കേരളത്തിന്റെ ജിഡിപിയിൽ 6.19% വളർച്ച, പൊതുകടം താഴേക്ക്, മലയാളികളുടെ ‘വരുമാനം’ കൂടി
രണ്ടാം പിണറായി വിജയൻ സർക്കാരിന്റെ അവസാന ബജറ്റിന് മുന്നോടിയായുള്ള ഈ വർഷത്തെ സാമ്പത്തിക സർവേ റിപ്പോർട്ട് നിയമസഭയിൽ വച്ച് ധനമന്ത്രി കെ.എൻ. ബാലഗോപാൽ. നാളെയാണ് ധനമന്ത്രി ബജറ്റ് അവതരിപ്പിക്കുന്നത്. തിരഞ്ഞെടുപ്പിന് മുൻപുള്ള ബജറ്റ് ആയതിനാൽ ഒട്ടറെ ജനകീയ പ്രഖ്യാപനങ്ങൾ പ്രതീക്ഷിക്കാം.
കേരളം 2024-25 സാമ്പത്തിക വർഷം 6.19% മൊത്ത ആഭ്യന്തര ഉൽപാദന (ജിഎസ്ഡിപി) വളർച്ച നേടിയെന്ന് സാമ്പത്തിക സർവേ റിപ്പോർട്ട് വ്യക്തമാക്കി. 6.45 ലക്ഷം കോടി രൂപയിൽ നിന്ന് 6.85 ലക്ഷം കോടി രൂപയായാണ് വർധന. 2023-24ൽ വളർച്ചനിരക്ക് 6.73 ശതമാനമായിരുന്നു. ഉയർന്ന പ്രതിശീർഷ ജിഎസ്ഡിപി ഉള്ള മികച്ച 10 സംസ്ഥാനങ്ങളിലൊന്നാണ് കേരളമെന്നും റിപ്പോർട്ടിലുണ്ട്. 2023-24ലെ 1.79 ലക്ഷം രൂപയിൽ നിന്ന് 1.90 ലക്ഷം രൂപയായാണ് വർധന. ദേശീയ ശരാശരി 1.33 ലക്ഷം രൂപയാണ്.
കേരളത്തെ ബിസിനസ് സൗഹൃദമാക്കാനും ജനങ്ങളുടെ ജീവിത നിലവാരം ഉയർത്താനുമുള്ള ‘നവകേരളം’ സൃഷ്ടിക്കുകയാണ് സംസ്ഥാന സർക്കാരിന്റെ ലക്ഷ്യമെന്ന് സർവേ പറയുന്നു. സംസ്ഥാനത്തിന്റെ തനതു വരുമാനം കൂടുന്നതായും പൊതുകടം കുറയുന്നതായും റിപ്പോർട്ടിലുണ്ട്. 2020-21ൽ കോവിഡ് പ്രതിസന്ധിയുടെ പശ്ചാത്തലത്തിൽ ജിഎസ്ഡിപി പൊതുകടം 38.87 ശതമാനമായിരുന്നു. എന്നാൽ, പിന്നീടിത് കുറഞ്ഞു. 2024-25ൽ 34.87 ശതമാനമാണ്.
തനതുവരുമാനം 2021-22 മുതൽ 2024-25 വരെയുള്ള കാലയളവിൽ തൊട്ടുമുൻപത്തെ സമാന കാലയളുമായി താരതമ്യം ചെയ്യുമ്പോൾ 42.93 ശതമാനമാണ് വളർന്നത്. 1.02 ലക്ഷം കോടി രൂപയുടെ വർധനയുണ്ടായി. തനതുനികുതി വരുമാനം 44.18% ഉയർന്നു. നികുതിയേതര വരുമാനം 37.20 ശതമാനവും മെച്ചപ്പെട്ടു.
കഴിഞ്ഞ ഒരു ദശാബ്ദത്തിനിടെ അസാധാരണമായ വെല്ലുവിളികളാണ് സംസ്ഥാനം നേരിട്ടതെന്നും റിപ്പോർട്ടിലുണ്ട്. 2016-17ൽ നോട്ട് നിരോധനം, 2017-18ലെ ജിഎസ്ടി ഏർപ്പെടുത്തൽ, 2019-20ലെ പ്രകൃതിദുരന്തം, 2020-21ലെ കോവിഡ്, 2022-23ൽ കേന്ദ്രസർക്കാർ കടമെടുപ്പിൽ ഏർപ്പെടുത്തിയ നിയന്ത്രണം, റഷ്യ-യുക്രെയ്ൻ യുദ്ധം, മിഡിൽ ഈസ്റ്റിലെ സംഘർഷങ്ങൾ, 2024-25ലെ മുണ്ടക്കൈ-ചൂരൽമല ദുരന്തം, കഴിഞ്ഞവർഷം പ്രഖ്യാപിച്ച ജിഎസ്ടി സ്ലാബ് പരിഷ്കരണം എന്നിവ സംസ്ഥാനത്തിന്റെ സാമ്പത്തികഞെരുക്കം കൂടുതൽ കടുപ്പിച്ചു. കേന്ദ്രസർക്കാരിന്റെ ഗ്രാന്റ് 42.33% കുറഞ്ഞതും തിരിച്ചടിയായി.
