പകരത്തിന് പകരം; ഞെട്ടിത്തരിച്ച് നാട്, ഒരു വർഷത്തിനിടെ സിനിമാ സ്റ്റെെലിൽ രണ്ട് കൊലപാതകങ്ങൾ
കരുനാഗപ്പള്ളി: നാടിനെയാകെ ഞെട്ടിച്ചായിരുന്നു ജാമ്യത്തിലിറങ്ങിയ ഗുണ്ടാനേതാവ് അലുവ അതുലിൻെറ കൊലപാതകം. അതുൽ പ്രതിയായ ജിം സന്തോഷ് എന്ന സന്തോഷിന്റെ കൊലപാതകം നടന്ന് ഒരു വർഷം തികയാൻ ഏതാനും ദിവസങ്ങൾ മാത്രം ബാക്കി നിൽക്കേയാണ് സംഭവം അരങ്ങേറിയത്. രണ്ട് കൊലപാതകങ്ങളും നടന്നത് സിനിമാസ്റ്റെെലിൽ.
ഓച്ചിറ സ്വദേശിയായ പങ്കജിനെ കുത്തിക്കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ അറസ്റ്റിലായി ജാമ്യത്തിൽ കഴിയുന്നയാളായിരുന്നു ജിം സന്തോഷ്. 2025 മാർച്ച് 27 ന് പുലർച്ചെ രണ്ടേകാലോടെയാണ് വീട്ടിൽക്കയറി വെട്ടിക്കൊലപ്പെടുത്തിയത്. വീടിനുനേരെ ബോംബെറിഞ്ഞ ശേഷമാണ് അക്രമിസംഘം സന്തോഷിനെ വീട്ടിനകത്ത് കയറി വെട്ടിക്കൊന്നത്.
സംഭവസ്ഥലത്തെത്തിയ ഉടൻ ഇവർ സന്തോഷിന്റെ വീട്ടിലേക്ക് ബോംബെറിഞ്ഞു. പിന്നാലെ ഒരു വാതിൽ ചവിട്ടിത്തുറന്നു. ആ മുറിയിൽ സന്തോഷിന്റെ അമ്മ മാത്രമായിരുന്നു ഉണ്ടായിരുന്നത്. തൊട്ടുപിന്നാലെ അടുത്ത മുറിയുടെ വാതിലും ഇവർ ചവിട്ടിത്തുറന്നു. ആ മുറിയിലാണ് സന്തോഷ് ഉണ്ടായിരുന്നത്. ആദ്യംതന്നെ സന്തോഷിന്റെ കാല് ഇവർ വലിയ ചുറ്റിക ഉപയോഗിച്ച് തകർത്തു. അതിനുശേഷമാണ് കൈക്കുവെട്ടിയത്.
സന്തോഷിനെ ഗുരുതരമായി വെട്ടിപ്പരിക്കേൽപ്പിച്ച ശേഷം അക്രമികൾ കടന്നുകളയുകയായിരുന്നു. അക്രമികൾ പോയ ഉടൻ സന്തോഷ് ഒരു സുഹൃത്തിനെ വിളിച്ച് വിവരം പറഞ്ഞു. എന്നാൽ, സുഹൃത്ത് എത്തുമ്പോഴേക്കും വലിയ തോതിൽ രക്തംവാർന്നുപോയി ഗുരുതരാവസ്ഥയിലായിരുന്നു സന്തോഷ്. കരുനാഗപ്പള്ളി താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും അവിടെവെച്ച് മരണം സംഭവിക്കുകയായിരുന്നു.
കൊലപാതകം വഴിയാത്രക്കാർ നോക്കി നിൽക്കേ
ജിം സന്തോഷിന്റെ മരണത്തിന് പിന്നാലെ അലുവ അതുലടക്കം നാല് പേർ പിടിയിലായി. ജാമ്യത്തിലിറങ്ങിയ അതുലിനെ ഇന്ന് പോലീസ് സ്റ്റേഷനിൽ പോയി ഒപ്പിട്ട് വരുന്ന സമയത്താണ് കൊലപാതകം നടന്നത്. കാറിലെത്തിയ സംഘമാണ് കരുനാഗപ്പള്ളിയിൽ വെച്ച് അതുലിനെ ആക്രമിച്ചത്.
തിരക്കുള്ള റോഡിൽ വെച്ചാണ് അതുലിനെ അക്രമികൾ കാറിൽ നിന്ന് വലിച്ചിറക്കി വെട്ടിക്കൊലപ്പെടുത്തിയത്. ഇന്നോവയിലെത്തിയ സംഘം അതുൽ സഞ്ചരിച്ച കാറിലിടിക്കുകയായിരുന്നു. തുടർന്ന് ദേശീയപാതയുടെ പണി നടക്കുന്ന കുഴിയിലേക്ക് അതുലിന്റെ കാറിനെ വീഴ്ത്തിയശേഷം കൂട്ടമായി വടിവാൾ ഉപയോഗിച്ച് ആക്രമിക്കുകയായിരുന്നു.
കൊലപാതകത്തിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നു. പ്രതികൾക്കായി കൊല്ലം ജില്ലയിലെ എല്ലാ പൊലീസ് സ്റ്റേഷനുകളിലും ജാഗ്രതാ നിർദ്ദേശം നൽകി. ജില്ലാ പൊലീസ് മേധാവിയുടെ നേതൃത്വത്തിൽ അന്വേഷണം ഊർജിതമാക്കി.
