ഇന്ന് ആറ്റുകാല്‍ പൊങ്കാല; ഭക്തിയുടെ നിറവില്‍ തലസ്ഥാനം

Share our post

തിരുവനന്തപുരം: ഭക്തിയുടെ നിറവില്‍ തലസ്ഥാന നഗരി. ഇന്നാണ് ചരിത്ര പ്രസിദ്ധമായ ആറ്റുകാല്‍ പൊങ്കാല. മണിക്കൂറുകള്‍ മാത്രമാണ് ഇനി ആറ്റുകാല്‍ പൊങ്കാല സമര്‍പ്പണത്തിനുള്ളത്. രാവിലെ 9.15 ന് ചടങ്ങുകള്‍ ആരംഭിക്കും. ദേവിയോടുള്ള സമര്‍പ്പണവും വിശ്വാസവും ഒരുമിച്ച് ചേരുന്ന ഈ പുണ്യവേള, ഭക്തിയുടെ മഹാസാഗരമായി തലസ്ഥാന നഗരിയെ മാറ്റിമറിക്കും. പണ്ടാര അടുപ്പില്‍നിന്നു പകരുന്ന ദീപം ഏറ്റുവാങ്ങി ഭക്തര്‍ സ്വന്തം അടുപ്പുകളില്‍ ജ്വലിപ്പിക്കുന്നതോടെ നഗരം യാഗശാലയാകും. ഉച്ചയ്ക്ക് 2.15നാണ് നിവേദ്യസമര്‍പ്പണം.

പൊങ്കാല കഴിഞ്ഞുമടങ്ങുന്നവര്‍ക്കായി അധിക ട്രെയിന്‍ സര്‍വ്വീസുകള്‍ നടത്തുമെന്ന് റെയില്‍വേ അധികൃതര്‍ അറിയിച്ചു. കെഎസ്ആര്‍ടിസിയും പ്രത്യേക സര്‍വ്വുകള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്. ജില്ലയില്‍ ഇന്ന് പ്രാദേശിക അവധിയാണ്. സംസ്ഥാനത്ത് ചൂട് കൂടുന്ന സാഹചര്യത്തില്‍ പൊങ്കാലയ്ക്ക് എത്തുന്ന എല്ലാവരും നിര്‍ദേശങ്ങള്‍ പാലിക്കണമെന്ന് ആരോഗ്യവകുപ്പ് വ്യക്തമാക്കി

നിര്‍ജലീകരണം തടയാനായി ദാഹം തോന്നിയില്ലെങ്കില്‍ പോലും ഇടയ്ക്കിടെ വെള്ളം കുടിക്കുക, ക്ഷീണം, തലവേദന, തലകറക്കം, ശ്വാസതടസം എന്നിവ അനുഭവപ്പെട്ടാല്‍ എത്രയും പെട്ടെന്ന് തണലത്തേക്ക് മാറുകയും വൈദ്യസഹായം തേടുകയും വേണമെന്നും ആരോഗ്യവകുപ്പ് വ്യക്തമാക്കി. പൊങ്കാലയ്ക്ക് എത്തുന്നവര്‍ ഹരിത ചട്ടങ്ങള്‍ പൂര്‍ണമായും പാലിക്കണമെന്നും നിര്‍ദേശമുണ്ട്.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!