ഇവൻ എവിടെയാണോ തോൽക്കുന്നത് അതുവരെ പഠിപ്പിക്കണമെന്ന് ജാതകമെഴുതിയ അധ്യാപകൻ അമ്മയോട് പറഞ്ഞു
തിരുവനന്തപുരം:”രാവിലെ വീട്ടിൽനിന്ന് പുറപ്പെടുമ്പോൾ ചില ദിവസങ്ങളിൽ അമ്മ ചെറിയ റൊട്ടി തരും. എന്റെ നാട്ടിൽ അത് ഒറോട്ടി എന്നു പറയും. അന്നൊക്കെ ഒരു ഫയൽ ബോഡ് പോലുള്ള സാധനം ഞാൻ കൈയിലെടുക്കും. അതിനുള്ളിൽ ഞാൻ ഒറോട്ടി വെക്കും. ദിവസവും അത് ഉണ്ടാകണമെന്നില്ല. ഇല്ലെങ്കിൽ ഉച്ചയ്ക്ക് ഒന്നും കഴിക്കില്ല. അങ്ങനെയുള്ള നാളുകളായിരുന്നു എന്റെ കോളേജ് ജീവിതം…”പഠനം ഉപേക്ഷിക്കേണ്ടിയിരുന്ന സ്‌കൂൾ കാലത്തുനിന്നും ഇരുപത്തിയഞ്ചാം വയസ്സിൽ എം.എൽ.എ.യായ ജീവിതം പങ്കുവെക്കുകയായിരുന്നു മുഖ്യമന്ത്രി പിണറായി വിജയൻ.
മലയാളം അധ്യാപകനായ വിദ്വാൻ വി. ശങ്കരൻ ഒരു ദിവസം വിളിച്ചിട്ട് നക്ഷത്രം എന്താണെന്ന് ചോദിച്ചു. ഞാൻ നക്ഷത്രം പറഞ്ഞു. മുൻഷി അമ്മയെ വിളിപ്പിച്ചു. പ്രസവസമയം ഏതാണെന്ന് ചോദിച്ചു. ഉച്ചകഴിഞ്ഞാണെന്ന് അമ്മ പറഞ്ഞു. നിങ്ങൾ പറയുന്നതല്ല നക്ഷത്രം മറ്റൊന്നാണെന്ന് അദ്ദേഹം പറഞ്ഞു. എന്നിട്ട് എന്റെ ജാതകം എഴുതി അമ്മയുടെ കൈയിൽ കൊടുത്തു. ഇവൻ എവിടെയാണോ തോൽക്കുന്നത് അതുവരെ പഠിപ്പിക്കണമെന്ന് വാക്കുതരണമെന്ന് പറഞ്ഞു. അതാണ് എന്റെ പഠനത്തിന് ഇടയാക്കിയത്” -മുഖ്യമന്ത്രി പറഞ്ഞു.
