ഒ. പനീർശെൽവം ഡിഎംകെയിൽ; തമിഴ്‌നാട് രാഷ്ട്രീയത്തിൽ നിർണായക നീക്കം
ചെന്നൈ: എഐഎഡിഎംകെയിൽനിന്ന് പുറത്താക്കപ്പെട്ട തമിഴ്‌നാട് മുൻ മുഖ്യമന്ത്രി ഒ. പനീർശെൽവം ഡിഎംകെയിൽ ചേർന്നു. വെള്ളിയാഴ്ച ചെന്നൈയിലെ ഡിഎംകെ ആസ്ഥാനത്തെത്തിയ ഒ. പനീർശെൽവത്തെ മുഖ്യമന്ത്രി എം.കെ. സ്റ്റാലിനും മറ്റു മന്ത്രിമാരും ചേർന്ന് സ്വീകരിച്ചു. തുടർന്നാണ് ഒപിഎസ് ഔദ്യോഗികമായി ഡിഎംകെയിൽ അംഗമായത്.
ഡിഎംകെയിൽ ചേരുന്നതിന് മുന്നോടിയായി സ്റ്റാലിൻ സർക്കാരിനെ അഭിനന്ദിച്ച് സംസാരിച്ച ഒപിഎസ്, ഡിഎംകെ വീണ്ടും അധികാരത്തിൽ വരുമെന്നും പറഞ്ഞു. അഞ്ചുവർഷത്തെ ഭരണത്തിലൂടെ മുഖ്യമന്ത്രി കൈവരിച്ച നേട്ടങ്ങൾ ജനങ്ങളുടെ മനസ്സുകളിൽ ആഴത്തിൽ പതിഞ്ഞിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി തമിഴ്‌നാട്ടിൽ നടക്കുന്ന സുപ്രധാന രാഷ്ട്രീയനീക്കമാണ് ഒപിഎസിന്റെ ഡിഎംകെ പ്രവേശം. എഐഎഡിഎംകെയിൽ തിരിച്ചെത്താനുള്ള വഴികളടഞ്ഞതോടെ ഒപിഎസ്സും ഡിഎംകെ നേതൃത്വവും തമ്മിൽ അടുത്തിടെ ചർച്ചകൾ നടത്തിയിരുന്നു. ഇതിനുപിന്നാലെ ഒപിഎസ് ഡിഎംകെയിൽ ചേരുമെന്ന അഭ്യൂഹവും ശക്തമായി. കഴിഞ്ഞദിവസം മന്ത്രി പി.കെ. ശേഖർബാബുവിന്റെ നേതൃത്വത്തിലും ഒപിഎസ്സുമായി ചർച്ചനടത്തി. തുടർന്നാണ് വെള്ളിയാഴ്ച എം.കെ. സ്റ്റാലിന്റെ സാന്നിധ്യത്തിൽ ഒപിഎസ് ഡിഎംകെയിൽ അംഗമായത്.
നിയമസഭാ തിരഞ്ഞെടുപ്പിൽ തേനിയിലെ ബോഡിനായ്ക്കന്നൂർ നിയോജകമണ്ഡലത്തിൽനിന്ന് ഒ.പനീർശെൽവം ഡിഎംകെ സ്ഥാനാർഥിയായി മത്സരിക്കുമെന്നാണ് വിവരം. ഒപിഎസ് പാർട്ടിയുടെ ഭാഗമായതോടെ തമിഴ്‌നാടിന്റെ തെക്കൻമേഖലയിൽ തങ്ങളുടെ കരുത്ത് വർധിപ്പിക്കാനാകുമെന്നാണ് ഡിഎംകെയുടെ കണക്കുക്കൂട്ടൽ. തേവർ വിഭാഗത്തിന് ഭൂരിപക്ഷമുള്ള മേഖലകളിൽ ഒപിഎസ്സിന്റെ സാന്നിധ്യം പാർട്ടിക്ക് മുതൽക്കൂട്ടാകുമെന്നും ഡിഎംകെ നേതൃത്വം കരുതുന്നു.
മൂന്ന് തവണ തമിഴ്‌നാട് മുഖ്യമന്ത്രിയായിരുന്ന ഒ. പനീർശെൽവം ജയലളിതയുടെ വിശ്വസ്തനായ നേതാവായിരുന്നു. ജയലളിതയുടെ മരണത്തിന് പിന്നാലെയാണ് എഐഎഡിഎംകെയിൽ ഒപിഎസ്സും എടപ്പാടി കെ. പളനിസ്വാമിയും തമ്മിൽ അധികാരവടംവലി രൂക്ഷമായത്. പളനിസ്വാമിയുമായുള്ള തർക്കത്തെ തുടർന്ന് എഐഎഡിഎംകെയിൽനിന്ന് പുറത്താക്കപ്പെട്ട ഒപിഎസ് പിന്നീട് പാർട്ടിയിൽ തിരിച്ചെത്താൻ അനുനയത്തിന് ശ്രമിച്ചെങ്കിലും ഫലംകണ്ടില്ല. ഒ. പനീർശെൽവത്തെ തിരിച്ചെടുക്കാനുള്ള നീക്കങ്ങളെ പളനിസ്വാമി ശക്തമായി ചെറുത്തിരുന്നു. ഇതോടെ ബിജെപി നേതൃത്വത്തെ സമീപിച്ച് സമ്മർദം ചെലുത്താനും ഒപിഎസ്സ് ശ്രമിച്ചിരുന്നു.
