ഔദ്യോഗിക പ്രഖ്യാപനത്തിന് പിന്നാലെ കെ.കെ.ശൈലജക്ക് വോട്ടഭ്യർഥിച്ച് പേരാവൂരിൽ പ്രചരണബോർഡുകൾ
പേരാവൂർ: നിയമസഭാ തിരഞ്ഞെടുപ്പിൽ പേരാവൂർ മണ്ഡലത്തിൽ എൽ.ഡി.എഫ് സ്ഥാനാർഥിയായി കെ.കെ.ശൈലജയുടെ പേര് ഔദ്യോഗികമായി പ്രഖ്യാപിച്ച് മിനുറ്റുകൾക്കകം വോട്ടഭ്യർഥിച്ച് പേരാവൂരിൽ പ്രചരണ ബോർഡുകൾ സ്ഥാപിച്ച് എൽ.ഡി.എഫ് പ്രവർത്തകർ. കെ.പി.സി.സി പ്രസിഡന്റ് സണ്ണി ജോസഫ് തന്നെയാണ് പേരാവൂരിൽ യു.ഡി.എഫ് സ്ഥാനാർഥിയെങ്കിലും ഔദ്യോഗിക പ്രഖ്യാപനം ഇനിയും വന്നിട്ടില്ല.
പേരാവൂരിലും പരിസര പ്രദേശങ്ങളിലും എൽ.ഡി.എഫ് പ്രചരണ ബോർഡുകൾ വ്യാപകമായി ഉയർന്നിട്ടുണ്ട്. മുൻ ആരോഗ്യ മന്ത്രിയും നിലവിലെ കെ.പി.സി.സി അധ്യക്ഷനും തമ്മിൽ നേർക്ക് നേർ പോരാട്ടം നടക്കുന്ന പേരാവൂരിൽ ഇക്കുറി കടുത്ത മത്സരം ഉറപ്പാണെന്ന് ഇരു മുന്നണികളും പറയുന്നു. പേരാവൂർ മണ്ഡലം തിരഞ്ഞെടുപ്പ് പ്രചരണത്തിന് തുടക്കം കുറിച്ച് കെ.കെ.ശൈലജയുടെ റോഡ് ഷോ തിങ്കളാഴ്ച നാലു മണിക്ക് ഇരിട്ടിയിൽ നടക്കും
