ശബരിമലയിലെ സ്വർണവാതിലിലും കള്ളക്കളി; യഥാർഥ വാതിൽ പലതവണ അഴിച്ചുമാറ്റി അളവെടുത്തു

Share our post

തിരുവനന്തപുരം: ശബരിമല സ്വർണക്കൊള്ളയുമായി ബന്ധപ്പെട്ട നിർണായക ചിത്രങ്ങൾ പുറത്ത്. ശബരിമലയിലെ സ്വർണ വാതിലിൽ സ്വർണം പൊതിയും മുമ്പ് രണ്ടു തവണ സന്നിധാനത്ത് എത്തിച്ചതിന്റെ തെളിവുകളാണ് ഇപ്പോൾ പുറത്തുവന്നിരിക്കുന്നത്. ഉണ്ണികൃഷ്ണൻ പോറ്റി സ്‌പോൺസർ ചെയ്ത വാതിലാണ് സ്വർണം പൊതിയും മുമ്പ് സന്നിധാനത്ത് എത്തിച്ചിരുന്നത്. ഇതിന്റെ ചിത്രങ്ങൾ മാതൃഭൂമി ന്യൂസിന് ലഭിച്ചു. ആദ്യം വാതിലിന്റെ തടിപ്പണി പൂർത്തിയായ ശേഷം സന്നിധാനത്ത് കൊണ്ടുവന്നു. പിന്നീട് തടിയിൽ ചെമ്പ് പൊതിഞ്ഞ ശേഷവും വാതിലുകൾ സന്നിധാനത്തെത്തിച്ച് അളവ് നോക്കുന്ന ചിത്രങ്ങളാണ് ഇപ്പോൾ പുറത്തുവന്നിരിക്കുന്നത്.

ശബരിമല സ്വർണക്കൊള്ളയുമായി ബന്ധപ്പെട്ട് ശബരിമലയിലെ പല സ്വർണ ഉരുപ്പടികളും നഷ്ടപ്പെട്ടോ എന്ന സംശയം കോടതി നേരത്തേ തന്നെ ഉന്നയിച്ചിരുന്നു. കഴിഞ്ഞ നവംബർ അഞ്ചിന് ഹൈക്കോടതി ദേവസ്വം ബെഞ്ച് പുറപ്പെടുവിച്ച ഉത്തരവിൽ 1998-ൽ വ്യവസായി വിജയ് മല്യ സ്വർണം പൊതിഞ്ഞ ശബരിമല ശ്രീകോവിലിന്റെ സ്വർണ വാതിൽ വാതിൽ മുഴുവനായും നഷ്ടപ്പെട്ടിട്ടുണ്ടോ എന്ന സംശയം ഉന്നയിക്കുന്നുണ്ട്.

2019-ൽ ശബരിമലയിൽ പുതിയ വാതിൽ സമർപ്പണം നിർവഹിച്ചിരിക്കുന്നത് ഉണ്ണികൃഷ്ണൻ പോറ്റിയാണ്. അതിനു മുമ്പ് 2018-ൽ പലതവണ പോറ്റിയും വാതിലുമായി ബന്ധപ്പെട്ട നിർമാണ പ്രവർത്തനം നടത്തുന്നവരും സന്നിധാനത്തെത്തി അവിടെയുണ്ടായിരുന്ന സ്വർണം പൊതിഞ്ഞ യഥാർഥ വാതിൽ ഇളക്കി മാറ്റുകയും അതിന്റെ അളവുകൾ പരിശോധിക്കുകയും ചെയ്തുവെന്ന് ഹൈക്കോടതി സംശയ ദൃഷ്ടിയോടെ നവംബർ അഞ്ചിലെ ഉത്തരവിൽ ചൂണ്ടിക്കാണിച്ചിരുന്നു. ഇത്തരത്തിൽ സ്വർണ വാതിൽ നിർമാണത്തിൽ ഏർപ്പെട്ടിരുന്നവർ പലതവണ പോറ്റിയോടൊപ്പം സന്നിധാനത്തെത്തിയ ചിത്രങ്ങളാണ് ഇപ്പോൾ പുറത്തുവന്നിരിക്കുന്നത്.

മുൻ ദേവസ്വം ബോർഡ് പ്രസിഡന്റും ഉന്നത ഉദ്യോഗസ്ഥരും ഈ അസ്വാഭാവിക നടപടികൾക്ക് സാക്ഷികളായി കൂടെയുണ്ടായിരുന്നു എന്നതും ചിത്രങ്ങളിൽ നിന്ന് വ്യക്തമാണ്. സ്വർണക്കൊള്ളയുമായി ബന്ധപ്പെട്ട് നടന്നു എന്ന് പറയപ്പെടുന്ന ആസൂത്രിത ഗൂഢാലോചന ബലപ്പെടുത്തുന്ന ചിത്രങ്ങളാണിത്.

ശ്രീകോവിലിലെ സ്വർണവാതിൽ ഇളക്കി മാറ്റി ചെമ്പ് വാതിൽ ഇട്ട് അളവ് നോക്കുന്ന സമയത്ത് അന്നത്തെ ദേവസ്വം ബോർഡ് പ്രസിഡന്റ് എ. പത്മകുമാർ, തിരുവാഭരണം കമ്മീഷണർ കെ.എസ്. ബൈജു, മുരാരി ബാബു എന്നിവരുടെ സാന്നിധ്യം ഉണ്ടായിരുന്നു എന്ന് ചിത്രങ്ങളിൽ നിന്ന് വ്യക്തമാണ്. ചട്ടപ്രകാരമുള്ള നടപടിക്രമങ്ങൾ പാലിക്കാതെയാണ് ഇത്തരം നീക്കങ്ങൾ നടന്നതെന്ന സംശയമാണ് ഇത് ഉയർത്തുന്നത്.

തൃശ്ശൂരിൽ നിന്ന് വാങ്ങിയ തടി ഉപയോഗിച്ച് ബെംഗളൂരുവിലെ ശ്രീരാമപുര ക്ഷേത്രത്തിൽ വെച്ചാണ് വാതിൽ നിർമിച്ചത്. തുടർന്ന് ഹൈദരാബാദിൽ വെച്ച് ചെമ്പ് തകിട് പൊതിഞ്ഞ ശേഷം സന്നിധാനത്ത് കൊണ്ടുവന്ന് അളവ് പരിശോധിച്ചു. ഇതിനുശേഷമാണ് ചെന്നൈയിലെ ‘സ്മാർട്ട് സ്റ്റേഷൻസിൽ’ വെച്ച് ഇതിൽ സ്വർണം പൊതിഞ്ഞത്.

ചെന്നൈയിൽ വെച്ച് സ്വർണം പൊതിഞ്ഞ ശേഷം വാതിൽ ദേവസ്വം ബോർഡ് നേരിട്ട് ഏറ്റെടുക്കുന്നതിന് പകരം ഉണ്ണികൃഷ്ണൻ പോറ്റിക്ക് വിട്ടുനൽകുകയായിരുന്നു. അദ്ദേഹം ഈ വാതിൽ കോട്ടയത്തെ ഇളമ്പള്ളി ക്ഷേത്രത്തിൽ കൊണ്ടുപോയി ഘോഷയാത്രയും സ്വീകരണവും സംഘടിപ്പിച്ചു. നടൻ ജയറാം, ഭാര്യ പാർവതി എന്നിവർ സ്‌പോൺസർമാരാണെന്ന് കാണിച്ച് അവിടെയിറക്കിയ സുവനീറിലൂടെ ധനസമ്പാദനത്തിന് അവസരം ഒരുക്കിയെന്നും ഹൈക്കോടതി വിലയിരുത്തിയിട്ടുണ്ട്.

 

 

 

 


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!