താൽപര്യമുള്ള സ്ത്രീകളുടെ വിവരം ലഭിക്കുന്നതിന് 10,590 രൂപ; ഡേറ്റിങ് വെബ്സൈറ്റിന്റെ പേരിൽ ഡോക്ടർക്ക് നഷ്ടമായത് 32 ലക്ഷം
കണ്ണൂർ : ഓൺലൈനിൽ പിടിമുറുക്കി തട്ടിപ്പ്സംഘം. ഇന്നലെ കണ്ണൂർ സൈബർ ക്രൈം പൊലീസ് റജിസ്റ്റർ ചെയ്തത് 33.43 ലക്ഷം രൂപയുടെ ഓൺലൈൻ തട്ടിപ്പ്. രണ്ട് കേസുകളിലായാണിത്. ഡേറ്റിങ് വെബ്സൈറ്റിൽ കയറിയ ഡോക്ടർക്ക് നഷ്ടമായത് 32 ലക്ഷം രൂപ. മൊബൈൽ ഫോണിൽ വന്ന എപികെ ഫയൽ ഓപ്പൺ ചെയ്ത വയോധികന് നഷ്ടമായത് ഒരു ലക്ഷം രൂപയും.
മയ്യിൽ സ്വദേശിയായ ഡോക്ടറെ വാട്സാപ് വഴി ബന്ധപ്പെട്ടു ഡേറ്റിങ് വെബ്സൈറ്റിൽ റജിസ്ട്രേഷനു 3600 രൂപയും താൽപര്യമുള്ള സ്ത്രീകളുടെ വിവരം ലഭിക്കുന്നതിനായി 10,590 രൂപയും പ്രതികൾ നിർദേശിച്ച ബാങ്ക് അക്കൗണ്ടിൽ നിക്ഷേപിപ്പിച്ചാണ് തട്ടിപ്പ് നടത്തിയത്. നിക്ഷേപിച്ച തുക റീഫണ്ടായി നൽകാമെന്ന് പറഞ്ഞ് വിശ്വസിപ്പിച്ചിരുന്നു. പലകാരണങ്ങൾ പറഞ്ഞ് ഡോക്ടറുടെയും സുഹൃത്തുക്കളുടെയും പേരിലുള്ള ബാങ്ക് അക്കൗണ്ടുകളിഎൽ നിന്ന് 32.43 ലക്ഷം രൂപ പ്രതികൾ പറഞ്ഞ വിവിധ ബാങ്ക് അക്കൗണ്ടുകളിൽ അയപ്പിക്കുകയും പിന്നീട് പണം തിരികെ നൽകാതെ വഞ്ചിക്കുകയും ചെയ്തെന്നാണ് 37വയസ്സുകാരനായ ഡോക്ടറുടെ പരാതിയിലുള്ളത്.
കതിരൂർ സ്വദേശിയായ 66 വയസ്സുകാരന് മൊബൈൽ ഫോണിൽ വന്ന എപികെ ഫയൽ ഓപ്പൺ ചെയ്തതിന് പിന്നാലെയാണ് ഒരു ലക്ഷം രൂപ നഷ്ടമായത്. പരാതിക്കാരൻ ഫെയ്സ്ബുക്കിൽ സേർച്ച് ചെയ്യവെ പെൻഷൻ കാർഡുമായി ബന്ധപ്പെട്ട പരസ്യം കാണുകയും പരസ്യത്തോടൊപ്പമുള്ള ലിങ്കിൽ ക്ലിക്ക് ചെയ്തതോടെ വാട്സാപ് മെസേജ് വരികയും ചെയ്തു. പ്രതി ആവശ്യപ്പെട്ടതു പ്രകാരം വ്യക്തിഗത വിവരങ്ങളും ബാങ്ക് അക്കൗണ്ട് വിവരങ്ങളും നൽകി. ഇതിന് പിന്നാലെ വാട്സാപ്പിൽ വന്ന എപികെ ഫയൽ ഓപ്പൺ ചെയ്തതോടെ യൂണിയൻ ബാങ്ക് അക്കൗണ്ടിൽ നിന്നും 10,000 രൂപ വീതം 10 തവണകളായി ഒരു ലക്ഷം നഷ്ടമായതായാണ് പരാതി.
