ഭാര്യയുമായി വഴിവിട്ടബന്ധം: യുവാവിനെ തലയ്ക്കടിച്ചുകൊന്ന് മൃതദേഹം കുറ്റിക്കാട്ടില്‍ തള്ളി
കോഴിക്കോട്: ഭാര്യമായി വഴിവിട്ട സൗഹൃദം പുലര്‍ത്തിയെന്നാരോപിച്ച് യുവാവിനെ തലയ്ക്കടിച്ചു കൊന്ന് കുറ്റിക്കാട്ടിൽ തള്ളി. നൂറംതോട് സ്വദേശി ചാലപ്പുറം നിതിൻ തങ്കച്ചനെ(25)യാണ് കണ്ണോത്തിനു സമീപം മഞ്ചപ്പാറ എന്ന സ്ഥലത്ത് കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയത്.
സംഭവവുമായി ബന്ധപ്പെട്ട് യുവതിയുടെ ഭര്‍ത്താവും മുഖ്യപ്രതിയുമായ കൈപ്പുറം സ്വദേശി വേളങ്ങോട്ട് അഭിജിത്ത് (27), ഇയാളെ സഹായിച്ച തിരുവമ്പാടി സ്വദേശി അഫ്സല് (28), മുക്കം സ്വദേശി റാഫി (30) എന്നിവരെ കോടഞ്ചേരി പോലീസ് പിടികൂടി.
അഭിജിത്തിനെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തതില്‍ നിന്നാണ് കൂട്ടാളികളെ കുറിച്ചുള്ള സൂചന ലഭിച്ചത്. തുടര്‍ന്ന് നടത്തിയ ചോദ്യം ചെയ്യലിലാണ് തന്റെ ഭാര്യയുമായി നിതിന്‍ ബന്ധമുണ്ടായിരുന്നതായും ഇതുമായി ബന്ധപ്പെട്ട് മുന്‍പ് മുന്നറിയിപ്പ് നല്‍കിയിരുന്നതായും അഭിജിത്ത് പോലീസിനോട് പറഞ്ഞത്.
ഭാര്യയുമായുള്ള ബന്ധം നിതിന്‍ തുടര്‍ന്നതോടെയാണ് കൊലപ്പെടുത്തിയതെന്നും അഭിജിത്ത് പോലീസിനോട് പറഞ്ഞു. തലയ്ക്ക് അടിച്ച് കൊലപ്പെടുത്തിയശേഷം കുറ്റിക്കാട്ടിലേക്ക് മൃതദേഹം തള്ളുകയായിരുന്നുവെന്നാണ് പ്രതിയുടെ മൊഴി.
കൊലയ്ക്കായി പ്രതി നേരത്തെ തന്നെ പദ്ധതി തയാറാക്കിയെന്നാണ് പോലീസ് കണ്ടെത്തിയത്. നിതിനെ ഒരു കാര്യം സംസാരിക്കാനുണ്ടെന്ന് പറഞ്ഞ് വിളിച്ചുവരുത്തുകയായിരുന്നു. തുടര്‍ന്ന് തലയ്ക്കടിച്ചു കൊന്ന ശേഷം മൂന്നുപേരും കൂടിയാണ് മൃതദേഹം കുന്നിന് മുകളില്‍ നിന്നു താഴേക്കിട്ടത്.
കഴിഞ്ഞ വെള്ളിയാഴ്ച മുതൽ നിതിനെ കാണാനില്ലായിരുന്നു. കോട്ടയ്ക്കലിൽ ആയുർവേദ നഴ്സിംഗിന് പഠിക്കുന്ന നിതിൻ ഏഴിന് നാട്ടിലേക്ക് പുറപ്പെട്ടിരുന്നു. എന്നാൽ വീട്ടിൽ എത്താത്തതിനെ തുടർന്ന് കഴിഞ്ഞ ദിവസം രക്ഷിതാക്കൾ കോടഞ്ചേരി പോലീസിൽ പരാതി നൽകിയിരുന്നു. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് നിതിൻ കൊല്ലപ്പെട്ടതായി സ്ഥിരീകരിച്ചത്.
