ഇനി വേണ്ടത് രാഷ്ട്രപതിയുടെ അംഗീകാരം മാത്രം; വഖഫ് ഭേദഗതിയിലെ വിവാദ നിർദേശങ്ങൾ എന്തൊക്കെ?

Share our post

ഏറെ വിവാദങ്ങൾക്കിടയാക്കിയ വഖഫ് ഭേദഗതി ബിൽ പാർലമെന്റിന്റെ ഇരുസഭകളും പാസാക്കിയിരിക്കുകയാണ്. 12 മണിക്കൂറോളം നീണ്ട ചർച്ചകൾക്കൊടുവിലാണ് ഇരു സഭകളിലും ബിൽ പാസായത്. ഭരണ, പ്രതിപക്ഷ അംഗങ്ങൾ തമ്മിൽ വലിയ വാഗ്‌വാദങ്ങളും ബഹളങ്ങളും സഭയിൽ ഉണ്ടായി. മുസ്ലിം സംഘടനകൾക്കിടയിൽ വലിയ ആശങ്കയുണ്ടാക്കിയ ഈ ബില്ലിൽ, വിവാദമായ നിരവധി വ്യവസ്ഥകളാണുള്ളത്. ആദ്യഘട്ടത്തിലെ എതിർപ്പിന് ശേഷം, ജെപിസി പാസാക്കിയ ബിൽ ആണ് ഇരുസഭകളിലും എത്തിയതും, പാസായതും.

പുതിയ ബില്ലിലെ വിവാദ വ്യവസ്ഥകൾ

⭕മുസ്ലിം ഇതരമതസ്ഥർക്ക് സ്വത്തുക്കൾ വഖഫ് നൽകാം എന്നതാണ് നിലവിലെ രീതി. എന്നാൽ പുതിയ ഭേദഗതിയിൽ കുറഞ്ഞത് അഞ്ചുവർഷമെങ്കിലും ഇസ്ലാം മതവിശ്വാസിയായ ഒരാൾക്കേ വഖഫ് നൽകാൻ സാധിക്കുകയുള്ളൂ. മാത്രമല്ല, ഇവർ മുസ്ലിമാണെന്ന് ബോധിപ്പിക്കണം എന്നതാണ് കടുപ്പിച്ച നിയമം.

⭕മുസ്ലിം ഇതര മതസ്ഥരുടെയും പ്രാതിനിധ്യമാണ് ബില്ലിലെ പ്രധാന വിവാദഭാഗം. വഖഫ് ബോർഡിൽ മുസ്ലിം ഇതര മതസ്ഥരായ രണ്ട് പേർ വേണമെന്നതാണ് പുതിയ നിയമഭേദഗതി

⭕സ്വത്ത് സംബന്ധമായ തർക്കങ്ങളിൽ ഇടനില നിൽക്കുന്നത് ജില്ലാ കളക്ടർമാർക്കും മുകളിൽ ഉള്ളവരായിരിക്കും. നേരത്തെ, ഇത് ജില്ലാ കലക്ടറായിരുന്നു. ജെപിസി യോഗത്തിന് ശേഷം ആ അധികാരം ജില്ലാ കളക്ടർമാർക്കും മുകളിൽ ഉള്ളവരിൽ നിക്ഷിപ്തമാക്കി. ഇതിലൂടെ തർക്കങ്ങളിൽ തീരുമാനം എന്നും സർക്കാർ ഭാഗത്തായിരിക്കും എന്നതാണ് പ്രതിപക്ഷവും മുസ്ലിം സംഘടനകളുമുയർത്തുന്ന ആശങ്ക.

⭕വ ഖ് ഫ് ആയി രജിസ്റ്റർ ചെയ്യപ്പെട്ടിട്ടുള്ള സ്വത്തുക്കളുടെ വിവരങ്ങൾ കേന്ദ്രസർക്കാർ പോർട്ടലിൽ രേഖപ്പെടുത്തണം

⭕ദീർഘകാലമായി മതാവശ്യത്തിനായി ഉപയോഗിച്ചിരുന്ന, കൃത്യമായ രേഖകൾ ഇല്ലാത്ത ഭൂമി, വഖഫ് ബൈ യൂസർ എന്ന നിലയിലാണ് രേഖപ്പെടുത്തിയിരുന്നത്. ഇനിമുതൽ ആ രീതി ഇല്ല എന്നതും ബില്ലിലെ ഒരു പ്രധാന ഭേദഗതിയാണ്.

⭕ഒരു സ്വത്ത്, അത് വഖഫ് ആണോ എന്ന് തീരുമാനിക്കാൻ വഖഫ് ബോർഡിന് അനുമതി നൽകിയിരുന്ന വകുപ്പായിരുന്നു നാല്പതാം വകുപ്പ്. ഈ വകുപ്പ് പുതിയ ഭേദഗതിയിലൂടെ നിർത്തലാക്കി.

⭕ആദിവാസി ഭൂമിയും ചരിത്രസ്മാരകങ്ങളും വഖഫ് ആയി പ്രഖ്യാപിക്കാനാകില്ല എന്നും പുതിയ നിയമത്തിൽ പറയുന്നുണ്ട്. മുൻപ് അത്തരത്തിൽ പ്രഖ്യാപിക്കപ്പെട്ടിട്ടുണ്ടെങ്കിൽ, അവ ഈ നിയമം പ്രാബല്യത്തിൽ വരുന്നതോടെ അസാധുവാകും.

⭕വഖഫ് ബോർഡ് സിഇഒ മുസ്ലിം ആകണമെന്ന വ്യവസ്ഥ ഇനിയില്ല. മാത്രമല്ല ഈ ഉദ്യോഗസ്ഥനെ സംസ്ഥാന സർക്കാരിന് ഇനി നേരിട്ട് നിയമിക്കാം. നിലവിൽ വഖഫ് ബോർഡ് നിർദേശിക്കുന്ന പേരുകളിൽ നിന്നാണ് തിരഞ്ഞെടുക്കേണ്ടത്. പുതിയ നിയമത്തിൽ ഇവ റദ്ദ് ചെയ്യപ്പെട്ടു.

എന്താണ് വഖഫ്, എന്താണ് വഖഫ് സ്വത്തുക്കൾ?

ഏറ്റവും ലളിതമായി പറഞ്ഞാൽ, മുസ്ലീം വിശ്വാസിസമൂഹത്തിന്റെ ഒരു ദാനരീതിയാണ് വഖഫ്. സ്വന്തം സ്വത്തുക്കൾ അതെന്തായാലും പരിപൂർണ്ണമായി ദൈവത്തിന് സമർപ്പിക്കാൻ ഒരു വിശ്വാസിക്ക് സാധിക്കും. ഇങ്ങനെ സമർപ്പിക്കുന്നതിനെയാണ് വഖഫ് എന്ന് പറയുന്നത്. ഇത്തരത്തിൽ വിശ്വാസികൾ സമർപ്പിക്കുന്ന സ്വത്തുക്കളുടെ സംരക്ഷകരാണ് വഖഫ് ബോർഡ്. വഖഫിനായി നൽകുന്ന സ്വത്തുക്കൾ പിന്നീടൊരിക്കലും തിരികെ എടുക്കാൻ ആകില്ലെന്നതാണ് പ്രത്യേകത. മതപരമായതോ ജീവകാരുണ്യ പ്രവർത്തനങ്ങളുടെ ഭാഗമായതോ ആയ കാര്യങ്ങൾക്ക് വേണ്ടി മാത്രമേ ഈ സ്വത്തുക്കൾ വഖഫ് ബോർഡുകൾക്കായാലും ഉപയോഗിക്കാൻ സാധിക്കുകയുള്ളൂ. ഇത്തരം സ്വത്തുക്കളിൽ നിന്ന് എന്തെങ്കിലും വരുമാനം ലഭിക്കുന്നുണ്ടെങ്കിൽ അതും നേരത്തെ പറഞ്ഞ കാര്യങ്ങൾക്ക് വേണ്ടി മാത്രമേ ഉപയോഗിക്കാനാകൂ. മുസ്ലിങ്ങളുടെ ആരാധനാലയങ്ങൾ, വിദ്യാഭ്യാസ സ്ഥാപനങ്ങൾ, അനാഥാലയങ്ങൾ, ഖബറിടങ്ങൾ, സൂഫി ദർഗകൾ എന്നിവയെല്ലാം സംരക്ഷിക്കപ്പെട്ടുവരുന്നത് ഈ വഖഫ് തത്ത്വം അനുസരിച്ചാണ്.

എന്താണ് വഖഫ് ബോർഡ്?

ഇന്ത്യയിലെ എല്ലാ മതങ്ങൾക്കും തങ്ങളുടെ സ്ഥാപനങ്ങൾ നിർമിക്കാനും പരിപാലിക്കാനും അവകാശമുണ്ട്. ഇതിനായ് സർക്കാർ പിന്തുണയുള്ള പല സംവിധാനങ്ങളും പ്രവർത്തിക്കുന്നുമുണ്ട്. ഹിന്ദു മതത്തിൽ വിവിധ മത എൻഡോവ്മെന്റ് നിയമങ്ങൾ അനുസരിച്ച് ദേവസ്വം ബോർഡ് അടക്കമുള്ള സംവിധാനങ്ങളാണ് ഇക്കാര്യങ്ങൾ നിർവഹിച്ചുവരുന്നത്. സിഖ് സമുദായത്തിന് ഗുരുദ്വാര നടത്തിപ്പിന് പ്രത്യേക നിയമമുണ്ട്. വിവിധ ക്രൈസ്തവ സഭകൾ ഇന്ത്യൻ കമ്പനീസ് ആക്ട് പ്രകാരം രജിസ്റ്റർ ചെയ്ത് അവരുടെ സ്ഥാപനങ്ങളും ആരാധനാലയങ്ങളും പരിപാലിക്കുന്നു. ഇതിനു സമാനമായി മുസ്ലിംകൾക്കിടയിൽ നിലനിൽക്കുന്ന സംവിധാനമാണ് വഖഫ് ബോർഡ്. ഇത് പ്രവർത്തിക്കുന്നത് 1995ലെ വഖഫ് നിയമ പ്രകാരമാണ്. ഈ നിയമമാണ് ഇപ്പോൾ ഭേദഗതി ചെയ്തിരിക്കുന്നത്.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!