കേരള നിയമസഭാ തിരഞ്ഞെടുപ്പ്: യുഡിഎഫിന് 81-86 സീറ്റുകൾ, അധികാരത്തിലെത്തുമെന്ന് ലോക്പോൾ
ന്യൂഡൽഹി: നിയമസഭാ തിരഞ്ഞെടുപ്പിൽ കേരളത്തിൽ യുഡിഎഫ് അധികാരം പിടിക്കുമെന്ന് ലോക്‌പോൾ സർവേ ഫലം. യുഡിഎഫിന് 81-86 സീറ്റുകൾ വരെ ലഭിച്ചേക്കുമെന്നും എൽഡിഎഫിന് 51-59 സീറ്റുകൾ കിട്ടിയേക്കാമെന്നും സർവേ പറയുന്നു. എൻഡിഎയ്ക്ക് 0-2 സീറ്റുകൾ വരെയാണ് ലോക്‌പോൾ പ്രവചിക്കുന്നത്. യുഡിഎഫിന് 43-45 ശതമാനം വോട്ട് പ്രവചിക്കുന്ന സർവെ എൽഡിഎഫ് 39-41 ശതമാനം വരെ വോട്ട് നേടിയേക്കാമെന്നും പറയുന്നു. ബിജെപി 13-15 ശതമാനം വരെ വോട്ട് ലഭിച്ചേക്കാമെന്നും സർവെ പ്രവചിക്കുന്നു
ഫെബ്രുവരി മാസം ഒൻപതാം തീയതി മുതൽ 24-ാം തീയതി വരെ നടത്തിയ സർവേയുടെ അടിസ്ഥാനത്തിലാണ് ലോക്‌പോളിന്റെ പ്രവചനം. ഒരു മണ്ഡലത്തിൽനിന്ന് ഏകദേശം മുന്നൂറുപേരാണ് സർവേയിൽ പങ്കെടുത്തത്. ഇത്തരത്തിൽ 42000 പേരിൽനിന്നാണ് അഭിപ്രായം ആരാഞ്ഞതെന്നും സർവെക്കാർ അവകാശപ്പെടുന്നു. ശബരിമല സ്വർണക്കൊള്ളയും ക്രമക്കേടുകളും എൽഡിഎഫ് സർക്കാരിന്റെ വിശ്വാസ്യതയ്ക്ക് കാര്യമായ ക്ഷതം ഏൽപ്പിച്ചിട്ടുണ്ടെന്നാണ് സർവേ പറയുന്നത്. പ്രതിപക്ഷത്തിന്റെ ദുർഭരണ, അഴിമതി ആരോപണങ്ങൾ എൽഡിഎഫിന്റെ ക്ഷേമപദ്ധതികളെ മറച്ചുകളഞ്ഞതായും സർവേ കണ്ടെത്തിയിട്ടുണ്ട്.
മുസ്‌ലിം, ക്രിസ്ത്യൻ വോട്ടുകൾ കൂട്ടത്തോടെ യുഡിഎഫിലേക്ക് നീങ്ങുമെന്നും സർവേ പറയുന്നു. തെക്കൻകേരളത്തിലെ എൽഡിഎഫ് വോട്ടുബാങ്കുകൾ (നെൽക്കർഷകർ, കശുവണ്ടിത്തൊഴിലാളികൾ, സർക്കാർ ജീവനക്കാർ)ക്കിടയിൽ അതൃപ്തിയുണ്ടെന്നും ഇത് യുഡിഎഫിന്റെ വിജയത്തിലേക്ക് നയിക്കുന്ന കാരണമായേക്കാം. മാത്രമല്ല കേരളാകോൺഗ്രസ് എമ്മിനുള്ളിലെ പടലപ്പിണക്കങ്ങളും യുഡിഎഫിലേക്ക് വോട്ടുമറിയാൻ കാരണമായേക്കാമെന്നും സർവേ പറയുന്നു. യുഡിഎഫിൽ ഐക്യമില്ലെന്ന പ്രചരണമുണ്ടെങ്കിൽ പോലും മുന്നണിയിലെ ഇഴയടുപ്പം, വോട്ടുചോരാനുള്ള സാധ്യതക്കുറവ്, തദ്ദേശതിരഞ്ഞെടുപ്പിലെ വിജയം നൽകിയ ഊർജം എന്നിവ അവർക്ക് നേട്ടമുണ്ടാക്കുമെന്നാണ് സർവേ വിലയിരുത്തുന്നത്.
തിരുവനന്തപുരത്തെ ചില കേന്ദ്രങ്ങളിൽ മാത്രമേ ബിജെപിക്ക് മുന്നേറ്റമുണ്ടാക്കാൻ സാധിക്കൂവെന്നും ദുർബലമായ പ്രാദേശിക നേതൃത്വം പാർട്ടിയുടെ സംസ്ഥാനവ്യാപക വളർച്ചയ്ക്ക് തടസ്സം സൃഷ്ടിക്കുന്നെന്നും സർവേ പറയുന്നു.
പ്രവചിക്കപ്പെടുന്ന സീറ്റുകൾ ഇങ്ങനെ
വടക്കൻ കേരളം
- എൽഡിഎഫ്: 11-16
- യുഡിഎഫ്: 32-37
- എൻഡിഎ:0
മധ്യകേരളം
- എൽഡിഎഫ്: 18-23
- യുഡിഎഫ്: 30-35
- എൻഡിഎ:0
തെക്കൻ കേരളം
- എൽഡിഎഫ്: 19-23
- യുഡിഎഫ്: 13-17
- എൻഡിഎ: 0-2
വടക്കൻ കേരളത്തിന്റെ മനസ്സെന്ത്
വടക്കൻ കേരളത്തിൽ മുസ്‌ലിം വോട്ടുകളുടെ സമാഹരണത്തിന് ലീഗ് മുഖ്യകാരണണാകുമെന്നും സർവേ വിലയിരുത്തുന്നു. മലപ്പുറത്ത് സമ്പൂർണ ആധിപത്യത്തിനും കോഴിക്കോട്ട് വലിയ ചില സർപ്രൈസുകൾക്കും സാധ്യതയുണ്ട്. കണ്ണൂർ, കാസർകോട് ജില്ലകളിലും യുഡിഎഫിന് നേട്ടമുണ്ടാകും. കണ്ണൂർ, പാലക്കാട് ജില്ലകളിലെ എൽഡിഎഫ് കോട്ടകൾക്ക് ഇക്കുറിയും ഇളക്കം തട്ടാൻ സാധ്യത കുറവാണ്. കണ്ണൂരിലെ പ്രാദേശിക നേതാക്കൾക്കെതിരായ അഴിമതി ആരോപണങ്ങളിൽ പാർട്ടി പ്രവർത്തകർക്കിടയിൽ ഒറ്റപ്പെട്ടതെങ്കിലും അതൃപ്തിയുണ്ട്. കാസർകോട്, കോഴിക്കോട്, പാലക്കാട് ജില്ലകളിലെ ചില കേന്ദ്രങ്ങളിൽ ബിജെപി മികച്ച പ്രകടനം കാഴ്ചവെക്കാൻ സാധ്യതയുണ്ട്.
മധ്യകേരളം
തൃശ്ശൂരിലും എറണാകുളത്തും സിറോ മലബാർ, ലത്തീൻ കത്തോലിക്ക വോട്ടുകൾ കോൺഗ്രസിന്റെ പെട്ടിയിൽ വീഴും.
ദേശീയതലത്തിലെ ബിജെപിയുടെ ക്രിസ്ത്യൻവിരുദ്ധ നിലപാട് തൃശ്ശൂർ, കോട്ടയം ജില്ലകളിലെ ക്രിസ്ത്യൻ വോട്ടുകൾ സമാഹരിക്കപ്പെടുന്നതിലേക്ക് നയിക്കും. മണ്ണെണ്ണ ക്ഷാമം ഉൾപ്പെടെയുള്ള വിഷയങ്ങൾ തൃശ്ശൂർ, എറണാകുളം, ആലപ്പുഴ ജില്ലകളിലെ മത്സ്യത്തൊഴിലാളി വിഭാഗങ്ങളെ സ്വീധീനിക്കും. ഇടുക്കി, കോട്ടയം, എറണാകുളം എന്നിവിടങ്ങളിലെ റബ്ബർ കർഷകർക്കിടയിലും എൽഡിഎഫിനോട് അതൃപ്തിയുണ്ട്. ഇത് യുഡിഎഫിന് ഗുണകരമാകും. കാർഷികമേഖലയിലെ പ്രതിസന്ധിയും വന്യജീവി ആക്രമണങ്ങളും പരമ്പരാഗത ശക്തികേന്ദ്രങ്ങളിൽ എൽഡിഎഫിന് തിരിച്ചടിയുണ്ടാക്കിയേക്കാം. ധീവര, വിശ്വകർമ സമുദായങ്ങളിലേക്ക് കടന്നുചെല്ലാനുള്ള നീക്കങ്ങൾ ബിജെപി നടത്തുന്നുണ്ട്. ട്വന്റി-20യുമായുള്ള ബിജെപിയുടെ സഖ്യം എന്തെങ്കിലും വലിയനേട്ടം ഉണ്ടാക്കാനിടയില്ല.
തെക്കൻ കേരളം
വടക്കൻ കേരളത്തെയും മധ്യകേരളത്തെയുംവെച്ചു നോക്കുമ്പോൾ എൽഡിഎഫിന് തെക്കൻ കേരളത്തിൽ താരതമ്യേന മികച്ച പ്രകടനം കാഴ്ചവെക്കാനാകും. സംസ്ഥാനതലത്തിൽ വിരുദ്ധതരംഗമുണ്ടെങ്കിലും പല സിറ്റിങ് എംഎൽഎമാർക്ക് നേരെയും ഭരണവിരുദ്ധവികാരം താരതമ്യേന കുറവാണ്. എൽഡിഎഫിന്റെ തിരുവനന്തപുരത്തെയും ആലപ്പുഴയിലെയും പരമ്പരാഗത വോട്ടുബാങ്കായ ഈഴവ വിഭാഗത്തിലേക്കുള്ള ബിജെപിയുടെ കടന്നുകയറ്റം വോട്ട് വിഭജനത്തിന് കാരണമാവുകയും അത് പരോക്ഷമായി യുഡിഎഫിന് ഗുണകരമാവുകയും ചെയ്യും. ഭരണവിരുദ്ധ വികാരം, ശബരിമല വിഷയം തുടങ്ങിയവ ക്രിസ്ത്യൻ, മുസ്‌ലിം, കോൺഗ്രസ് അനുഭാവമുള്ള നായർ വോട്ടുകൾ എന്നിവയെ യുഡിഎഫിനൊപ്പം നിർത്തും. ഇത് പത്തനംതിട്ടയിൽ നിർണായകമായ നേട്ടത്തിനും കോട്ടയം, ഇടുക്കി ജില്ലകളിൽ ഗണ്യമായ നേട്ടത്തിനും വഴിവെക്കും. കൊല്ലം, ആലപ്പുഴ ജില്ലകളിലും യുഡിഎഫിന് നേട്ടമുണ്ടാകും. നെൽക്കർഷകർ, കശുവണ്ടി-കയർത്തൊഴിലാളികൾ, എംഎൻആർഇജിഎ, ആശാവർക്കേഴ്‌സ് എന്നിവർക്കിടയിലെ അസംതൃപ്തിയും യുഡിഎഫിന് ഗുണകരമായേക്കും. തിരുവനന്തപുരത്ത് ചില മണ്ഡലങ്ങളിൽ ബിജെപിക്ക് അക്കൗണ്ട് വീണ്ടും തുറക്കാൻ സാധിച്ചേക്കും.
