കെ സുധാകരന്റെ അനുയായിയും ഡിസിസി ജനറൽ സെക്രട്ടറിയുമായ രാഗേഷ് അറസ്റ്റിൽ
കണ്ണൂർ : ഡിസിസി ജനറൽ സെക്രട്ടറിയും കണ്ണൂരിലെ കോൺഗ്രസ് നേതാവുമായ കല്ലിക്കോടൻ രാഗേഷ് അറസ്റ്റിൽ. അനധികൃത പണമിടപാട് കേസിൽ തമിഴ്നാട് പൊലീസ് ആണ് രാഗേഷിനെ അറസ്റ്റ് ചെയ്തത്. സഹകരണ സംഘത്തിന്റെ അക്കൗണ്ടിലേക്ക് രണ്ട് തവണകളായി 2.22 കോടി രൂപ എത്തിയതാണ് കേസിന് തുടക്കം.
തമിഴ്നാട് സൈബർ ക്രൈം വിഭാഗം നടത്തിയ വിശദമായ അന്വേഷണത്തിനൊടുവിൽ കണ്ണൂരിലെത്തിയാണ് രാഗേഷിനെ അറസ്റ്റ് ചെയ്തത്. സൈബർ തട്ടിപ്പ് സംഘമാണ് ഈ തുക അയച്ചതെന്ന് പോലീസ് കണ്ടെത്തിയിരുന്നു.
തെരഞ്ഞെടുപ്പ് ചെലവുകൾക്കായി ഉപയോഗിക്കാനാണ് ഈ ഭീമമായ തുക അക്കൗണ്ടിലെത്തിയതെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം. കെപിസിസി പ്രസിഡന്റ് കെ സുധാകരന്റെ അടുത്ത അനുയായിയാണ് അറസ്റ്റിലായ രാഗേഷ്.
2012ൽ മണൽമാഫിയയുമായി ബന്ധമുള്ള കല്ലിക്കോടൻ രാഗേഷിനെയും ലോറിയേയും മണലുകടത്തലുമായി ബന്ധപ്പെട്ട് വളപ്പട്ടണം പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. അന്ന് സ്റ്റേഷനുള്ളിൽ സെല്ലിലായിരുന്ന രാഗേഷിനെ കെ സുധാകരൻ ബലമായി പിടിച്ചിറക്കിക്കിക്കൊണ്ടുപോയത് വൻ വിവാദമായിരുന്നു.
