പുലി സാന്നിധ്യം: ചതിരൂരിലും നാലായിലും സ്ഥാപിച്ച ക്യാമറ ട്രാപ്പുകളിൽ പുലിയുടെ ദൃശ്യങ്ങൾ പതിഞ്ഞില്ല

Share our post

ഇരിട്ടി ∙ പുലി സാന്നിധ്യം ആശങ്ക ഉയർത്തിയ ചതിരൂർ, നീലായ് പ്രദേശങ്ങളിൽ വനംവകുപ്പ് സ്ഥാപിച്ച ക്യാമറ ട്രാപ്പിൽ 4 ദിവസം പിന്നിടുമ്പോഴും പുലിയുടെ ദൃശ്യങ്ങൾ കണ്ടെത്തിയില്ല. വനം വകുപ്പ് നടത്തുന്ന പട്രോളിങ് വേളയിലും അസ്വാഭാവികമായി ഒന്നും കണ്ടെത്താനായില്ല. പ്രദേശവാസികൾ കണ്ടതായി അറിയിച്ച പുലി ഗ്രാമത്തോടു ചേർന്നു കിടക്കുന്ന വനത്തിലേക്കു പോയിരിക്കുമെന്ന നിഗമനം ഉണ്ടെങ്കിലും പ്രജനന സമയം ആയതിനാൽ ഭീഷണി ഒഴിയും വരെ വനംവകുപ്പ് നിരീക്ഷണം തുടരും.

ചതിരൂരിലും നീലായിലും ഓരോ ക്യാമറ വീതമാണു വനംവകുപ്പ് സ്ഥാപിച്ചത്. ആവശ്യമെങ്കിൽ ജനങ്ങൾ സംശയം പറയുന്ന മറ്റു മേഖലകളിലേക്കും ക്യാമറ ട്രാപ്പുകൾ മാറ്റിവയ്ക്കുന്ന കാര്യവും വനം വകുപ്പ് ആലോചിക്കുന്നുണ്ട്. പുലിയെ കണ്ടതായി പ്രദേശവാസികൾ അറിയിച്ചതിനെത്തുടർന്നു ആറളം പഞ്ചായത്ത് പ്രസിഡന്റ് വി.ശോഭയുടെ അധ്യക്ഷതയിൽ ചേർന്ന നാട്ടുകാരുടെയും ജനപ്രതിനിധികളുടെയും വനംവകുപ്പിന്റെയും യോഗത്തിലാണ് ക്യാമറ ട്രാപ്പുകൾ സ്ഥാപിക്കാൻ തീരുമാനിച്ചത്.

കഴിഞ്ഞ ദിവസം ചേർന്ന താലൂക്ക് വികസന സമിതി യോഗത്തിലും ജനപ്രതിനിധികൾ പുലി ജനവാസ കേന്ദ്രത്തിൽ എത്തിയ കാര്യം ഉന്നയിച്ചപ്പോൾ ഡിഎഫ്ഒയുടെ സാന്നിധ്യത്തിൽ യോഗം ചേരാൻ തീരുമാനിച്ചിരുന്നു. കീഴ്പ്പള്ളി സെക്‌ഷൻ ഫോറസ്റ്റർ കെ.എൻ.രമേശന്റെ നേതൃത്വത്തിൽ ചതിരൂരിലും നിലായിലും പട്രോളിങ് തുടരുന്നുണ്ട്.

 


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!