ലക്ഷ്യത്തിലെത്താതെ മാനന്തവാടി ബൈപ്പാസ്

Share our post

മാനന്തവാടി : 2014 ഫെബ്രുവരിയിലാണ് ചെറ്റപ്പാലം-ഏരുമത്തെരുവ്, ചെറ്റപ്പാലം-വള്ളിയൂർക്കാവ് ബൈപ്പാസ് ലക്ഷങ്ങൾ ചെലവഴിച്ച് നിർമാണം പൂർത്തിയാക്കി തുറന്നുകൊടുത്തത്. 12 വർഷമായപ്പോഴേക്കും റോഡ് ഇടയ്ക്കിടെ തകരുന്ന സ്ഥിതിയാണ്. എരുമത്തെരുവിൽനിന്ന്‌ ചെറ്റപ്പാലംവരെയും ചെറ്റപ്പാലത്തുനിന്ന്‌ വള്ളിയൂർക്കാവുവരെയുമായി രണ്ടുഭാഗങ്ങളാണ് ബൈപ്പാസ് റോഡിനുള്ളത്.

മാനന്തവാടി-തലശ്ശേരി റോഡിലെ എരുമത്തെരുവുമുതൽ ബസ് കളക്ടർ ഓഫീസ് വരെയാണ് മിക്കപ്പോഴും വലിയരീതിയിൽ ഗതാഗതക്കുരുക്കുണ്ടാവാറുള്ളത്. ദൂരസ്ഥലങ്ങളിലേക്ക് പോകേണ്ട ഭാരംകയറ്റിയെത്തുന്ന വാഹനങ്ങൾ നഗരത്തിൽ പ്രവേശിക്കുന്നതിനാലാണിത്. ഭാരംകയറ്റിയെത്തുന്ന വലിയവാഹനങ്ങൾക്കും ടൗണിൽ പ്രവേശിക്കേണ്ട ആവശ്യമില്ലാത്ത മറ്റുവാഹനങ്ങൾക്കും പ്രയോജനപ്പെടുത്തുകയെന്ന ലക്ഷ്യത്തോടെയാണ് എരുമത്തരുവിൽനിന്ന് വള്ളിയൂർക്കാവിലേക്ക് ബൈപ്പാസ് നിർമിച്ചത്. ആകെ മൂന്നുകിലോമീറ്റർ ദൂരമാണ് ബൈപ്പാസ് റോഡിനുള്ളത്. ബെംഗളൂരു, മൈസൂരു ഭാഗങ്ങളിലേക്കുള്ള ചരക്കുവാഹനങ്ങൾ ഉൾപ്പെടെയുള്ള വാഹനങ്ങൾക്കും പനമരം, കൈതയ്ക്കൽ, കല്പറ്റ, കാട്ടിക്കുളം ഭാഗത്തേക്കുള്ള വാഹനങ്ങൾക്കും നഗരംചുറ്റാതെ സഞ്ചരിക്കാനാണ് ബൈപ്പാസ് വിഭാവനംചെയ്തത്.ഗുണനിലവാരംകുറഞ്ഞ ടാറിങ്ങും ചിലയിടങ്ങളിൽ റോഡിന് വീതിയില്ലാത്തതുമാണ് ബൈപ്പാസ് യാത്ര ദുരിതപൂർണമാവാൻ കാരണം.

വയൽപ്രദേശത്തിൽക്കൂടിയാണ് ബൈപ്പാസ് റോഡ് നിർമിച്ചത്. റോഡിന്റെ ഭൂരിഭാഗം സ്ഥലവും ചതുപ്പാണ്. എല്ലാവർഷവും റോഡുതകരുന്ന സ്ഥിതിയാണ് നിലവിലുള്ളത്. അറ്റകുറ്റപ്പണിയെടുത്താലും അതിന് ഏറെ ആയുസ്സുണ്ടാവില്ല. മാനന്തവാടി നഗരസഭാപരിധിയിലാണ് റോഡ്. നഗരസഭയുടെ ഫണ്ടുപയോഗിച്ച് റോഡ് നവീകരിച്ച് ഗതാഗതയോഗ്യമാക്കുക പ്രാവർത്തികമല്ല. വയൽപ്രദേശത്തുകൂടി കടന്നുപോകുന്ന റോഡുയർത്തി മതിയായ ഓവുചാലുകൾ നിർമിച്ച് നവീകരിക്കേണ്ടതുണ്ട്. പിഡബ്ല്യുഡി ഏറ്റെടുക്കുകയോ പിഡബ്ല്യുഡിയുടെ ഫണ്ട് ഉപയോഗപ്പെടുത്തിയോ റോഡ് നവീകരിക്കേണ്ടത് അത്യാവശ്യമാണ്. പിഡബ്ല്യുഡി ഫണ്ട് റോഡിനു ലഭിക്കാൻ എംഎൽഎ തലത്തിലുള്ള ഇടപെടൽവേണം. നഗരസഭാ അധികൃതർ മന്ത്രികൂടിയായ എംഎൽഎയുമായി ബന്ധപ്പെട്ട് റോഡുനവീകരിക്കാനുള്ള ഇടപെടൽ നടത്തണമെന്ന ആവശ്യമുയരുന്നുണ്ട്. മുൻപ്‌ കെ.സി. കുഞ്ഞിരാമനും പി.കെ. ജയലക്ഷ്മിയും റോഡുവികസനത്തിനായി എംഎൽഎ ഫണ്ട് അനുവദിച്ചിട്ടുണ്ട്.(നാളെ: വികസിക്കണം; മെഡിക്കൽ കോളേജ്, പഴശ്ശികുടീരം റോഡുകളും)

നിവരാതെ എരുമത്തെരുവിലെ കയറ്റവും കൂനാർവയലിലെ വളവും

എരുമത്തെരുവിലെ കയറ്റവും കൂനാർവയലിലെ വളവും ഒഴിവാക്കാതെ ബൈപ്പാസ് റോഡുകൊണ്ട് ലക്ഷ്യത്തിലെത്തില്ല. ചെറ്റപ്പാലത്തുനിന്ന്‌ എരുമത്തെരുവിലേക്കുള്ള ഭാഗത്താണ് വളവും കയറ്റവുമുള്ളത്. ഇതുമൂലം ഭാരംകയറ്റിയെത്തുന്ന വലിയവാഹനങ്ങൾക്ക് ബൈപ്പാസ് റോഡിനെ ആശ്രയിക്കാൻ കഴിയുന്നില്ല. ആഴ്ചകൾക്കുമുൻപ്‌ പാചകവാതക സിലിൻഡർ കയറ്റിയെത്തിയ വാഹനം മതിൽതകർത്ത് റോഡരികിലെ വീടിന്റെ മുറ്റത്തേക്ക് മറിഞ്ഞിരുന്നു. റോഡിനുസമീപത്ത് താമസിക്കുന്നവർ സ്ഥലം വിട്ടുനൽകാത്തത് റോഡുവികസനത്തെ പ്രതികൂലമായി ബാധിക്കുന്നുണ്ട്. മതിയായ നഷ്ടപരിഹാരം നൽകി സ്ഥലമേറ്റെടുത്ത് വികസിപ്പിച്ചാൽമാത്രമേ ബൈപ്പാസുകൊണ്ട് പ്രയോജനമുണ്ടാകൂ.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!