തമിഴ്നാട് എം.എൽ.എ വി.എസ്.ബാബു അന്തരിച്ചു; തിരഞ്ഞെടുപ്പിൽ സ്റ്റാലിനെ തോൽപിച്ച നേതാവ്
ചെന്നൈ ∙ ടിവികെ നേതാവും എംഎൽഎയുമായ വി.എസ്.ബാബു അന്തരിച്ചു. ശ്വാസകോശ സംബന്ധമായ അസുഖങ്ങളെ തുടർന്ന് 2 മാസമായി ആശുപത്രിയിൽ ചികിത്സയിലായിരുന്നു. ശ്വാസതടസ്സത്തെ തുടർന്ന് സെപ്റ്റംബർ 9-നാണ് ബാബുവിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. തമിഴ്നാട് നിയമസഭാ തിരഞ്ഞെടുപ്പിൽ കൊളത്തൂർ മണ്ഡലത്തിൽ മുൻ മുഖ്യമന്ത്രി എം.കെ. സ്റ്റാലിനെ തോൽപിച്ചാണ് ബാബു എംഎൽഎയായത്. കൊളത്തൂർ മണ്ഡലത്തിൽ 8,795 വോട്ടുകളുടെ ഭൂരിപക്ഷത്തിലാണ് ബാബു ജയിച്ചത്.
ദ്രാവിഡ മുന്നേറ്റ കഴകത്തിലൂടെ രാഷ്ട്രീയ ജീവിതം ആരംഭിച്ച ബാബു പാർട്ടിയുടെ വടക്കൻ ചെന്നൈ ജില്ലാ സെക്രട്ടറിയായി പ്രവർത്തിച്ചിട്ടുണ്ട്. 2006ൽ പുരസൈവാക്കം മണ്ഡലത്തിൽ നിന്നാണ് അദ്ദേഹം ആദ്യമായി നിയമസഭയിലെത്തുന്നത്. പിന്നീട് ഡിഎംകെ വിട്ട അദ്ദേഹം 2026 ഫെബ്രുവരിയിൽ തമിഴക വെട്രി കഴകത്തിൽ (ടിവികെ) ചേർന്നു.
