297 വീടുകളുടെ വാർപ്പ് പൂർത്തിയായി,ടൗൺഷിപ്പിൽ അത്യാധുനിക റോഡുകൾ; അങ്കണവാടിയും പൊതുമാർക്കറ്റുമുണ്ടാകും

Share our post

കല്പറ്റ: മുണ്ടക്കൈ-ചൂരൽമല ഉരുൾപൊട്ടൽ ദുരിതബാധിതരുടെ പുനരധിവാസത്തിനായി എൽസ്റ്റൺ എസ്റ്റേറ്റിൽ നിർമിക്കുന്ന ടൗൺഷിപ്പിൽ വീടു നിർമാണത്തിനൊപ്പം പ്രധാനറോഡുകളുടെ പ്രവൃത്തിയും പുരോഗമിക്കുന്നു. സിമന്റ് ട്രീറ്റഡ് ബെയ്സ് (സി.പി.ടി.) സാങ്കേതിക വിദ്യയിൽ അത്യാധുനിക നിലവാരത്തിലാണ് റോഡുകൾ നിർമിക്കുന്നത്. പ്രധാന കവാടത്തിലൂടെ 12.65 മീറ്റർ വീതിയുള്ള റോഡും രണ്ടു ഉപകവാടങ്ങളിലൂടെ 9.5 മീറ്റർ വീതിയുള്ള റോഡുകളുമാണ് നിർമാണം നടക്കുന്നത്.

നാലുപാളികളായാണ് റോഡുകൾ നിർമിക്കുന്നത്. ആദ്യം റോളർ ഉപയോഗിച്ച് മണ്ണ് ഉറപ്പിച്ച് ആദ്യപാളി തയ്യാറാക്കും. ഉറപ്പിച്ച മണ്ണിൽ ജി.എസ്.ബി. നിരത്തി ഫുൾ ഡെപ്ത് റിക്ലമേഷൻ‌ (എഫ്.ഡി.ആർ.) യന്ത്രം ഉപയോഗിച്ച് മണ്ണും സിമന്റും കെമിക്കലും ചേർത്ത് 25 സെന്റിമീറ്റർ കനത്തിൽ രണ്ടാംപാളി കോൺക്രീറ്റ് ചെയ്യും. ഇതിന്റെ പ്രവൃത്തിയാണ് ഇപ്പോൾ പുരോഗമിക്കുന്നത്. രണ്ടാം പാളിക്ക് മുകളിൽ കല്ലു നിരത്തി മൂന്നാംപാളിയൊരുക്കും. നാലാംപാളിയിൽ ബിറ്റുമിനസ് കോൺക്രീറ്റ് (ബി.സി.) ടാറിങ്ങും നടത്തും.

ആകെ 11.423 കിലോമീറ്റർ റോഡാ ണ് ടൗൺഷിപ്പിൽ നിർമിക്കുന്നത്. 12.65 മീറ്റർ വീതിയുള്ള പ്രധാനപാതയ്ക്ക് 1100 മീറ്ററാണ് ദൈർഘ്യം. 9.5 മീറ്റർ വീതിയുള്ള റോഡ് 2.770 കിലോ മീറ്ററാണ് ഉണ്ടാവുക.

ഇട റോഡുകളായി കണക്കാക്കുന്ന റോഡിന് 5.8 മീറ്ററാണ് വീതി. 7.533 കിലോമീറ്റർ ദൈർഘ്യത്തിലാണ് ഈ റോഡുകൾ നിർമിക്കുന്നത്. റോഡ് നിർമാണത്തിനൊപ്പം തന്നെ ഓവുചാലിന്റെ പ്രവൃത്തിയും നടക്കുന്നുണ്ട്.

297 വീടുകളുടെ വാർപ്പ് പൂർത്തിയായി

ടൗൺഷിപ്പിൽ ഇതുവരെ 297 വീടുകളുടെ വാർപ്പ് പൂർത്തിയായി. അഞ്ചു സോണുകളിലായി 410 വീടുകളാണ് നിർമിക്കുന്നത്. 1662-ലധികം ആളുകൾക്കാണ് ടൗൺഷിപ്പ് തണലാവുക. ഏഴു സെന്റിൽ 1000 ചതുരശ്ര അടിയിലാണ് വീടുകൾ ഒരുങ്ങുന്നത്. രണ്ടുകിടപ്പു മുറികൾ, അടുക്കള, ലിവിങ് റൂം, ഡൈനിങ് റൂം, സ്റ്റഡി ഏരിയ, വർക്ക് ഏരിയ എന്നിവയുണ്ട്. കിടപ്പുമുറികളിൽ ഒന്നിൽ അറ്റാച്ച്ഡ് ബാത്ത്‌ റൂമും ഉണ്ട്. ഇതുകൂടാതെ ഒരു കോമൺ ടോയ്‍ലറ്റും ഉണ്ട്. പ്രകൃതി ദുരന്തങ്ങളെ പ്രതിരോധിക്കും വിധമാണ് വീടുകൾ രൂപകല്പന ചെയ്തിരിക്കുന്നത്. ആരോഗ്യ കേന്ദ്രം, അങ്കണവാടി, പൊതുമാർക്കറ്റ്, കമ്യൂണിറ്റി സെന്ററുകൾ എന്നിവയും ടൗൺഷിപ്പിന്റെ ഭാഗമാണ്. ആരോഗ്യകേന്ദ്രത്തിൽ ലബോറട്രി, ഫാർമസി, പരിശോധന-വാക്സിനേഷൻ-ഒബ്‌സർവേഷൻ മുറികൾ, ഒ.പി., ടിക്കറ്റ് കൗണ്ടർ സൗകര്യങ്ങളും സജ്ജീകരിക്കും. പൊതു മാർക്കറ്റിൽ കടകൾ, സ്റ്റാളുകൾ, ഓപ്പൺ മാർക്കറ്റ്, കുട്ടികൾക്ക് കളിസ്ഥലം, പാർക്കിങ് എന്നിവ ഒരുക്കും. മൾട്ടിപർപ്പസ് ഹാൾ, കളിസ്ഥലം, ലൈബ്രറി, സ്പോർട്‌സ് ക്ലബ്, ഓപ്പൺ എയർ തിയേറ്റർ എന്നിവ കമ്യൂണിറ്റി സെന്ററിൽ നിർമിക്കും. സോളാർ, മെമ്മോറിയൽ, എം.സി.എഫ്. എന്നിവയുണ്ടാകും. ഊരാളുങ്കൽ ലേബർ കോ-ഓപ്പറേറ്റീവ് സൊസൈറ്റിക്കാണ് നിർമാണച്ചുമതല.

സംഘാടകസമിതി രൂപവത്കരണയോഗം

ടൗൺഷിപ്പിന്റെ ഒന്നാംഘട്ട ഉദ്ഘാടനത്തിന്റെ ഭാഗമായി മന്ത്രി ഒ.ആർ. കേളുവിന്റെ അധ്യക്ഷതയിൽ മേപ്പാടി എം.എസ്.എ. ഓഡിറ്റോറിയത്തിൽ വെള്ളിയാഴ്ച രാവിലെ 10-ന് സംഘാടകസമിതി രൂപവത്കരണയോഗം ചേരും. യോഗത്തിൽ എം.എൽ.എമാരായ ടി. സിദ്ദിഖ്, ഐ.സി. ബാലകൃഷ്ണൻ, പ്രിയങ്കാഗാന്ധി എം.പി., ജില്ലാപഞ്ചായത്ത് പ്രസിഡന്റ് ചന്ദ്രികാകൃഷ്ണൻ, കളക്ടർ ഡി.ആർ. മേഘശ്രീ, കല്പറ്റ നഗരസഭാധ്യക്ഷൻ പി. വിശ്വനാഥൻ, മേപ്പാടി ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് റംല ഹംസ, ടൗൺഷിപ്പ് ചീഫ് ഓപ്പറേറ്റിങ് ഓഫീസർ ജെ.ഒ. അരുൺ തുടങ്ങിയവർ പങ്കെടുക്കും.

ഒന്നാംഘട്ട ഗുണഭോക്താക്കളുടെ നറുക്കെടുപ്പ് ഇന്ന്

ആദ്യഘട്ടത്തിൽ ഉൾപ്പെട്ട ഗുണഭോക്താക്കൾക്ക് ടൗൺഷിപ്പിലെ വീടുകൾ നൽകുന്നതിനുള്ള നറുക്കെടുപ്പ് വെള്ളിയാഴ്ച രാവിലെ 11-ന് മേപ്പാടി എം.എസ്.എ. ഓഡിറ്റോറിയത്തിൽ നടക്കും. മന്ത്രി ഒ.ആർ. കേളുവിന്റെ നേതൃത്വത്തിലാണ് നറുക്കെടുപ്പ് നടക്കുക. 178 ഗുണഭോക്താക്കളും നറുക്കെടുപ്പിൽ പങ്കെടുക്കും. നറുക്കെടുപ്പിനെത്തുന്ന ഗുണഭോക്താക്കൾ ദുരന്തബാധിത സ്മാർട്ട് കാർഡ്, ആധാർ കാർഡ്, റേഷൻ കാർഡ് എന്നിവ കൊണ്ടുവരണം.

മുണ്ടക്കൈ-ചൂരൽമല ഉരുൾപൊട്ടൽ ദുരിതബാധിതർക്കായുള്ള ടൗൺഷിപ്പിെല ആദ്യഘട്ടം വീടുകൾ കൈമാറുന്ന ചടങ്ങിൽ മന്ത്രിമാരായ ഒ.ആർ. കേളു, റോഷി അഗസ്റ്റിൻ, എ.കെ. ശശീന്ദ്രൻ, കടന്നപ്പള്ളി രാമചന്ദ്രൻ, കെ.ബി. ഗണേഷ്‌കുമാർ, പി.എ. മുഹമ്മദ് റിയാസ്, പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ, പ്രതിപക്ഷ ഉപനേതാവ് പി.കെ. കുഞ്ഞാലിക്കുട്ടി, പ്രിയങ്കാഗാന്ധി എം.പി., ടി. സിദ്ദിഖ് എം.എൽ.എ. തുടങ്ങിയവർ പങ്കെടുക്കും.

ടൗൺഷിപ്പിൽ വീട് നൽകുന്നവർക്ക് ഏഴ് സെന്റ് സ്ഥലത്തിെന്റ പട്ടയം, വൈദ്യുതി-കുടിവെള്ള കണക്‌ഷൻ എന്നിവ ഉറപ്പാക്കിയാണ് കൈമാറുന്നത്. ആദ്യഘട്ടത്തിൽ കൈമാറുന്ന വീടുകളിലെ വൈദ്യുതി-കുടിവെള്ള കണക്‌ഷൻ കളക്ടറുടെ പേരിലാണ് അനുവദിക്കുക.

നിലവിൽ കളക്ടറുടെ പേരിൽ അനുവദിക്കുന്ന കണക്‌ഷനുകളുടെ തുക ജില്ലാ ഭരണകൂടം അടയ്ക്കും. ടൗൺഷിപ്പിൽ നിർമിക്കുന്ന 410 വീടുകളുടെയും പ്രവൃത്തി പൂർത്തീകരിക്കുന്നമുറയ്ക്ക് ഗുണഭോക്താക്കളുടെ വ്യക്തിഗത പേരിലേക്ക് കണക്‌ഷൻ മാറ്റിസ്ഥാപിക്കാനുള്ള സാക്ഷ്യപത്രം കൈമാറും.‌


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!