വെറും 15 രൂപ! അണ്‍ലിമിറ്റഡ് 5ജി ഡാറ്റയുമായി ജിയോ വീണ്ടും, ഓഫര്‍ ഇങ്ങനെ
ന്യൂഡല്‍ഹി: ടെലികോം വിപണിയിൽ തരംഗം സൃഷ്ടിച്ച് റിലയൻസ് ജിയോ വീണ്ടും. ദിവസവും ഉയർന്ന അളവിൽ ഡാറ്റ ആവശ്യമായി വരുന്ന 5ജി ഉപയോക്താക്കൾക്കായി 15 രൂപയുടെ പ്രത്യേക അൺലിമിറ്റഡ് 5ജി ഡാറ്റ പായ്ക്ക് അവതരിപ്പിച്ചാണ് ജിയോ രംഗത്ത് എത്തിയത്. 24 മണിക്കൂറാണ് പ്ലാനിന്റെ വാലിഡിറ്റി.
സാധാരണയായി ടെലികോം കമ്പനികൾ ഡാറ്റ ആഡ്-ഓൺ പ്ലാനുകളിൽ 1 ജിബി അല്ലെങ്കിൽ 2 ജിബി എന്നിങ്ങനെ നിശ്ചിത പരിധി ഏർപ്പെടുത്താറുണ്ട്. എന്നാൽ ജിയോയുടെ പുതിയ 15 രൂപ പായ്ക്കിൽ യാതൊരുവിധ ഡാറ്റ ലിമിറ്റും ഇല്ലാതെ 24 മണിക്കൂർ നേരത്തേക്ക് അതിവേഗ അൺലിമിറ്റഡ് 5ജി ഇന്റർനെറ്റ് ഉപയോഗിക്കാം. വലിയ തുകയുടെ പ്ലാനുകൾ എടുക്കാതെ തന്നെ താത്കാലികമായി ഉയർന്ന ഡാറ്റ ആവശ്യമുള്ളവർക്ക് ഇത് മികച്ചൊരു ഓപ്ഷനാണ്.
തടസ്സങ്ങളോ ബഫറിങോ ഇല്ലാതെ 4K വിഡിയോകളും ലൈവ് മത്സരങ്ങളും ആസ്വദിക്കാം. ലാഗ് ഇല്ലാതെ മൾട്ടിപ്ലെയർ ഓൺലൈൻ ഗെയിമുകൾ കളിക്കാം. സോഫ്റ്റ്വെയർ അപ്ഡേറ്റുകൾ, സിനിമകൾ, എച്ച്ഡി വിഡിയോകൾ എന്നിവ വേഗത്തിൽ ഡൗൺലോഡ് ചെയ്യാം. ഫോട്ടോകളും വിഡിയോകളും ഓഫീസ് ഫയലുകളും ക്ലൗഡ് സ്റ്റോറേജിലേക്ക് ബാക്കപ്പ് ചെയ്യാം. മൊബൈൽ ഹോട്ട്സ്പോട്ട് വഴി ലാപ്ടോപ്പ്, ടാബ്ലെറ്റ് തുടങ്ങിയ ഡിവൈസുകൾ കണക്റ്റ് ചെയ്ത് ജോലി ആവശ്യങ്ങൾക്കോ വീഡിയോ കോൺഫറൻസുകൾക്കോ ഉപയോഗിക്കാം.
ഉപയോക്താവിന് 5ജി സപ്പോർട്ട് ചെയ്യുന്ന സ്മാർട്ട്ഫോൺ ഉണ്ടായിരിക്കണം എന്നതാണ് ഓഫര്‍ ലഭിക്കാനുള്ള ആദ്യത്തെ നിബന്ധന. ജിയോ ട്രൂ 5ജി കവറേജ് ഉള്ള പ്രദേശത്തായിരിക്കണം. അതേസമയം ഉപയോക്താവിന്റെ നിലവിലെ ബേസ് പ്ലാനിന്റെ യോഗ്യത അനുസരിച്ചായിരിക്കും ഓഫർ ലഭ്യമാകുക.
