അമ്മ അടുത്തുണ്ടായിട്ടും അയാൾ ഉപദ്രവിച്ചു, ജോലിക്ക് പ്രതിഫലം ലൈംഗികത എന്ന് കരുതുന്നിടത്താണ് പ്രശ്നം’

Share our post

  ഹൈദരാബാദ്  : തെലുങ്ക് സിനിമാ മേഖലയിൽ കാസ്റ്റിങ് കൗച്ച് ഇല്ലെന്ന ചിരഞ്ജീവിയുടെ പരാമർശത്തിനെതിരേ ഗായിക ചിന്മയി ശ്രീപദ. ജോലിക്ക് പ്രതിഫലമായി ലൈംഗിക ബന്ധത്തിന് അവകാശമുണ്ടെന്ന് പുരുഷന്മാർ വിശ്വസിക്കുന്നിടത്താണ് യഥാർഥ പ്രശ്‌നമെന്ന് ചിന്മയി അഭിപ്രായപ്പെട്ടു. കാസ്റ്റിങ് കൗച്ച് സിനിമയിൽ വ്യാപകമാണെന്നും ഗായിക ചിരഞ്ജീവിയെ തിരുത്തി. ഗാനരചയിതാവായ വൈരമുത്തുവിൽനിന്ന് തനിക്ക് നേരിടേണ്ടി വന്ന ദുരനുഭവം ചിന്മയി എക്‌സ് കുറിപ്പിൽ ഓർമിപ്പിച്ച

‘കാസ്റ്റിങ് കൗച്ച് സിനിമയിൽ വ്യാപകമാണ്. ‘പൂർണ്ണമായും സഹകരിക്കാൻ’ തയ്യാറായില്ലെങ്കിൽ സ്ത്രീകൾക്ക് അവസരം നിഷേധിക്കപ്പെടുന്നു. സിനിമാ വ്യവസായത്തിൽ ‘പൂർണ്ണ സഹകരണം’ എന്നതിന് വേറെ അർഥമാണുള്ളത്. ഇംഗ്ലീഷ് വിദ്യാഭ്യാസം ലഭിച്ച പശ്ചാലത്തിൽനിന്ന് വരുന്ന ഒരാൾക്ക് ‘പ്രതിബദ്ധത’ എന്നാൽ, ‘പ്രൊഫഷണലിസം’ എന്നാണ് മനസിലാവുക. ജോലിക്ക് കൃത്യമായി വരിക, കഴിവിൽ വിശ്വസിക്കുക എന്നാണെങ്കിൽ നിങ്ങൾ തെറ്റിദ്ധരിക്കപ്പെട്ടുവെന്നാണ് അർഥം’, ചിന്മയി പറഞ്ഞു.

‘അവകാശമുണ്ടെന്ന് വിശ്വാസത്തിൽ പുരുഷന്മാർ തുടരുന്ന കാലത്തോളം പുരുഷന്മാർ സ്ത്രീകളിൽനിന്ന് ലൈംഗികസഹകരണം ആവശ്യപ്പെടുകയും പ്രതീക്ഷിക്കുകയും ചെയ്യും. ഒരു സംഗീതജ്ഞയെ സ്റ്റുഡിയോയിൽ ലൈംഗികമായ ആക്രമിക്കാൻ ശ്രമിച്ച —–നെ എനിക്കറിയാം. അയാളിൽനിന്ന് രക്ഷപ്പെടാനായി അവർക്ക് സൗണ്ട് ബൂത്തിൽ തുടരേണ്ടിവന്നു. പിന്നീട് മേഖലയിലെ മറ്റൊരു മുതിർന്ന വ്യക്തി വന്നാണ് അവളെ രക്ഷപ്പെടുത്തിയത്. അതിനുശേഷം അവർ ആ ജോലി ഉപേക്ഷിച്ചു. തനിക്ക് അവകാശമുണ്ടെന്ന തോന്നലിനാൽ മോശമായി പെരുമാറുന്ന, ലിംഗത്തിന്റെ ചിത്രങ്ങൾ അയയ്ക്കുന്ന, ലൈംഗിക ബന്ധം ആവശ്യപ്പെടുന്ന ഈ ഗായകനെപ്പോലെയുള്ള സ്ഥിരം കുറ്റവാളികൾക്ക് യാതൊരു ഖേദവുമില്ലാതെ പ്രേക്ഷകർ പിന്തുണ നൽകും’- ഗായിക ചൂണ്ടിക്കാട്ടി.

‘പെൺകുട്ടികൾക്കെതിരേയുള്ള ചൂഷണവും ലൈംഗിക പീഡനവും വ്യാപകമായൊരു പ്രശ്‌നമാണ്. വനിതാ സഹതാരങ്ങൾ സുഹൃത്തുക്കളോ കുടുംബ സുഹൃത്തുക്കളോ ആയിരുന്ന കാലത്തുനിന്നാണ് ചിരഞ്ജീവി ഗാരു വരുന്നത്. അവർ പരസ്പരം ബഹുമാനിക്കുകയും ഇതിഹാസങ്ങളോടൊപ്പം പ്രവർത്തിക്കുകയും സ്വയം തന്നെ ഇതിഹാസങ്ങളായി മാറുകയും ചെയ്തു’, അവർ അഭിപ്രായപ്പെട്ടു.

‘മീറ്റു പ്രസ്ഥാനം മനസിലാക്കാൻ കഴിയാത്ത തലമുറകളുണ്ട്. പീഡകർക്കെതിരേ വെളിപ്പെടുത്തൽ നടത്തിയ സ്ത്രീകളെ അപമാനിച്ചവരാണ് സൗകാർ ജാനകിയെപ്പോലുള്ളവർ. വൈ.ജി. മഹേന്ദ്രനോടൊപ്പമുള്ള അഭിമുഖത്തിൽ സൗകാർ ജാനകി സ്വയം ‘ഫെമിനിസ്റ്റ്’ എന്നാണ് അവകാശപ്പെടുന്നത്. എന്നാൽ, ജോലി സ്ഥലത്തെ ലൈംഗികാതിക്രമത്തെക്കുറിച്ച് തുറന്നുപറഞ്ഞ സ്ത്രീകളെ അവരും വൈ.ജി.എമ്മും ചേർന്ന് അപമാനിച്ചു. തുറന്നുപറച്ചിൽ അതിജീവിതയുടെ പങ്കാളിക്കും കുടുംബങ്ങൾക്കും അപമാനമാണെന്ന് പറയുകയും ചെയ്തു. വിദ്യാസമ്പന്നരായ യുവതികൾക്ക് ഇപ്പോൾ സിനിമാ വ്യവസായത്തിൽ എന്താണ് നടക്കുന്നതെന്നറിയാം’- ചിന്മയി കുറിച്ചു.

‘അതിനാൽ, സിനിമാ മേഖല നിങ്ങളെന്താണെന്നത് പ്രതിഫലിപ്പിക്കുന്ന ഇടമല്ല. വൈരമുത്തു എന്നെ ലൈംഗികമായി പീഡിപ്പിച്ചത് ഞാൻ അത് ആവശ്യപ്പെട്ടതുകൊണ്ടല്ല. കൗമാരം വിട്ടൊഴിയാത്ത ഞാൻ അദ്ദേഹത്തെ മാർഗദർശിയായും ഇതിഹാസ ഗാനരചയിതാവും ബഹുമാനിച്ചു. വിശ്വസിക്കാൻ കഴിയാത്ത ‘വയസ്സൻ’ ആണ് അദ്ദേഹമന്ന് ഞാൻ കരുതിയില്ല. എന്റെ അമ്മ അടുത്തുതന്നെയുണ്ടായിട്ടും അയാളെന്ന ഉപദ്രവിച്ചു. ഇത്തരം പുരുഷന്മാർക്ക്, അടുത്തൊരു രക്ഷിതാവുണ്ടായിട്ടും യാതൊരു മാറ്റവുമില്ല. ജോലി നൽകുന്നതിന് പ്രതിഫലമായി ലൈംഗികമായി സഹകരിക്കണമെന്ന് പുരുഷന്മാർ വിശ്വസിക്കുന്നിടത്താണ് പ്രശ്‌നം’- അവർ വ്യക്തമാക്കി.

തെലുങ്ക് സിനിമാ മേഖലയിൽ കാസ്റ്റിങ് കൗച്ച് ഇല്ലെന്നായിരുന്നു തെലുങ്ക് സൂപ്പർതാരം ചിരഞ്ജീവി പറഞ്ഞത്. തെലുങ്ക് സിനിമാ ഇൻഡസ്ട്രി വളരെ പോസിറ്റീവും പ്രൊഫഷണലുമായ ഇടമാണെന്ന് ചിരഞ്ജീവി അഭിപ്രായപ്പെട്ടു. സ്വന്തം കഴിവിൽ വിശ്വാസവും അർപ്പണവുമുള്ളവർക്ക് ടോളിവുഡ് അവസരങ്ങൾ നൽകാറുണ്ടെന്നാണ് തന്റെ നീണ്ടകാലത്തെ അനുഭവത്തിൽനിന്ന് വ്യക്തമായതെന്നും അദ്ദേഹം പറഞ്ഞു. നേരത്തെ പുറത്തിറങ്ങിയ ചിരഞ്ജീവിയുടെ ‘മന ശങ്കര വരപ്രസാദ് ഗാരു’ എന്ന ചിത്രത്തിന്റെ വിജയാഘോഷത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!