അവ്യക്തത തുരടുന്നു; സെൻസസിനൊപ്പം “ജാതി കണക്കെടുപ്പ്” എന്ന് വിശദീകരണവുമായി കേന്ദ്ര സര്‍ക്കാര്‍

Share our post

ന്യൂഡൽഹി:സെൻസസ് 2027ന്റെ ഭാഗമായി ജാതി വിവരശേഖരണവും നടത്തുമെന്ന് കേന്ദ്ര സര്‍ക്കാര്‍.സെൻസസ് 2027ന്റെ രണ്ടാം ഘട്ടമായ ജനസംഖ്യാ സെൻസസിനോടൊപ്പം ജാതിവിവരങ്ങളും രേഖപ്പെടുത്തുമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രാലയം പുറപ്പെടുവിച്ച വിശദീകരണത്തിൽ അവകാശപ്പെടുന്നു. ജാതി സെൻസസ് നടത്താതെ നരേന്ദ്ര മോദി സര്‍ക്കാര്‍ മലക്കം മറിയുന്നു എന്ന ആക്ഷേപങ്ങൾക്കിടയിലാണ് വിശദീകരണം. സെൻസസിന്റെ ഭാഗമായി ജാതിയും രേഖപ്പെടുത്തും എന്നുമാത്രമാണ് തുടര്‍ വിശദീകരണങ്ങളിൽ വ്യക്തമാക്കുന്നത്.രാജ്യത്തെ മിക്ക സംസ്ഥാനങ്ങളിലും ഈ ഘട്ടം 2027ഫെബ്രുവരിയിൽ ആരംഭിക്കും.മഞ്ഞുവീഴ്ച കൂടുതലുള്ള ജമ്മു-കശ്മീർ,ഹിമാചൽ പ്രദേശ്,ഉത്തരാഖണ്ഡ് എന്നീ സംസ്ഥാനങ്ങളിലെ മേഖലകളിൽ ഇത് 2026സെപ്റ്റംബറിൽ ആയി ക്രമീകരിക്കും.

മുൻ സെൻസസുകളെ പോലെ തന്നെ ഇത്തവണയും രണ്ട് ഘട്ടങ്ങളിലായാണ് സെൻസസ് നടത്തുന്നതെന്നും മന്ത്രാലയം വ്യക്തമാക്കുന്നു.ആദ്യ ഘട്ടമായ ഹൗസ്‌ലിസ്റ്റിംഗ്,ഹൗസിംഗ് സെൻസസ് ഏപ്രിൽ 1ന് ആരംഭിക്കും.ഈ ഘട്ടത്തിൽ ചോദിക്കേണ്ട 33ചോദ്യങ്ങൾ സർക്കാർ ജനുവരി 22ന് വിജ്ഞാപനം ചെയ്തിരുന്നു.രജിസ്ട്രാർ ജനറൽ ഓഫ് ഇന്ത്യ മൃത്യുഞ്ജയ് കുമാർ നാരായൺ പുറത്തിറക്കിയ ഗസറ്റ് വിജ്ഞാപനമനുസരിച്ച്,വീടിന്റെ നിർമ്മാണത്തിനുപയോഗിച്ച സാമഗ്രികൾ,കുടുംബനാഥന്റെ ലിംഗം,വീട്ടിൽ താമസിക്കുന്ന വിവാഹിത ദമ്പതികളുടെ എണ്ണം,ഉപയോഗിക്കുന്ന ധാന്യങ്ങളുടെ തരം,ആധുനികവുമായ സൗകര്യങ്ങളിലേക്കുള്ള കുടുബത്തിന്റെ പ്രവേശനം,വാഹനങ്ങളുടെ തരം എന്നിവ ഉൾപ്പെടെയുള്ള വിവരങ്ങളാണ് ശേഖരിക്കുന്നത്.

പ്രഖ്യാപനത്തിൽ ഉണ്ട്,വിവരണ ശേഖരണ പട്ടികയിൽ ഇല്ല

ജനസംഖ്യാ കണക്കെടുപ്പിന്റെ ഭാഗമായി വിവരങ്ങൾ ശേഖരിക്കുന്നതിനെ ജാതി സെൻസസായി വിശദീകരിക്കുന്നു.ഇതിനായി കോളമോ പ്രത്യേക ഷീറ്റോ ഇല്ല. കുടുംബനാഥന്റെ പേര്,ലിംഗം,അദ്ദേഹം അല്ലെങ്കിൽ അവർ പട്ടികജാതി,പട്ടികവർഗം അല്ലെങ്കിൽ മറ്റ് വിഭാഗങ്ങളിൽപ്പെടുന്നുണ്ടോ എന്നതും ചോദിക്കുന്നു. ഇതിന് പുറമെ വീടിന്റെ ഉടമസ്ഥാവകാശം,മുറികളുടെ എണ്ണം,വിവാഹിത ദമ്പതികളുടെ എണ്ണം തുടങ്ങിയ വിവരങ്ങളും ഈ ഘട്ടത്തിൽ ശേഖരിക്കുമെന്നാണ് വിജ്ഞാപനത്തിൽ പറയുന്നത്.ഏപ്രിൽ 1മുതൽ സെപ്റ്റംബർ 30വരെ സംസ്ഥാനങ്ങളും കേന്ദ്രഭരണ പ്രദേശങ്ങളും നിശ്ചയിക്കുന്ന 30ദിവസത്തെ സമയപരിധിയിലാണ് ഹൗസ്‌ലിസ്റ്റിംഗ് നടത്തുക.ഹൗസ്‌ലിസ്റ്റിംഗ് ആരംഭിക്കുന്നതിന് മുൻപ് 15ദിവസത്തെ സ്വയം-എണ്ണൽ (സെൽഫ് എൻമറേഷൻ)സംവിധാനവും ലഭ്യമാകും.

ജാതി സെൻസസ് നടത്താൻ ബിജെപിക്ക് യാതൊരു ഉദ്ദേശവുമില്ലെന്നാരോപിച്ച് സമാജ്‌വാദി പാർട്ടി അധ്യക്ഷൻ അഖിലേഷ് യാദവ് രംഗത്തെത്തി.സെൻസസ് വിജ്ഞാപനത്തിൽ ജാതിക്ക് പ്രത്യേക കോളം പോലും ഇല്ലെന്ന് അദ്ദേഹം എക്‌സിലെകുറിപ്പിൽ ചൂണ്ടിക്കാട്ടി. “അപ്പോൾ എന്താണ് അവർ എണ്ണാൻ പോകുന്നത്?ജാതി സെൻസസും ഒരു ബിജെപി പതിവ് കപട നാടകം മാത്രമാണ്,”എന്നും യാദവ് ആരോപിച്ചു.

ജാതി എണ്ണാതെ അനുപാതിക സംവരണത്തിനും അവകാശങ്ങൾക്കും അടിസ്ഥാനമുണ്ടാകില്ലെന്നും,ഇത് പ്രസ്തുത സമൂഹത്തിനെതിരായ ഗൂഢാലോചനയാണെന്നും അദ്ദേഹം പറഞ്ഞു.

ഹൗസ്‌ലിസ്റ്റിംഗ് ചോദ്യാവലിയിലെ 12-ാം ചോദ്യത്തിൽ കുടുംബനാഥൻ പട്ടികജാതി,പട്ടികവർഗം അല്ലെങ്കിൽ മറ്റ് വിഭാഗങ്ങളിൽപ്പെടുന്നുണ്ടോയെന്നത് മാത്രമാണ് ചോദിക്കുന്നത്.ഒബിസിയെയും ജനറൽ വിഭാഗങ്ങളെയും വ്യക്തമായി പരാമർശിക്കുന്നില്ല.ഇതോടെ സമഗ്രവും ന്യായവുമായ രാജ്യവ്യാപക ജാതി സെൻസസിനുള്ള കേന്ദ്രസർക്കാരിന്റെ പ്രതിബദ്ധതയെക്കുറിച്ച് ഗുരുതര സംശയങ്ങൾ ഉയരുന്നുവെന്നും വിമര്‍ശനങ്ങൾ ഉയര്‍ന്നു


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!