സ്കൂളിൽവെച്ച് ഷോക്കേറ്റ് മരിച്ച മിഥുന്റെ കുടുംബത്തിന് വീടായി; താക്കോൽ കൈമാറി
കൊല്ലം: സ്കൂളിലെ വൈദ്യുതലൈനിൽനിന്ന് ഷോക്കേറ്റു മരിച്ച മിഥുന്റെ കുടുംബത്തിന് സ്വന്തമായി ഒരു വീട് എന്ന സ്വപ്നം യാഥാർഥ്യമാക്കി കേരള സ്റ്റേറ്റ് ഭാരത് സ്കൗട്ട്സ് ആൻഡ് ഗൈഡ്സ്. ‘മിഥുന്റെ വീട്, എന്റെയും’ എന്ന പദ്ധതിയിലൂടെയാണ് തേവലക്കര ബോയ്സ് ഹൈസ്കൂളിലെ എട്ടാം ക്ലാസ് വിദ്യാർഥിയായിരുന്ന മിഥുന്റെ കുടുംബത്തിന് നിർമിച്ചത്. ശനിയാഴ്ച രാവിലെ ഒൻപതിന് പടിഞ്ഞാറെ കല്ലട വിളന്തറയിലുള്ള മിഥുന്റെ വസതിയിൽവച്ചു നടന്ന ചടങ്ങ് മന്ത്രി വി. ശിവൻകുട്ടി ഉദ്ഘാടനം ചെയ്തു.
വീട് വെച്ചുകൊടുക്കാമെന്ന് പറഞ്ഞ് കാശ് പിരിച്ച് ചതിക്കുന്നവരുള്ള കാലത്ത് മിഥുന് വീട് യാഥാർഥ്യമായിരിക്കുന്നുവെന്നും വിചാരിച്ചതിലും മുമ്പ് പണികൾ തീർക്കാനായതിൽ സന്തോഷമുണ്ടെന്നും മന്ത്രി താക്കോൽകൈമാറ്റ ചടങ്ങിൽ പറഞ്ഞു. മിഥുൻ്റെ പിതാവ് മനുവിന് കൈമാറി. കോവൂർ കുഞ്ഞുമോൻ എം.എൽ.എ. അധ്യക്ഷനായി. സ്കൗട്ട് ആൻഡ് ഗൈഡ് അംഗങ്ങളും തേവലക്കര ബോയ്സ് ഹൈസ്കൂളിലെ കുട്ടികളും ചടങ്ങിൽ പങ്കെടുക്കാനെത്തിയിരുന്നു.
മിഥുന്റെ കുടുംബത്തിന്റെ ഉടമസ്ഥതയിലുള്ള നാല് സെന്റ് സ്ഥലത്ത് 20 ലക്ഷം രൂപ ചെലവഴിച്ച് മൂന്ന് കിടപ്പുമുറികൾ, കുളിമുറി, വായനമുറി, വരാന്ത എന്നിവ ഉൾപ്പെടെയുള്ള ആധുനിക സൗകര്യങ്ങളോടെ 1000 ചതുരശ്ര അടി വിസ്തീർണമുള്ള വീടാണ് പൂർത്തീകരിച്ചിരിക്കുന്നത്. 2025 ഓഗസ്റ്റ് 10-ന് മന്ത്രി ശിവൻകുട്ടി ശിലാസ്ഥാപനം നിർവഹിച്ച പദ്ധതി ആറുമാസത്തിനുള്ളിൽ പൂർത്തിയാക്കാൻ സാധിച്ചതായി സ്കൗട്ട്സ് ആൻഡ് ഗൈഡ്സ് ജില്ലാ സെക്രട്ടറി ആർ. ഹിതേഷ് വെള്ളിയാഴ്ച പത്രസമ്മേളനത്തിൽ അറിയിച്ചിരുന്നു.
