മട്ടന്നൂർ നൽകില്ല, മത്സരിക്കുന്നെങ്കിൽ ശൈലജ പേരാവൂരിൽ, സുധാകരനും സുരേഷ് കുറുപ്പുമില്ല

Share our post

തിരുവനന്തപുരം: കണ്ണൂരിൽനിന്നുള്ള പട്ടികയിൽ ഇടംകണ്ടെത്താതിരുന്ന കെ.കെ. ശൈലജയെ മത്സരിപ്പിക്കാൻ സി.പി.എം. സംസ്ഥാന സെക്രട്ടേറിയറ്റ് തീരുമാനിച്ചു. എന്നാൽ, നിലവിൽ ശൈലജ പ്രതിനിധാനംചെയ്യുന്ന മട്ടന്നൂർ സീറ്റ് അവർക്ക് നൽകില്ല. പകരം, കെ.പി.സി.സി. പ്രസിഡന്റ് സണ്ണി ജോസഫ് മത്സരിക്കുന്ന പേരാവൂരിൽ ശൈലജ മത്സരിക്കട്ടേയെന്നാണ് തീരുമാനം.

ജില്ലകളിൽനിന്നുള്ള പട്ടികയിൽ ചില തിരുത്തലുകളും സെക്രട്ടേറിയറ്റ് നിർദേശിച്ചിട്ടുണ്ട്. സെക്രട്ടേറിയറ്റ് യോഗത്തിൽ മണ്ഡലം മാറുന്നതിനോട് ശൈലജ വിയോജിപ്പ് അറിയിച്ചെന്നാണ് സൂചന. ശൈലജയെപ്പോലുള്ള ഒരു മുതിർന്നനേതാവിറങ്ങി പിടിച്ചെടുക്കേണ്ട മണ്ഡലമാണ് പേരാവൂരെന്ന നിലപാട് മറ്റുചില നേതാക്കൾ എടുത്തെന്നാണ് വിവരം. പാർട്ടിക്ക് വിജയം ഉറപ്പാണെന്ന് കരുതുന്ന മണ്ഡലങ്ങളിൽ രണ്ടുടേം വ്യവസ്ഥ നിർബന്ധമായും പാലിക്കും. 23 എം.എൽ.എ.മാർക്കാണ് രണ്ടു ടേം വ്യവസ്ഥ ബാധകമാകുന്നത്. എന്നാൽ, ജയിക്കാൻ ഇവരിലാരെങ്കിലും വീണ്ടും മത്സരിക്കേണ്ടതുണ്ടെന്ന സാഹചര്യമുള്ള മണ്ഡലങ്ങളിൽ ടേം വ്യവസ്ഥയിൽ ഇളവുനൽകും. ഇതനുസരിച്ചാണെങ്കിൽ, തലശ്ശേരിയിൽ സ്പീക്കർ എ.എൻ. ഷംസീറും മത്സരിക്കാനിടയില്ല.

സുധാകരനെ പരിഗണിക്കുന്നില്ല

മുതിർന്ന നേതാവ് ജി. സുധാകരനെ മത്സരിപ്പിക്കുന്നത് പരിഗണനയിലുണ്ടോയെന്ന ചോദ്യത്തിന്, ഒരു പരിഗണനയുമില്ലെന്നായിരുന്നു പത്രസമ്മേളനത്തിൽ സംസ്ഥാനസെക്രട്ടറി എം.വി. ഗോവിന്ദന്റെ മറുപടി. കോട്ടയത്ത് സുരേഷ് കുറുപ്പിനെയും പരിഗണിക്കുന്നില്ല. പൊളിറ്റ് ബ്യൂറോയിൽനിന്ന് പിണറായി വിജയൻ മാത്രമാണ് മത്സരരംഗത്തുണ്ടാകുക.

തളിപ്പറമ്പിൽ പി.കെ. ശ്യാമള മത്സരിക്കുന്ന കാര്യത്തിലും തീരുമാനമായിട്ടില്ല. ജില്ലാസെക്രട്ടറിമാർ മത്സരിക്കുന്നുണ്ടെങ്കിൽ, അവർ സംഘടനാചുമതലയിൽനിന്ന് മാറും. മാർച്ച് നാലിനകം ഘടകകക്ഷികളുമായുള്ള ചർച്ച പൂർത്തിയാക്കും. അഞ്ചിന് ചേരുന്ന സംസ്ഥാനകമ്മിറ്റി സ്ഥാനാർഥിപ്പട്ടികയ്ക്ക് അംഗീകാരം നൽകും. ജില്ലാ-മണ്ഡലം തലത്തിലുള്ള പരിശോധനയ്ക്കുശേഷം മാർച്ച് എട്ടിന് സ്ഥാനാർഥികളെ പ്രഖ്യാപിക്കാനാകുമെന്നാണ് കരുതുന്നത്.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!