ചവിട്ടേറ്റ് ഒന്നരവയസുകാരന്‍റെ ഏഴുവാരിയെല്ലുകള്‍ തകര്‍ന്നു; കൊന്നത് നെഞ്ചില്‍ ചവിട്ടി

Share our post

നെടുമങ്ങാട് ഒന്നര വയസ്സുകാരനെ രണ്ടാനച്ഛൻ കൊന്നത് നെഞ്ചിൽ ചവിട്ടിയെന്ന് കണ്ടെത്തല്‍. രണ്ടാനച്ഛൻ അഷ്കറിന്റെ ചവിട്ടേറ്റ് കുഞ്ഞിന്റെ ഏഴ് വാരിയെല്ലുകൾ തകർന്നു. കുഞ്ഞിന്റെ അമ്മ അഖിലയും രണ്ടാനച്ഛൻ അഷ്കറും തമ്മിലുള്ള ബന്ധത്തിൽ കുഞ്ഞ് ബാധ്യതയായെന്ന് പൊലീസിന്റെ റിമാൻഡ് റിപ്പോർട്ട്. കുഞ്ഞിന്റെ വാരിയെല്ലുകൾ തകർന്ന്  ആന്തരികാവയവങ്ങൾക്ക് മുറിവേറ്റു. തലയിൽ അഞ്ചിടത്ത് നീർക്കെട്ട് കണ്ടെത്തി. 

കുഞ്ഞു ശരീരത്തിൽ 91 മുറിവുകൾ  കണ്ടെത്തിയെന്നാണ് വിശദമായ പോസ്റ്റുമോർട്ടം റിപ്പോർട്ടിലുള്ളത്. കൊലപാതകത്തിൽ അമ്മ അഖിലയ്ക്ക് എതിരെ  പ്രേരണാക്കുറ്റമാണ് ചുമത്തിയിരിക്കുന്നത്. സമഗ്ര അന്വേഷണം ആവശ്യപ്പെട്ട് മന്ത്രി ബിന്ദു കൃഷ്ണ ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലക്ക് കത്തുനൽകും.

ചോറ് കൊടുക്കുന്നതിനിടെ കുഞ്ഞ് കരഞ്ഞപ്പോള്‍ തല ഭിത്തിയില്‍ ഇടിപ്പിച്ചുവെന്നും ഇതോടെ കുഞ്ഞിന്റെ ബോധം നഷ്ടമായെന്നും പ്രതി നേരത്തെ പൊലീസിനോട് വെളിപ്പെടുത്തിയിരുന്നു. ലൈറ്റര്‍ വച്ച് കുഞ്ഞിനെ പൊളളല്‍ ഏല്‍പ്പച്ചെന്നും പ്രതി സമ്മതിച്ചു. പൊളളല്‍ ഏല്‍പ്പിക്കാന്‍ ഉപയോഗിച്ച ലൈറ്റര്‍ പൊലീസ് തെളിവെടുപ്പിനിടെ വീട്ടില്‍ നിന്ന് കണ്ടെത്തുകയും ചെയ്തു. ആന്തരികാവയവങ്ങളിലെ മുറിവാണ് മരണകാരണമായത്. കു‍ഞ്ഞിനെ മകളുടെ ഭര്‍ത്താവ് മര്‍ദിക്കുന്നതായി സംശയമുണ്ടെന്ന് അഖിലയുടെ അമ്മ റീന നെടുമങ്ങാട് പൊലീസ് സ്റ്റേഷനില്‍ നേരത്തെ തന്നെ പരാതി നല്‍കിയിരുന്നു. എന്നാല്‍ അമ്മ തന്‍റെ കുടുംബകാര്യത്തില്‍ ഇടപെടുന്നുവെന്ന് അഖില നിലപാടെടുത്തതോടെ പൊലീസ് ഇത് മുഖവിലയ്ക്കെടുത്തുവെന്നാണ് ആക്ഷേപം. കുഞ്ഞിന്‍റെ രണ്ട് കയ്യും ഒടിഞ്ഞുവെന്ന് അറിഞ്ഞപ്പോഴാണ് റീന പൊലീസിനെ സമീപിച്ചത്.

മേയ് 29നാണ് ഒന്നരവയസുകാരന്‍ ദാരുണമായി കൊല്ലപ്പെട്ടത്. ചോറു കൊടുക്കുന്നതിനിടെ കുട്ടി മരിച്ചുവെന്നാണ് കുട്ടിയുടെ അമ്മ അഖിലയും രണ്ടാനച്ഛനും ആശുപത്രിയില്‍ പറഞ്ഞത്. എന്നാല്‍ മരണത്തില്‍ ദുരൂഹതയുണ്ടെന്നും കൊലപാതകമാണെന്നും കുഞ്ഞിന്‍റെ ബന്ധുക്കള്‍ പരാതിപ്പെടുകയായിരുന്നു. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് കേരളം നടുങ്ങിയ കണ്ടെത്തലുകളുണ്ടായത്.

 


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!