കൗമാര കലയുടെ മഹാപൂരത്തിന് തിരിതെളിഞ്ഞു
തൃശൂർ ∙ ഏഷ്യയിലെ ഏറ്റവും വലിയ കലോത്സവമായ കേരള സ്കൂൾ കലോത്സവം മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്തു. 1956-ൽ 200 കുട്ടികളുമായി തുടങ്ങിയ മേള ഇന്ന് 14,000-ത്തിലധികം പ്രതിഭകൾ പങ്കെടുക്കുന്ന വലിയ വേദിയായി മാറിയെന്ന് മുഖ്യമന്ത്രി പറഞ്ഞു. ഒരു പരാതിക്കും ഇടനൽകാതെയാണ് കഴിഞ്ഞ കുറച്ചു വർഷങ്ങളായി കലോത്സവം നടക്കുന്നത്. ഇത്തവണയും അങ്ങനെയാവുമെന്ന് പ്രതീക്ഷിക്കുന്നു.
കല കേവലം ആനന്ദം നൽകാൻ മാത്രമല്ല, സാമൂഹിക യാഥാർഥ്യങ്ങളെ പൊളിച്ചെഴുതാൻ കൂടിയുള്ളതാണെന്ന് മുഖ്യമന്ത്രി പറഞ്ഞു. കല മതേതരത്വവും ജനാധിപത്യവും കൊണ്ടുവന്നെന്നും ഇതിനു സ്കൂൾ കലോത്സവം പ്രധാന പങ്കുവഹിച്ചെന്നും മുഖ്യമന്ത്രി പറഞ്ഞു. എല്ലാ കലകളും എല്ലാവരുടേതുമായി മാറിയെന്നും മുഖ്യമന്ത്രി കലോത്സവ ഉദ്ഘാടന വേദിയിൽ പറഞ്ഞു.
25 വേദികളിലായി 15,000 കൗമാരപ്രതിഭകളാണ് ഇക്കുറി കലോത്സവത്തിൽ പങ്കെടുക്കുന്നത്. 250 ഇനങ്ങളിൽ അഞ്ചുദിവസം നടക്കുന്ന മത്സരങ്ങളുടെ പ്രധാന വേദി തേക്കിൻകാട് മൈതാനിയിലെ ‘സൂര്യകാന്തി’ യാണ്. ജനുവരി 18നു കലോത്സവം സമാപിക്കും.
