ഒരു ഡീസൽ ടാങ്കറിൽ ലാഭം 1.20 ലക്ഷം രൂപ; ഖജനാവ് ചോർത്തി മാഹിയിൽ നിന്ന് ഡീസൽക്കടത്ത്

Share our post

തലശ്ശേരി ∙ മാഹിയിൽനിന്ന് കേരളത്തിലേക്കു വൻതോതിൽ ഡീസൽ കടത്ത്. ക്വാറികളിലേക്കാണു കൂടുതലായും ഡീസൽ കടത്തുന്നതെന്നാണ് പൊലീസിന് ലഭിക്കുന്ന വിവരം. കോഴിക്കോട്, മലപ്പുറം, കണ്ണൂർ, കാസർകോട് ജില്ലകളിലെ മലയോരങ്ങളിലേക്കാണ് ഇതിന്റെ ഒഴുക്ക്. ക്വാറികളിലെ വലിയ യന്ത്രങ്ങൾ പ്രവർത്തിപ്പിക്കാനും ലോറികളിൽ നിറയ്ക്കാനുമാണ് ഡീസൽ. ക്വോറികളിൽ ഡസൻ കണക്കിന് വാഹനങ്ങളുള്ളതിനാൽ വലിയ തുക ലാഭിക്കാനാകുമെന്നതാണ് ഇവരെ കടത്തിലേക്ക് ആകർഷിക്കുന്നത്. പല ക്വാറികളിലും ചെറു പമ്പുകൾ തന്നെ പ്രവർത്തിക്കുന്നുണ്ടത്രെ. ഇവിടെനിന്ന് കടത്തുന്ന ഡീസൽ ഈ പമ്പുകളിൽ സൂക്ഷിച്ചു വാഹനങ്ങളിലും യന്ത്രങ്ങളിലും അടിച്ചു കൊടുക്കുകയാണ് പതിവ്. ഇന്നലെ പിടിയിലായ ടാങ്കർ ലോറിയിൽ ഇതിന് മുൻപു മുക്കത്തെയും മലപ്പുറത്തെയും ക്വാറികളിലേക്കു ഡീസൽ കടത്തിയതായി പൊലീസിന് വിവരം ലഭിച്ചു. തീരപ്രദേശത്തെ മീൻപിടിത്ത ബോട്ടുകൾക്കും വള്ളങ്ങൾക്കും നൽകാനും ഡീസൽകടത്തുന്നുണ്ടെന്നാണു വിവരം.

ഇത്തരത്തിൽ കടത്താൻ ശ്രമിച്ച 12,000 ലീറ്റർ ഡീസൽ ചൊവ്വാഴ്ച പുലർച്ചെ 5.30ന് കുട്ടിമാക്കൂലിൽ പൊലീസ് പിടികൂടി. ടാങ്കർ ലോറി ഡ്രൈവർ വടകര ചോറോട് മണിയാരത്ത് താഴെതയ്യുള്ളതിൽ ടി.ട‌ി.ഷിജീഷ് (47), സഹോദരൻ വിജീഷ് (49) എന്നിവരെ പൊലീസ് അറസ്റ്റ് ചെയ്തു. ടാങ്കർ ലോറിയും പൊലീസ് കസ്റ്റഡിയിലെടുത്തു. മലപ്പുറത്തേക്കാണു ഡീസൽ കൊണ്ടു പോകുന്നതെന്നാണ് ഇവർ പറഞ്ഞത്. ഡീസൽക്കടത്തുമൂലം പ്രതിമാസം കോടിക്കണക്കിനു രൂപയാണ് സംസ്ഥാന ഖജനാവിനു നികുതിയിനത്തിൽ നഷ്ടമാവുന്നത്.

കോപ്പാലത്തുനിന്നു തലശ്ശേരി ഭാഗത്തേക്കു കടത്തുമ്പോഴാണ് എഎസ്പി: ‍ഡോ. എം.നന്ദഗോപന്റെ നേതൃത്വത്തിൽ പൊലീസ് പിടികൂടിയത്. ഇന്ധനക്കടത്തു സംബന്ധിച്ച വിവരം ലഭിച്ചതിനെത്തുടർന്ന് ആറു മണിക്കൂർ പ്രദേശം നിരീക്ഷിച്ചാണ് ലോറി പിടികൂടിയത്. വരും ദിവസങ്ങളിൽ അതിർത്തിയിൽ പരിശോധന കർശനമാക്കാനാണു പൊലീസിന്റെ തീരുമാനം. മാഹിയിലെ വിവിധ പമ്പുകളിൽ നിന്നായി ദിവസവും കുറഞ്ഞത് അര ഡസൻ ടാങ്കറുകളെങ്കിലും രേഖകളില്ലാതെ ഡീസലുമായി പുറത്തുപോകുന്നുണ്ടെന്നാണ് വിവരം.

ഒരു ടാങ്കറിൽ ലാഭം 1.20 ലക്ഷം
മാഹിയിൽനിന്ന് ഒരു ടാങ്കർ ഡീസൽ കേരളത്തിലെഎത്തിച്ചാൽ 1.20 ലക്ഷം രൂപയാണ് ലാഭം. കേരളത്തിലെ പെട്രോൾ ബങ്കുകളിൽ 103 രൂപ ഒരു ലീറ്റർ ഡിസലിന് ഈടാക്കുമ്പോൾ മാഹി പ്രദേശത്ത് 93.79 രൂപയാണ് വില. ഒരു ടാങ്കർ ഡീസൽ മാഹിയിൽനിന്ന് കടത്തിയാൽ 4000 മുതൽ 5000 വരെ രൂപ സമ്മാനമായി ലോറിക്കാർക്ക് നൽകും. വ്യാജരേഖകളും ബില്ലുകളുമായാണ് ഡീസൽ കടത്ത്. പൊലീസോ മറ്റോ ചോദിച്ചാൽ ഇതു കാണിക്കും.

പെട്രോളിയം കമ്പനികൾക്ക് കത്തുനൽകും

മാഹിയിൽനിന്ന് കേരളത്തിലേക്കുള്ള ഇന്ധനക്കടത്തിൽ പെട്രോൾ ബങ്കു ഉടമസ്ഥരുടെ പങ്കിനെക്കുറിച്ചു പൊലീസ് ഗൗരവമായി പരിശോധിക്കും. ഇതുസംബന്ധിച്ച് പെട്രോളിയം കമ്പനികൾക്ക് കത്തുനൽകും. ഇതിന്റെ പിന്നിലുള്ളവരെക്കുറിച്ചു വിവരം ലഭിച്ചിട്ടുണ്ട്. – എഎസ്പി: ഡോ. എം.നന്ദഗോപൻ


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!