പുതിയ മദ്യത്തിന് പേരിടൽ കോടതി അനുമതിയോടെ; ബ്രാൻഡ് രജിസ്‌ട്രേഷൻ ഉടൻ പൂർത്തിയാക്കും

Share our post

പാലക്കാട്: സംസ്ഥാന സർക്കാരിന്റെ രണ്ടാമത്തെ മദ്യോത്പാദന കമ്പനിയായ മലബാർ ഡിസ്റ്റിലറീസിൽ മദ്യനിർമാണത്തിനുള്ള ബ്രാൻഡ് രജിസ്‌ട്രേഷൻ നടപടി അന്തിമഘട്ടത്തിൽ. ഇതോടൊപ്പം എക്‌സൈസ് അനുമതിയും ഉടൻ ലഭ്യമാകുമെന്ന് ബിവറേജസ് കോർപറേഷൻ അധികൃതർ പറഞ്ഞു. തിരുവല്ല ട്രാവൻകൂർ ഷുഗേഴ്‌സ് ആൻഡ് കെമിക്കൽസിൽ നിർമിക്കുന്ന വിലകുറഞ്ഞ ഇന്ത്യൻനിർമിത വിദേശമദ്യമാണ് (ഐ.എം.എഫ്.എൽ.) ‘ജവാൻ’ ബ്രാൻഡി. ഇതിന്റെ ചുവടുപിടിച്ചാണ് ബിവറേജസ് കോർപറേഷനുകീഴിൽ വിലകുറഞ്ഞ പുതിയ ബ്രാൻഡ് മലബാർ ഡിസ്റ്റിലറീസിൽ നിർമിക്കാനൊരുങ്ങുന്നത്. മദ്യത്തിന് പേരും ലോഗോയും നിർദേശിക്കുന്നവർക്ക് 10,000 രൂപ നൽകുമെന്ന ബെവ്‌കോ പരസ്യം വിവാദമായിരുന്നു. ഇതിൽ ഹൈക്കോടതി ഇടപെട്ടതോടെ പേരിടാൻ കോടതിയുടെ അനുമതി വേണമെന്ന സ്ഥിതിയായി.

പൊതുജനങ്ങളിൽനിന്ന് ലഭിച്ച പതിനായിരത്തിലേറെ പേരുകളിൽനിന്ന് നൂറെണ്ണം ആദ്യഘട്ടത്തിൽ തിരഞ്ഞെടുത്തു. ഇതിൽ ഏതാനുംപേരുകൾ കഴിഞ്ഞദിവസം ചേർന്ന ബെവ്‌കോ ഡയറക്ടർബോർഡ് അന്തിമപരിഗണനയ്ക്കെടുത്തു. പേരുനിശ്ചയിച്ച് ബ്രാൻഡ് രജിസ്‌ട്രേഷൻ നടപടികൾ ഉടൻ പൂർത്തിയാക്കുമെന്നും അധികൃതർ പറഞ്ഞു. മദ്യനിർമാണത്തിനുള്ള ബ്ലൻഡിങ് യൂണിറ്റ് കെട്ടിടത്തിന്റെ നിർമാണം ദ്രുതഗതിയിൽ പുരോഗമിക്കയാണ്. 21-നകം പൂർത്തിയാക്കാനായി രാപകൽ ജോലിനടക്കുന്നുണ്ട്. ഡിസ്റ്റിലറിക്കാവശ്യമായ യന്ത്രങ്ങൾ ആഴ്ചകൾക്കുമുമ്പേ എത്തി. എക്‌സ്ട്രാ ന്യൂട്രൽ ആൾക്കഹോൾ (ഇ.എൻ.എ.), വെള്ളം, ബ്ലൻഡിങ് നടത്തിയ മദ്യം എന്നിവയ്ക്കുള്ള സംഭരണികളും തയ്യാറാണ്. മൂന്ന് ലൈൻ ബ്ലൻഡിങ് യൂണിറ്റിന്റെ പൂർണതോതിലുള്ള പ്രതിദിന മദ്യോത്പാദനശേഷി 13,500 കെയ്‌സ് ആണ്.പൂട്ടിയ മേനോൻപാറ സഹകരണ പഞ്ചസാരഫാക്ടറിക്ക് (ചിക്കോപ്‌സ്) ഉണ്ടായിരുന്ന 4.47 കോടിയുടെ പ്രോവിഡന്റ് ഫണ്ട് കുടിശ്ശിക അടയ്ക്കാൻ മലബാർ ഡിസ്റ്റിലറീസ് മാനേജുമെന്റ് തയ്യാറെടുത്തെങ്കിലും കണക്കിലെ പൊരുത്തക്കേട് ചൂണ്ടിക്കാട്ടി ഇ.പി.എഫ്.ഒ. തുക സ്വീകരിക്കാൻ തയ്യാറാവുന്നില്ലെന്ന് പരാതി ഉയർന്നിരുന്നു. ആദ്യഗഡു 1.61 കോടി അടച്ചശേഷമാണിത്. ബാക്കികൂടി അടച്ചാലോ 2015-ൽ ഇ.പി.എഫ്.ഒ. കണ്ടുകെട്ടിയ ചിക്കോപ്‌സിന്റെ ഭൂമി ബാധ്യതതീർത്ത് തിരിച്ചെടുക്കാനാവൂ.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!