മുൻ കേന്ദ്രമന്ത്രി കെ.പി. ഉണ്ണിക്കൃഷ്ണൻ അന്തരിച്ചു; 25 വര്‍ഷം വടകര എംപി

Share our post

കോഴിക്കോട്: മുതിർന്ന കോൺഗ്രസ് നേതാവും മുൻ കേന്ദ്ര മന്ത്രിയുമായ കെ.പി.ഉണ്ണികൃഷ്ണൻ (89) അന്തരിച്ചു. സോഷ്യലിസ്റ്റ്, കോൺഗ്രസുകാരൻ, എഴുത്തുകാരൻ, നയതന്ത്രജ്ഞൻ, വാഗ്മി തുടങ്ങി ദേശീയ രാഷ്ട്രീയത്തിൽ നിറഞ്ഞുനിന്ന ഒരു രാഷ്ട്രീയ ജീവിതത്തിനാണ് തിരശീല വീഴുന്നത്. 1971 മുതൽ 1996 വരെ വടകരയിൽ നിന്നുള്ള ലോക്സഭാംഗമായിരുന്നു. വാർധക്യസഹജമായ അസുഖങ്ങളെത്തുടർന്ന് കോഴിക്കോട് പന്നിയങ്കരയിലെ വസതിയിൽ വിശ്രമജീവിതത്തിലായിരുന്നു. കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. അമൃതയാണ് ഭാര്യ. സുദക്ഷിണ, നിരഞ്ജന എന്നിവർ മക്കളാണ്.

1936 സെപ്റ്റംബർ 20 ന് കോഴിക്കോട് കൊയിലാണ്ടിയിൽ അഭിഭാഷകനായ ഇ. കുഞ്ഞിക്കണ്ണൻ നായരുടെ മകനായാണ് ജനനം. സ്വാതന്ത്ര്യസമരകാലത്ത് കേരളത്തിൽ കോൺഗ്രസിന്റെ ശ്രദ്ധാകേന്ദ്രമായിരുന്ന കോഴിപ്പുറത്ത് മാധവമേനോന്റെയും എ.വി.കുട്ടിമാളുഅമ്മയുടെയും വസതിയായ കോഴിക്കോട് പന്നിയങ്കരയിലെ ‘പത്മാലയ’ത്തിലെ പിൻതലമുറക്കാരനായിരുന്നു അദ്ദേഹം.

സ്കൂൾ കോളജ് പഠനകാലത്ത് പ്രജാ സോഷ്യലിസ്റ്റ് പാർട്ടിയിൽ അംഗമായി രാഷ്ട്രീയ ജീവിതത്തിന് തുടക്കം കുറിച്ചു. സോഷ്യലിസ്റ്റ് പാർട്ടി വിട്ട് 1960 ൽ കോൺഗ്രസ് അംഗമായി. 1962 മുതൽ എഐസിസി അംഗമായും പ്രവർത്തിച്ചു. ചെന്നൈയിലെ ക്രിസ്ത്യൻ കോളജ്, പ്രസിഡൻസി കോളജ്, ചെന്നൈയിലെ ഗവൺമെന്റ് ലോ കോളജ് എന്നിവിടങ്ങളിൽനിന്ന് വിദ്യാഭ്യാസം പൂർത്തിയാക്കി. 1971 മുതൽ 1996 വരെ വടകര മണ്ഡലത്തെ പ്രതിനിധീകരിച്ച് തുടർച്ചയായി 7 തവണ ലോക്‌സഭയിലെത്തി. 1978-ൽ കോൺഗ്രസ് പാർട്ടി വിട്ട ഉണ്ണികൃഷ്ണൻ 1995 ൽ കോൺഗ്രസിൽ മടങ്ങിയെത്തി.

കേരളത്തിൽ ഒരേ ലോക്സഭാ മണ്ഡലത്തിൽ നിന്ന് തുടർച്ചയായി ഏറ്റവുമധികം തവണ വിജയിച്ച വ്യക്തി എന്ന പ്രത്യേകതയും കെ.പി.ഉണ്ണികൃഷ്ണനുണ്ട്. ശങ്കേഴ്സ് വീക്‌ലി, ‘ബ്ലിറ്റ്സ്’, ടൈംസ് ഓഫ് ഇന്ത്യ, മാതൃഭൂമി തുടങ്ങിയ മാധ്യമങ്ങളിൽ പത്രപ്രവർത്തകനായി മുംബൈ (അന്നത്തെ ബോംബെ), ഡൽഹി എന്നിവിടങ്ങളിൽ പ്രവർത്തിച്ചു.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!