സോഷ്യൽ മീഡിയ വഴി സൗഹൃദം നടിച്ച് വൻ തട്ടിപ്പ്; ചക്കരക്കൽ സ്വദേശിക്ക് 1,90,000 രൂപ നഷ്ടപ്പെട്ടു
കണ്ണൂർ : ഫേസ്ബുക്ക് ഇൻസ്റ്റഗ്രാം എന്നി സോഷ്യൽ മീഡിയകൾ വഴി സൗഹൃദം നടിച്ച് പണം തട്ടുന്ന സംഘം സജീവമാകുന്നു ഇത്തരക്കാരെ സൂക്ഷിക്കുക. സോഷ്യൽ മീഡിയകൾ വഴി നിരന്തരം സന്ദേശങ്ങൾ അയച്ച് സൗഹൃദം സ്ഥാപിച്ചാണ് പലരേയും തട്ടിപ്പിനിരയാക്കുന്നത്.
ചക്കരക്കൽ മുഴപ്പാല സ്വദേശിക്ക് 1,90,000 രൂപ നഷ്ടപ്പെട്ടു. പരാതിക്കാരിയുമായി ഫേസ്ബുക്കിൽ ലണ്ടനിൽ നിന്നുള്ള ഡോക്‌ടറാണെന്ന വ്യാജേന സൗഹൃദം സ്ഥാപിക്കുകയായിരുന്നു. പിന്നീട് പരാതിക്കാരിക്ക് വിലപിടിപ്പുള്ള സമ്മാനങ്ങൾ അയച്ചിട്ടുണ്ടെന്നും പറയുന്നു. ശേഷം നിങ്ങളുടെ പേരിൽ ഒരു പാർസൽ വന്നിട്ടുണ്ടെന്നും അത് ലഭിക്കുന്നതിന് കസ്റ്റംസ് ക്ലിയറൻസിനായി പറയുന്ന അക്കൗണ്ടുകളിലേക്ക് പണം അയച്ചുകൊടുക്കണമെന്നും പറഞ്ഞ് പാർസൽ കമ്പനിയിൽ നിന്നാണെന്ന വ്യാജേന വിളിച്ചാണ് തട്ടിപ്പിനിരയാക്കിയത്.
സമാനമായ മറ്റൊരു പരാതിയിൽ ന്യൂ മാഹി സ്വദേശിക്ക് 9450 രൂപ നഷ്ടപ്പെട്ടു. പരാതിക്കാരനുമായി ഇൻസ്റ്റഗ്രാമിൽ ലണ്ടനിൽ നിന്നുമുള്ള ആളാണെന്ന് പറഞ്ഞ് സൗഹൃദം സ്ഥാപിക്കുകയും പിന്നീട് പരാതിക്കാരനെ കാണാൻ നാട്ടിൽ വരുന്നുണ്ടെന്ന് പറയുകയും, ശേഷം നാട്ടിൽ എത്തിയെന്നും തന്റെ എ.ടി.എം കാർഡ് ബ്ലോക്കായെന്നും പണം അയച്ചുതരണമെന്നും പറഞ്ഞ് പരാതിക്കാരന്റെ കയ്യിൽ നിന്നും 9450 രൂപ തട്ടിയെടുക്കുകയായിരുന്നു. ഇത്തരം തട്ടിപ്പുകാരെ തിരിച്ചറിയുക. ഇത്തരത്തിൽ സൗഹൃദം നടിച്ച് നിരന്തരം സന്ദേശം അയക്കുന്നവരെ സൂക്ഷിക്കുക ചിലപ്പോൾ അവർ ഓൺലൈൻ തട്ടിപ്പുകാരായേക്കാം. അവർ പണം ആവശ്യപ്പെടുകയാണെകിൽ പൂർണയും നിരസിക്കുക.
ഓൺലൈൻ തട്ടിപ്പിൽ നിങ്ങൾ ഇരയാവുകയാണെങ്കിൽ ഉടൻ തന്നെ 24 മണിക്കൂറും പ്രവർത്തിക്കുന്ന പോലീസ് സൈബർ ക്രൈം ഹെൽപ്പ് ലൈൻ നമ്പറായ 1930തിൽ വിളിച്ച് കംപ്ലയിന്റ് രജിസ്റ്റർ ചെയ്യാവുന്നതാണ്. കൂടാതെ അടുത്തുള്ള പോലീസ് സ്റ്റേഷനിലോ സൈബര്‍ ക്രൈം റിപ്പോര്‍ട്ട് ചെയ്യാനുള്ള http://www.cybercrime.gov.in പോര്‍ട്ടലിലൂടെയോ പരാതി രജിസ്റ്റർ ചെയ്യാവുന്നതാണ്. ആദ്യത്തെ ഒരു മണിക്കൂറിനുള്ളിൽ തന്നെ പരാതി നൽകുക.
