അവർ വിവാഹിതരായി; 85-ാം വയസ്സിൽ ചന്ദ്രന് കൂട്ടായി രമ എത്തി
എടക്കാട് (കണ്ണൂർ): നടാൽ മഹാവിഷ്ണു ക്ഷേത്രമുറ്റത്ത് ഞായറാഴ്ച രാവിലെ എൺപത്തിയഞ്ചുകാരനായ വടക്കേച്ചാലിൽ ചന്ദ്രനും അറുപത്തിയഞ്ചുകാരി ആഡൂർ മേപ്പാട് രമയും കൈകൾ കോർത്തുപിടിച്ചു. തുളസിമാലകൾ പരസ്പരം അണിയിക്കുമ്പോൾ ക്ഷേത്രമുറ്റത്തെ മുഖങ്ങളിൽ ആഹ്ലാദം വിരിഞ്ഞു. ചന്ദ്രൻ രമയുടെ കൈപിടിച്ച് നടാൽ വായനശാലയ്ക്ക് സമീപത്തെ വീട്ടിലേക്ക് കയറുമ്പോൾ ഇളയമകൾ വധൂവരന്മാരുടെ കാലുകളിൽ വെള്ളമൊഴിച്ച് വരവേറ്റു. നിലവിളക്കുമായി ഇരുവരും വീടിനുള്ളിലേക്ക് കടന്നു.
ആറുവർഷം മുൻപ് ഭാര്യ മരിച്ചശേഷമുള്ള ചന്ദ്രന്റെ ഏകാന്തജീവിതത്തിലേക്കാണ് രമ എത്തിയത്. മാസങ്ങൾക്കുമുൻപാണ് ഇവർ പരിചയത്തിലായത്. കണ്ണൂരിലെ ഒരു ടെക്സ്റ്റൈൽ സ്ഥാപനത്തിൽനിന്ന് ഡൈമാസ്റ്ററായി വിരമിച്ച ടി.വി. ചന്ദ്രൻ ചാല കോയ്യോട് റോഡിലെ ബാഗ് നിർമാണ യൂണിറ്റിൽ ജോലിചെയ്യുന്നുണ്ട്. അവിടെ എത്തിയപ്പോഴാണ് രമയെ കണ്ടതും പരിചയപ്പെട്ടതും. രമയുടെ ഏകാന്തജീവിതത്തിനും ഇതോടെ വിരാമമായി. മേപ്പാട് കാവിനടുത്ത തറവാടുവീട്ടിൽ രമയും ഒറ്റയ്ക്കായിരുന്നു താമസം.
അവിവാഹിതയായ രമയും ചന്ദ്രനും ഒന്നിച്ചുജീവിക്കാൻ തീരുമാനിച്ചപ്പോൾ അഞ്ചുമക്കളും അച്ഛന് പിന്തുണ നൽകി. ഇളയമകളും ഭർത്താവും വിവാഹച്ചടങ്ങിൽ അച്ഛനൊപ്പമുണ്ടായിരുന്നു. ചന്ദ്രന്റെ ആറുമക്കളിൽ ഒരാൾ നേരത്തേ മരിച്ചിരുന്നു. മറ്റ് അഞ്ചുപേരും വിവാഹിതരായി കുടുംബത്തോടൊപ്പം താമസിക്കുകയാണ്. ഒറ്റപ്പെടലിൽനിന്നുള്ള മോചനമായാണ് വിവാഹിതനാകാൻ തീരുമാനിച്ചതെന്ന് ചന്ദ്രൻ പറഞ്ഞു. കല്യാണത്തെക്കുറിച്ച് നാട്ടിൽ വേണ്ടപ്പെട്ടവരോടെല്ലാം ചന്ദ്രൻ പറഞ്ഞിരുന്നു. ക്ഷേത്രം മേൽശാന്തി ശങ്കരൻ നമ്പൂതിരിയുടെ മുഖ്യകാർമികത്വത്തിലായിരുന്നു ചടങ്ങുകൾ. എഴുപതോളം പേർ കല്യാണത്തിനെത്തി. എല്ലാം നോക്കിനടത്താൻ നാട്ടുകാരും ചന്ദ്രന്റെ സുഹൃത്തുക്കളുമുണ്ടായിരുന്നു.
