ഈ മാസം ഒരുലിറ്റര്‍ മണ്ണെണ്ണ കിട്ടും; വൈദ്യുതിയില്ലാത്തവര്‍ക്ക് നാലുലിറ്റര്‍
ആലപ്പുഴ: വൈദ്യുതിയുള്ള വീട്ടുകാർക്ക് റേഷൻകടകളിലൂടെ ഒരു ലിറ്റർ മണ്ണെണ്ണ ഈ മാസം നൽകും. ഇല്ലാത്തവർക്ക് നാലു ലിറ്ററും. കേന്ദ്രം അനുവദിച്ച മണ്ണെണ്ണ കെട്ടിക്കിടക്കുന്ന സാഹചര്യത്തിലാണ് മൂന്നുമാസത്തിലൊരിക്കൽ നൽകിയിരുന്നത് ഒരുമാസം കൊണ്ട് വിറ്റഴിക്കാൻ തീരുമാനിച്ചത്.
2025-26 സാമ്പത്തികവർഷത്തിന്റെ നാലാംപാദത്തിൽ അനുവദിച്ച മണ്ണെണ്ണ ജനുവരി, ഫെബ്രുവരി മാസങ്ങളിൽ വാങ്ങിയവർക്കും വാങ്ങാത്തവർക്കും നൽകും. ഓരോ താലൂക്കിലെയും ലഭ്യത അനുസരിച്ചായിരിക്കുമിത്. മാർച്ച് 31-നു മുൻപ് വിതരണം പൂർത്തിയാക്കാനാണ് ഭക്ഷ്യവകുപ്പ് സപ്ലൈ ഓഫീസർമാർക്ക് നൽകിയിട്ടുള്ള നിർദേശം. അല്ലാത്തപക്ഷം സംസ്ഥാനത്തിന് അനുവദിച്ച മണ്ണെണ്ണ നഷ്ടമാകും.
പല താലൂക്കുകളിലും മണ്ണെണ്ണ വിതരണത്തിനു മൊത്തവിൽപ്പനശാലകളില്ല. അതിനാൽ, അവിടങ്ങളിലെ റേഷൻകടക്കാർക്ക് മറ്റു താലൂക്കുകളിൽ പോയി മണ്ണെണ്ണ ഏറ്റെടുക്കേണ്ട സാഹചര്യമായിരുന്നു. ഭാരിച്ച ചെലവുകാരണം പലരും ദൂര സ്ഥലങ്ങളിൽപ്പോയി മണ്ണെണ്ണയെടുക്കാൻ തയ്യാറായില്ല. അതിനാൽ മൂന്നുമാസത്തിലൊരിക്കൽ അനുവദിക്കുന്ന മണ്ണെണ്ണ പല കാർഡുടമകൾക്കും കിട്ടിയിരുന്നില്ല. ഇതോടെയാണ് മണ്ണെണ്ണ കെട്ടിക്കിടക്കുന്ന സാഹചര്യമുണ്ടായത്.
ഈ മാസത്തെ വിഹിതവും റേഷൻകടക്കാരെല്ലാം ഏറ്റെടുക്കാൻ തയ്യാറായാലേ മുഴുവൻ കാർഡുടമകൾക്കും മണ്ണെണ്ണ കിട്ടൂ. അല്ലെങ്കിൽ, സംസ്ഥാനത്തെ ഏതു റേഷൻ കടയിൽനിന്നും സാധനങ്ങൾ വാങ്ങാനുള്ള പോർട്ടബിലിറ്റി സംവിധാനം കാർഡുടമകൾ മണ്ണെണ്ണ വാങ്ങാനും പ്രയോജനപ്പെടുത്തണം.
