ഓൺലൈൻ ട്രേഡിങ് വഴി തട്ടിപ്പ്: സംഘത്തിലെ ഒരാൾ കൂടി അറസ്റ്റിൽ
കൽപറ്റ ∙ ഓൺലൈൻ ട്രേഡിങ് വഴി പണം സമ്പാദിക്കാമെന്ന് വാഗ്ദാനം ചെയ്ത് ഡൽഹി സ്വദേശിനിയിൽനിന്നു 4 ലക്ഷത്തോളം രൂപ തട്ടിയെടുത്ത കേസിൽ ഓൺലൈൻ തട്ടിപ്പ് സംഘത്തിലെ ഒരാൾ കൂടി അറസ്റ്റിൽ. വെങ്ങപ്പള്ളി സ്വദേശി അഷ്കർ അലി(30)യെയാണ് വയനാട് സൈബർ ക്രൈം പൊലീസ് ഇൻസ്പെക്ടർ ഷജു ജോസഫും സംഘവും ബെംഗളൂരുവിൽനിന്ന് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ സെപ്റ്റംബറിലാണ് ഡൽഹി സ്വദേശിനിയെ സൈബർ തട്ടിപ്പ് സംഘം ടെലിഗ്രാം വഴി ട്രേഡിങ് നടത്തി ലാഭം നൽകാം എന്ന് വിശ്വസിപ്പിച്ച് ചതിയിൽ വീഴ്ത്തിയത്.
യുവതിയിൽനിന്നു തട്ടിപ്പിലൂടെ നേടിയ പണത്തിൽ ഒന്നര ലക്ഷം രൂപ വൈത്തിരി സ്വദേശിയായ വിഷ്ണു എന്നയാളുടെ അക്കൗണ്ടിലേക്ക് വരികയും ആ പണമടക്കം മൂന്നര ലക്ഷത്തോളം രൂപ വിഷ്ണു ചെക്ക് വഴി പിൻവലിച്ച് അഷ്കർ അലിക്ക് കൈമാറുകയുമായിരുന്നു. വിഷ്ണുവിനെ നേരത്തെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. തട്ടിപ്പ് സംഘത്തിന് ഇടയിൽ പ്രവർത്തിച്ച അഷ്കർ അലി മറ്റുപലരെയും ഇത്തരത്തിൽ തട്ടിപ്പിന് വിധേയമാക്കിയതായി അന്വേഷണത്തിൽ വ്യക്തമായെന്ന് പൊലീസ് പറഞ്ഞു.
വിഷ്ണുവിനെ പൊലീസ് അറസ്റ്റ് ചെയ്ത വിവരമറിഞ്ഞ് ഉത്തരേന്ത്യയിലേക്കു രക്ഷപ്പെട്ട അഷ്കർ അലി പിന്നീട് ബെംഗളൂരുവിൽ എത്തിയതായ സൂചനയനുസരിച്ചാണ് വയനാട് ജില്ലാ പൊലീസ് മേധാവിയുടെ നിർദേശാനുസരണം പ്രതിയെ ബെംഗളൂരുവിലെത്തി പൊലീസ് പിടികൂടിയത്. പ്രതിയുടെ ഫോണിൽ ഒട്ടേറെയാളുകളുടെ ബാങ്ക് അക്കൗണ്ട് വിവരങ്ങൾ സൂക്ഷിച്ച് ഷെയർ ചെയ്തതായി വ്യക്തമായിട്ടുണ്ട്.
അഷ്കർ അലിയിൽനിന്നു പണം സ്വീകരിച്ച മറ്റു പ്രതികളെക്കുറിച്ചും അന്വേഷണം നടന്നു വരുന്നു. പ്രതിയെ കൽപറ്റ സിജെഎം കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. പൊലീസ് സംഘത്തിൽ എഎസ്ഐ കെ.റസാഖ്, പി.ഹാരിസ്, സിപിഒമാരായ ജോജി, ലൂക്ക, ജിനീഷ് എന്നിവരും ഉണ്ടായിരുന്നു.
