താലൂക്കാസ്പത്രിക്ക് നെഹ്രുവിന്റെ പേരിടുന്നതിനെ ചൊല്ലി തർക്കം; എൽ.ഡി.എഫ് അംഗങ്ങൾ യോഗത്തിൽ നിന്ന് ഇറങ്ങിപ്പോയി

Share our post

പേരാവൂർ: ബ്ലോക്ക് പഞ്ചായത്ത് ഭരണനിർവഹകരായ പേരാവൂർ താലൂക്കാസ്പത്രിക്ക് മുൻപുണ്ടായിരുന്ന പേര് പുനർനാമകരണം ചെയ്യുന്നതിനെ ചൊല്ലിയുണ്ടായ തർക്കത്തിൽ എൽ.ഡി.എഫ് അംഗങ്ങൾ ഭരണ സമിതി യോഗം ബഹിഷ്‌കരിച്ച് ഇറങ്ങിപ്പോയി. വെള്ളിയാഴ്ച ചേർന്ന അടിയന്തര യോഗത്തിലാണ് ആസ്പത്രിക്ക് നെഹ്രു സ്മാരക ആസ്പത്രി എന്ന് പുനർനാമകരണം ചെയ്യാനുള്ള അജണ്ട വെച്ചത്. ഇതിൽ പ്രതിഷേധിച്ച് എൽ.ഡി.എഫിന്റെ അഞ്ച് അംഗങ്ങളുംവിയോജനക്കുറിപ്പ് രേഖപ്പെടുത്തി യോഗം ബഹിഷ്‌കരിക്കുകയായിരുന്നു. അടിയന്തര യോഗം വിളിക്കേണ്ട സാഹചര്യമില്ലെന്ന് ആരോപിച്ചാണ് എൽ.ഡി.എഫ് അംഗങ്ങൾ യോഗത്തിൽ നിന്ന് ഇറങ്ങിപ്പോയത്.

1968-ൽ ബി.വെല്ലിങ്ങ്ട്ടൻ ആരോഗ്യമന്ത്രിയായിരുന്നപ്പോഴാണ് ആസ്പത്രിക്ക് നെഹ്രു സ്മാരക ആസ്പത്രി എന്ന് നാമകരണം ചെയ്തത്. എന്നാൽ, താലൂക്കാസ്പത്രിയായി ഉയർത്തിയതോടെ പേരാവൂർ താലൂക്കാസ്പത്രി എന്ന് മാത്രമാണ് രേഖകളിലുണ്ടായിരുന്നത്. കഴിഞ്ഞ 20 വർഷമായി ബ്ലോക്ക് പഞ്ചായത്ത് ഭരിച്ചിരുന്നത് എൽ.ഡി.എഫ് ആണ്. ഇത്തവണ ഭരണം യു.ഡി.എഫിന് ലഭിച്ചതോടെ ആസ്പത്രി മാനേജ്‌മെന്റ് കമ്മിറ്റി അഴിച്ചുപണിയുകയും പ്രഥമ എച്ച്.എം.സി യോഗത്തിൽ തന്നെ ആസ്പത്രിയുടെ പേരുമാറ്റം ചർച്ച ചെയ്യുകയും ചെയ്തിരുന്നു. എച്ച്.എം.സി യോഗത്തിൽ എൽ.ഡി.എഫ് അംഗങ്ങൾ പേരുമാറ്റത്തിൽ വിയോജനക്കുറിപ്പ് രേഖപ്പെടുത്തിയിരുന്നു.

ഇതേത്തുടർന്നാണ് വെള്ളിയാഴ്ച ബ്ലോക്ക് പഞ്ചായത്ത് ഭരണസമിതി അടിയന്തര യോഗം ചേർന്നത്. എൽ.ഡി.എഫ് അംഗങ്ങൾ ബഹിഷ്‌കരിച്ചെങ്കിലും ആസ്പത്രിക്ക് നെഹ്രു സ്മാരക ആസ്പത്രി എന്ന് പുനർനാമകരണം ചെയ്യാൻ യോഗത്തിൽ തീരുമാനമായിട്ടുണ്ട്. പുനർനാമകരണം ചെയ്യാൻ സർക്കാർ അനുമതി ആവശ്യമായതിനാൽ യോഗ തീരുമാനം ആരോഗ്യവകുപ്പിന് കൈമാറാനും യോഗത്തിൽ ധാരണയായി.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!