ആദ്യകാല കമ്യൂണിസ്റ്റ് പാച്ചേനി കുഞ്ഞിരാമനെ ഇടതുമുന്നണിക്കുവേണ്ടി സി.പി.എം. രംഗത്തിറക്കിയപ്പോൾ പി. ബാലൻ മാസ്റ്റർ ആയിരുന്നു സി.എം.പി.ക്കുവേണ്ടി. ബി.ജെ.പി.ക്ക് സ്ഥാനാർഥിയുണ്ടായിരുന്നില്ല. ആറായിരത്തിലേറെ വോട്ടിന് പാച്ചേനി ജയിച്ചുകയറി. 1991-ൽ പാച്ചേനി വീണ്ടും ജയിച്ചു. ഇപ്പോഴത്തെ കോഴിക്കോട് ലോക്സഭാംഗം എം.കെ. രാഘവനെയാണ് അദ്ദേഹം 10000 ഓളം വോട്ടിന് തോൽപ്പിച്ചത്. 1996-ൽ എം.വി. ഗോവിന്ദന്റെ ഊഴമായിരുന്നു. അന്നത്തെ ഡി.സി.സി. പ്രസിഡന്റ് സതീശൻ പാച്ചേനിയെ 17000-ലേറെ വോട്ടിന് അദ്ദേഹം തോൽപ്പിച്ചു. 2001-ൽ വീണ്ടുമിറങ്ങിയപ്പോൾ 15000 വോട്ടിന് ജയിച്ചു. പരേതനായ ഐ.എൻ.ടി.യു.സി. നേതാവ് കെ. സുരേന്ദ്രനായിരുന്നു എതിരാളി.
സി.കെ.പി. പദ്മനാഭനാണ് 2006-ൽ സി.പി.എമ്മിനുവേണ്ടി മത്സരത്തിനിറങ്ങിയത്. കോൺഗ്രസിലെ ചന്ദ്രൻ തില്ലങ്കേരിയെ 19000 ഓളം വോട്ടിന് അദ്ദേഹം തോൽപ്പിച്ചു. പിന്നീടുള്ള രണ്ട് തിരഞ്ഞെടുപ്പിലും ജയിംസ് മാത്യുവാണ് സി.പി.എമ്മിനുവേണ്ടി മണ്ഡലം നിലനിർത്തിയത്. 2011-ൽ കേരള കോൺഗ്രസ് എമ്മിലെ ജോബ് മൈക്കിളിനെ അദ്ദേഹം 27537 വോട്ടിന് തോൽപ്പിച്ചു. 2016-ൽ രാജേഷ് നമ്പ്യാരെ 40009 വോട്ടിനും.
2021 ൽ എം.വി ഗോവിന്ദനിലൂടെയാണ് സിപിഎം മണ്ഡലം നിലനിർത്തിയത്. അന്ന് ഗോവിന്ദന്റെ ഭൂരിപക്ഷം 22,689 വോട്ടുകളായിരുന്നു. ഗോവിന്ദൻ സിപിഎം സംസ്ഥാന സെക്രട്ടറി സ്ഥാനത്തെത്തിയതോടെയാണ് ഇക്കുറി മത്സരിക്കാതെ മാറി നിന്നത്. പകരം ഭാര്യയും ജില്ലാ കമ്മിറ്റിയംഗവുമായ പി.കെ. ശ്യാമള തിരഞ്ഞെടുപ്പ് പോരാട്ടത്തിനിറങ്ങി. അതിന് പിന്നാലെയാണ് പാർട്ടിയെ വെട്ടിലാക്കുന്ന തരത്തിൽ കടുത്ത എതിർപ്പുകളും പൊട്ടിത്തെറികളുമുണ്ടാകുന്നത്. ഏതുവിധേനയും സീറ്റ് നിലനിർത്തുകയെന്നത് പാർട്ടിയെ സംബന്ധിച്ച് അഭിമാനപ്രശ്നമാണ്. തോൽവി സിപിഎമ്മിന് ചിന്തിക്കാൻ പോലുമാകില്ല. സ്വന്തം സ്ഥാനാർഥിയെ നിർത്താതെ സിപിഎം വിട്ട ടി.കെ. ഗോവിന്ദന് പിന്തുണ നൽകാനാണ് യുഡിഎഫ് തീരുമാനിച്ചിരിക്കുന്നത്.
