ഡോ.വന്ദന ദാസ് കൊലക്കേസ്; പ്രതി സന്ദീപ് കുറ്റക്കാരനെന്ന് കോടതി

Share our post

കൊല്ലം ∙ കൊട്ടാരക്കര താലൂക്ക് ആശുപത്രി അത്യാഹിത വിഭാഗത്തിൽ ഡ്യൂട്ടിക്കിടെ ഡോ.വന്ദന ദാസ് കുത്തേറ്റു മരിച്ച കേസിൽ പ്രതി സന്ദീപ് കുറ്റക്കാരനാണെന്ന് കൊല്ലം സെഷൻസ് കോടതി. പ്രതിക്കുള്ള ശിക്ഷ 19ന് വിധിക്കും. 

കൊട്ടാരക്കര താലൂക്ക് ആശുപത്രിയിൽ ഹൗസ് സർജനായിരുന്ന കോട്ടയം മുട്ടുചിറ കാളിപറമ്പ് കെ.ജി. മോഹൻദാസിന്റെയും വസന്തകുമാരിയുടെയും ഏക മകൾ ഡോ. വന്ദന ദാസ് (23)  2023 മേയ് 10ന് പുലർച്ചെയാണ് കുത്തേറ്റു മരിച്ചത്.

ചികിത്സയ്ക്കായി പൂയപ്പള്ളി പൊലീസ് താലൂക്ക് ആശുപത്രിയിൽ എത്തിച്ച സ്കൂൾ അധ്യാപകനായിരുന്ന വെളിയം ചെറുകരക്കോണം സ്വദേശി സന്ദീപ് (44) അക്രമാസക്തനായി ആശുപത്രിയിലെ സർജിക്കൽ കത്തി ഉപയോഗിച്ചു കുത്തിക്കൊലപ്പെടുത്തി എന്നാണു കേസ്. സന്ദീപിന്റെ ആക്രമണത്തിൽ 3 പൊലീസുകാർ ഉൾപ്പെടെ 5 പേർക്കു പരുക്കേറ്റിരുന്നു. കഴിഞ്ഞയാഴ്ച പ്രോസിക്യൂഷന്റെയും പ്രതിഭാഗത്തിന്റെയും അന്തിമവാദം പൂർത്തിയായിരുന്നു. സ്പെഷൽ പബ്ലിക് പ്രോസിക്യൂട്ടർ പ്രതാപ് ജി. പടിക്കൽ പ്രോസിക്യൂഷനു വേണ്ടി ഹാജരായി.

അക്രമം നടക്കുമ്പോൾ ഡോ.വന്ദന ദാസിനോടൊപ്പം കാഷ്വൽറ്റി ഡ്യൂട്ടിയിൽ ഉണ്ടായിരുന്ന ഡോ.മുഹമ്മദ് ഷിബിനായിരുന്നു ഒന്നാം സാക്ഷി. കേസിൽ 70ൽ ഏറെ സാക്ഷികളെ വിസ്തരിച്ചു. 207 രേഖകൾ ഹാജരാക്കി. അധ്യാപകനായിരുന്ന സന്ദീപിനെ കേസിന്റെ പശ്ചാത്തലത്തിൽ വിദ്യാഭ്യാസ വകുപ്പ് പുറത്താക്കി. ഏറെ കോളിളക്കം സൃഷ്ടിച്ച കേസിനെത്തുടർന്ന് ആരോഗ്യ പ്രവർത്തകരുടെ സംരക്ഷണം ഉറപ്പു വരുത്താനുള്ള നിയമ ഭേദഗതിയുണ്ടായി. കൂടാതെ, കർശന ശിക്ഷകൾ ഉൾപ്പെടുത്തിയാണ് നിയമം ഭേദഗതി ചെയ്തത്.

തുടക്കത്തിൽ ലോക്കൽ പൊലീസ് അന്വേഷിച്ച കേസ് പിന്നീട് കൊല്ലം റൂറൽ ക്രൈംബ്രാഞ്ച് ഡിവൈഎസ്പി എം.എം. ജോസിന്റെ നേതൃത്വത്തിലാണ് അന്വേഷണം പൂർത്തിയാക്കി 90 ദിവസത്തിനുള്ളിൽ കുറ്റപത്രം സമർപ്പിച്ചത്. പ്രതിഭാഗത്തിനായി ആദ്യം വക്കാലത്ത് ഏറ്റെടുത്തത് ബി.എ. ആളുരായിരുന്നു. അദ്ദേഹത്തിന്റെ മരണ ശേഷം വക്കാലത്ത് ഏറ്റെടുത്ത മനുവും മരിച്ചു. തുടർന്ന് ജോൺ എസ്. റാൽഫ് കേസ് ഏറ്റെടുത്തെങ്കിലും വൈകാതെ ഒഴിഞ്ഞു. ഇതോടെ വിചാരണ അനിശ്ചിതമായി വൈകി. ഇതിനെതിരെ ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥ ഡോ. കെ. പ്രതിഭ ഹൈക്കോടതിയെ സമീപിച്ചതോടെയാണ് പ്രതിഭാഗത്തിനായി പ്രതാപചന്ദ്രൻ പിള്ള ഹാജരായി വിചാരണ പൂർത്തിയാക്കിയത്. സന്ദീപിന്റെ മാനസിക നില തകരാറിലാണെന്ന വാദവുമായി പ്രതിഭാഗം സുപ്രീംകോടതിയെ സമീപിച്ചെങ്കിലും പ്രയോജനമുണ്ടായില്ല.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!