പോകാൻ സമയമായി അല്ലേ…’; ഹരീഷ് റാണയ്ക്ക് വിടനൽകി കുടുംബം

Share our post

ന്യൂഡൽഹി: ഇന്ത്യൻ നിയമചരിത്രത്തിൽ ആദ്യമായി സുപ്രീം കോടതി ദയാവധത്തിന് അനുമതി നൽകിയ ഹരീഷ് റാണയ്ക്ക് (31) കണ്ണീരോടെ വിട നൽകി കുടുംബം. 13 വർഷമായി അബോധാവസ്ഥയിൽ കഴിഞ്ഞിരുന്ന ഹരീഷിനെ, ജീവൻരക്ഷാ ഉപാധികൾ ഘട്ടംഘട്ടമായി നീക്കം ചെയ്യുന്ന നടപടികൾക്കായി ഡൽഹി എയിംസിലേക്ക് മാറ്റി. ഇതിന് മുന്നോടിയായി ഗാസിയാബാദിലെ വീട്ടിൽ നടന്ന വിടവാങ്ങൽ ചടങ്ങിന്റെ ദൃശ്യങ്ങൾ നോവായി മാറുകയാണ്.

2013 ഓഗസ്റ്റിൽ ബിടെക് വിദ്യാർഥിയായിരിക്കെ കെട്ടിടത്തിന് മുകളിൽ നിന്ന് വീണ് തലച്ചോറിന് ഗുരുതരമായി പരിക്കേറ്റ ഹരീഷ് അന്നുമുതൽ കോമയിലായിരുന്നു (കോമ). മകന്റെ തീരാവേദന കണ്ടുനിൽക്കാനാവാതെ മാതാപിതാക്കളായ അശോക് റാണയും കുടുംബവും നൽകിയ അപേക്ഷയിലാണ് ജസ്റ്റിസുമാരായ ജെ ബി പാർദിവാല, കെ വി വിശ്വനാഥൻ എന്നിവരടങ്ങിയ ബെഞ്ച് ദയാവധത്തിന് ഉത്തരവിട്ടത്.

‘എല്ലാവരോടും ക്ഷമിക്കുക, എല്ലാവരോടും ക്ഷമ ചോദിക്കുക. പോകാനുള്ള സമയമായി…’ വീട്ടിൽ നടന്ന വിടവാങ്ങൽ ചടങ്ങിനിടെ ബ്രഹ്മകുമാരി സഭയിലെ സിസ്റ്റര്‍ ഹരീഷിന്റെ നെറ്റിയിൽ തിലകം ചാർത്തിക്കൊണ്ട് പറഞ്ഞു.

അമ്മയുടെയും കുടുംബത്തിന്റെയും സാന്നിധ്യത്തിലായിരുന്നു യാത്രയയപ്പ്. ഹരീഷിനെ ഒരിക്കലും കൈവിടാതെ 13 വർഷം പരിചരിച്ച മാതാപിതാക്കളെ കോടതി നേരത്തെ അഭിനന്ദിച്ചിരുന്നു. ‘ഒരാളെ സ്നേഹിക്കുക എന്നത് സന്തോഷകാലത്ത് മാത്രമല്ല, അവരുടെ ഏറ്റവും സങ്കടകരവും ഇരുളടഞ്ഞതുമായ സമയത്തും അവരെ പരിപാലിക്കുക എന്നതാണ്.’ എന്നായിരുന്നു വിധി പ്രസ്താവിക്കവേ കോടതി നടത്തിയ നിരീക്ഷണം.

യുക്തിക്കും ശാസ്ത്രത്തിനും അപ്പുറം ‘സ്നേഹത്തിനും നഷ്ടത്തിനും വൈദ്യശാസ്ത്രത്തിനും കരുണയ്ക്കും ഇടയിലുള്ള ഒന്നാണ്’ ഈ തീരുമാനമെന്നും കോടതി വ്യക്തമാക്കിയിരുന്നു. മെഡിക്കൽ ബോർഡിന്റെ റിപ്പോർട്ട് പ്രകാരം, ഡൽഹി എയിംസിലെ ഡോക്ടർമാരുടെ മേൽനോട്ടത്തിൽ ജീവൻരക്ഷാ ഉപാധികൾ ഘട്ടംഘട്ടമായി പിൻവലിക്കുന്ന നടപടികൾ പുരോഗമിക്കുകയാണ്.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!