അണ്ടിപ്പരിപ്പിന് വില കൂടുമ്പോഴും കശുവണ്ടിക്ക് കഷ്ടകാലം

Share our post

ഇരിട്ടി : കർഷകർക്ക് പ്രതീക്ഷയുടെ പൂക്കാലമാണ് കശുവണ്ടിക്കാലം. എന്നാൽ ഈ പ്രതീക്ഷകളെ അസ്ഥാനത്താക്കുന്ന വിലയാണ് ഒാരോ സീസണിലും കശുവണ്ടിക്ക് ഉണ്ടാകുന്നത്. അഞ്ചുവർഷത്തിനിടയിൽ അണ്ടിപ്പരിപ്പിന്റെ വിലയിൽ 40 മുതൽ 50 ശതമാനംവരെ ഉയർന്നപ്പോൾ കശുവണ്ടിയുടെ വിലയിൽ 20 മുതൽ 30 ശതമാനം വരെയുള്ള വർധന മാത്രമാണ് ഉണ്ടായത്. അണ്ടിപ്പരിപ്പിന്റെ വിലയുടെ ആനുകൂല്യം കശുവണ്ടിയിൽനിന്ന്‌ കർഷകർക്ക് ലഭിക്കുന്നില്ല.

മുന്തിയ ഇനം കശുവണ്ടിപ്പരിപ്പായ ഡബ്ല്യു-240 ഇനത്തിന് അഞ്ചുവർഷം മുൻപ് കിലോയ്ക്ക് 830 രൂപയായിരുന്നു വില. ഇപ്പോൾ ഇത് 1200 മുതൽ 1600 വരെയായി വർധിച്ചു. കശുവണ്ടിക്ക് 2020-ൽ 110 രൂപ വിലകിട്ടിയപ്പോൾ 2026-ൽ 150 രൂപയാണ്‌. കൂടിയത്‌ 40 രൂപ മാത്രം. രണ്ട് വർഷങ്ങളിലും സർക്കാർ പ്രഖ്യാപിച്ച തറവിലയും നാമമാത്രമായിരുന്നു. വിപണി വിലയേക്കാൾ 20 ശതമാനം കുറവിലാണ് കഴിഞ്ഞ വർഷം സർക്കാർ തറവില നിശ്ചയിച്ചത്. വിപണിയിൽ കിലോയ്ക്ക് 145 രൂപ വിലയുള്ളപ്പോൾ സർക്കാർ പ്രഖ്യാപിച്ച തറവില 110 രൂപ മാത്രമായിരുന്നു. 200 രൂപയെങ്കിലും തറവില നിശ്ചയിക്കണമെന്ന് കർഷകരും കർഷക സംഘടനകളും നിരന്തരം ആവശ്യപ്പെടുകയാണ്.

അന്താരാഷ്ട വിപണിയിൽ അണ്ടിപ്പരിപ്പിന് ഇപ്പോൾ കിലോയ്ക്ക് 750 മുതൽ 800 രൂപവരെയാണ് വിലയുള്ളതെന്നും ആഭ്യന്തര വിപണിയിലെ പരിപ്പിന്റെ ഉയർന്ന വില യഥാർഥ വിലയായി കണക്കാക്കാൻ കഴിയില്ലെന്നുമാണ് ഈ മേഖലയിലുള്ള വിദഗ്‌ധർ പറയുന്നത്. വിദേശ മാർക്കറ്റ് വിയറ്റ്‌നാമും ടാൻസാനിയും, ഐവറികോസ്റ്റും കൈയടക്കിയതോടെ ഗുണമേന്മയേറിയ കേരളത്തിലെ കശുവണ്ടിപ്പരിപ്പും ഇതേ വിലയ്ക്ക് വില്ക്കാൻ നിർബന്ധിതരായിരിക്കുകയാണെന്നാണ് ഇവർ പറയുന്നത്.

ഗുണമേന്മയുള്ള അണ്ടിപ്പരിപ്പിന് പേരുകേട്ട കണ്ണൂർ, കാസർകോട് ജില്ലകളിലുള്ള കർഷകർക്ക് പോലും പരിപ്പിന്റെ വിലവർധനയുടെ ഗുണം ലഭിക്കുന്നില്ല. നാലുകിലോ തോട്ടണ്ടിയിൽനിന്ന്‌ ഒരുകിലോ അണ്ടിപ്പരിപ്പ് ലഭിക്കും. ഇത്പ്രകാരം കുറഞ്ഞത് 200 രൂപയെങ്കിലും കർഷകന് ലഭിക്കണം. വിദേശത്തേക്ക് കയറ്റി അയക്കുന്ന ജൈവകശുവണ്ടിക്ക് നേരത്തെ കിലോയ്ക്ക് 20 രൂപ മുതൽ 30 രൂപവരെ അധിക വില ലഭിച്ചിരുന്നു.

വിലയിൽ സ്ഥിരതയില്ല

വിലസ്ഥിരതയില്ലായ്മയാണ് കശുവണ്ടി കർഷകരുടെ ഏറ്റവും വലിയ ദുരന്തം. ഡിസംബർ മുതൽ മേയ് വരെയുള്ള ആറുമാസങ്ങളിലും വിലയിലെ ചാഞ്ചാട്ടം കർഷകന് വലിയ നഷ്ടമാണ് ഉണ്ടാക്കുന്നത്. ഇക്കുറി വിപണിവില കിലോയ്ക്ക് 140-ൽ ആണ് തുടങ്ങിയത്. ഇപ്പോൾ ഇത് 150-ൽ എത്തിയെങ്കിലും ഇത് സ്ഥിരമായി നില്ക്കാനുള്ള ഒരു സാധ്യതയും ഇല്ല. മികച്ച ഉത്പാദനം നടക്കുന്ന മാർച്ച് ആദ്യവാരങ്ങളിൽ ഇത് 130-ലേക്ക് വരെ താഴാനുള്ള പ്രവണതയാണ് നിലനില്ക്കുന്നത്. വിപണിയിലെ ഈ ചാഞ്ചാട്ടം അവസാനിപ്പിക്കാനണ് ന്യായമായ തറവില നിശ്ചയിച്ച് സർക്കർ വിപണിയിൽ ഇറങ്ങണമെന്ന് കശുവണ്ടി കർഷകരും കർഷകസംഘടനകളും ആവശ്യപ്പെടുന്നത്.

കാലാവസ്ഥയും ചതിക്കുന്നു

നവംബർ, ഡിസംബർ മാസങ്ങളിൽ ലഭിച്ച മഴകാരണം കശുമാവുകളെല്ലാം തളിരിട്ട് പൂത്തത് വലിയ പ്രതീക്ഷ നൽകി. എന്നാൽ തുടർന്നുണ്ടായ മൂടിക്കെട്ടിയ അന്തരീക്ഷവും അന്തരീക്ഷത്തിലെ ഉയർന്ന താപനിലയും കാരണം തേയിലക്കൊതുകിന്റെ ആക്രമണം ഉണ്ടായി. പൂക്കളെല്ലാം കരിഞ്ഞുണങ്ങി തുടങ്ങി.

ജനുവരി, ഫെബ്രുവരി മാസങ്ങളിൽ ലഭിക്കേണ്ട ഉത്പാദനത്തിൽ 40 മുതൽ 60 ശതമാനം വരെ കുറവും ഇത് ഉണ്ടാക്കും. കൂടാതെ കശുമാവിനെ ബാധിച്ചിരിക്കുന്ന ഫംഗസ് രോഗവും വലിയ തിരിച്ചടിയായി. കശുമാവിന്റെ കൊമ്പുകളും ഇലയും വ്യാപകമായി ഉണങ്ങിപ്പോവുകയാണ്. ഇതിനെ പ്രതിരോധിക്കാനുള്ള സംവിധാനങ്ങളൊന്നും ഉണ്ടാകുന്നുമില്ല.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!