16കാരിയെ പീഡിപ്പിച്ച സംഭവം: പ്രധാന പ്രതി 15കാരൻ; പീഡനം ബന്ധുവിൻ്റെ അറിവോടെ
കാസർഗോഡ്: കാസർഗോഡ് തൃക്കരിപ്പൂരിൽ 16 കാരിയെ പീഡിപ്പിച്ച കേസിൽ പ്രധാന പ്രതി പതിനഞ്ചുകാരനെന്ന് പൊലീസ്. കേസിൽ പ്രതിയായ ബന്ധുവിൻ്റെ അറിവോടെയാണ് പീഡനം നടന്നതെന്നും പൊലീസ് കണ്ടെത്തി. പെൺകുട്ടി ഗുരുതര ലൈംഗിക ചൂഷണമാണ് നേരിട്ടത്. കേസിൽ പ്രതിയായ പതിനഞ്ച് വയസുകാരനാണ് സമുഹമാധ്യമത്തിലൂടെ പെൺകുട്ടിയെ ആദ്യം പരിചയപ്പെട്ടത്. സാമ്പത്തിക ഇടപാട് നടന്നിട്ടുണ്ടോയെന്ന് സംശയമുണ്ടെന്നും പൊലീസ് പറഞ്ഞു.
ഒരു വർഷത്തിനിടെ നിരവധി തവണയാണ് പെൺകുട്ടി ലൈംഗിക പീഡനത്തിന് ഇരയായത്. കേസിൽ നിലവിൽ അഞ്ച് പ്രതികളാണ് ഉള്ളത്. അന്വേഷണത്തിൽ കൂടുതൽ പ്രതികൾ ഉൾപ്പെടാൻ സാധ്യതയുണ്ടെന്നാണ് പൊലീസിൻ്റെ നിഗമനം.
ചന്തേര പൊലീസ് സ്റ്റേഷൻ പരിധിയിൽ താമസിക്കുന്ന പതിനാറുകാരിയെ പീഡിപ്പിച്ചതായാണ് പരാതി. സംഭവത്തിൽ 15 വയസുകാരൻ ഉൾപ്പെടെ അഞ്ച് പേർക്കെതിരെ ചന്തേര പൊലീസ് കേസ് രജിസ്റ്റർ ചെയ്തിരുന്നു. ഇവരിൽ രണ്ട് പേരെ പൊലീസ് കസ്റ്റഡിയിൽ എടുത്തു. കോഴിക്കട ജീവനക്കാരനായ വയക്കര പോത്താംകണ്ടത്തെ നൗഷാദ്, തൃക്കരിപ്പൂരിലെ ഫയാസ് എന്നിവരാണ് പിടിയിലായത്. ഇവരെ കോടതിയിൽ ഹാജരാക്കും.
കേസിലെ മറ്റ് പ്രതികളായ റാഷിദ്, ഉദിനൂര്‍ സ്വദേശിയായ 15 വയസുകാരന്‍, പെണ്‍കുട്ടിയുടെ സഹോദരി ഭര്‍ത്താവ് എന്നിവരാണ് മറ്റുള്ള പ്രതികള്‍. ഇതില്‍ സഹോദരി ഭര്‍ത്താവ് രണ്ട് മാസം മുന്‍പ് അസുഖ ബാധിതനായി മരിച്ചു. കേസിലെ മുഖ്യപ്രതിയായ 15 വയസുകാരനെയും റാഷിദിനെയുമാണ് ഇനി പിടികൂടാനുള്ളത്. ഇവർ ഇപ്പോൾ ഒളിവിലാണ്. പൊലീസ് ഇവർക്കായി തിരച്ചിൽ ആരംഭിച്ചിട്ടുണ്ട്.
റാഷിദ് രണ്ടാഴ്ച്ച മുന്‍പ് ഗള്‍ഫിലേക്ക് കടന്നതായാണ് വിവരം. പെണ്‍കുട്ടിയുടെ വീട്ടില്‍ കോഴിയിറച്ചി എത്തിച്ചുകൊടുത്തിരുന്ന ആളായിരുന്നു റാഷിദ്. ഇതിനിടെ ഇയാള്‍ പെണ്‍കുട്ടിയെ പീഡിപ്പിക്കുന്നത് വീട്ടുകാര്‍ കണ്ടതോടെയാണ് വിവരം പുറത്തറിഞ്ഞത്. പിന്നീട് ചൈല്‍ഡ് ലൈന്‍ അധികൃതര്‍ പെണ്‍കുട്ടിയെ കൗണ്‍സിലിങിന് വിധേയയാക്കിയപ്പോളാണ് ഒന്നിലേറെ പേര്‍ പീഡിപ്പിച്ച വിവരം പുറത്തുവന്നത്. സംഭവത്തില്‍ വിശദ അന്വേഷണം ആരംഭിച്ചതായി ചന്തേര പൊലീസ് വ്യക്തമാക്കിയിട്ടുണ്ട്.
