സ്കൂട്ടർ ഇടിച്ചു യാചകന്റെ മരണം; നൽകിയത് വ്യാജ വിലാസം, സഞ്ചിയിൽ നാലര ലക്ഷം, സൗദി റിയാൽ; അവകാശികളെ തിരഞ്ഞ് പൊലീസ്

Share our post

ആലപ്പുഴ ∙ സ്കൂട്ടർ ഇടിച്ചുണ്ടായ അപകടത്തെ തുടർന്ന് മരിച്ച യാചകന്റെ സഞ്ചികളിൽ നിന്നും ലഭിച്ചത് 4,52,207 രൂപ. അവകാശികളെ തേടി പൊലീസ് അന്വേഷണം ആരംഭിച്ചു. ചാരുംമൂട്ടിലും പരിസരങ്ങളിലുമായി ഭിക്ഷാടനം നടത്താറുണ്ടായിരുന്ന ഇയാൾ തിങ്കളാഴ്ച സന്ധ്യയോടെയാണ് അപകടത്തിൽപ്പെട്ടത്. സ്കൂട്ടർ ഇടിച്ചു താഴെ വീണ ഇയാളെ നാട്ടുകാരാണ് തൊട്ടടുത്ത ആശുപത്രിയിൽ എത്തിച്ചത്. അനിൽ കിഷോർ, തൈപറമ്പിൽ, കായംകുളം എന്നാണ് ഇയാൾ ആശുപത്രിയിൽ നൽകിയ വിലാസം. എന്നാൽ പൊലീസ് അന്വേഷണം നടത്തിയപ്പോൾ ഈ വിലാസം വ്യാജമാണെന്നും അങ്ങനെയൊരാൾ ഇല്ലെന്നും കണ്ടെത്തി.

തലയ്ക്ക് പരിക്കുള്ളതിനാൽ വിദഗ്ധ ചികിത്സ നൽകണമെന്ന് ഡോക്ടർ നിർദ്ദേശിച്ചെങ്കിലും രാത്രിയോടെ ഇയാൾ ആശുപത്രിയിൽ നിന്നിറങ്ങിപ്പോയി. തുടർന്ന് ചൊവ്വാഴ്ച രാവിലെയാണ് ടൗണിൽ തന്നെയുള്ള കടത്തിണ്ണയിൽ ഇയാൾ മരിച്ചു കിടക്കുന്നത് കണ്ടത്. നൂറനാട് പൊലീസ് എത്തി മൃതദേഹം ആലപ്പുഴ വണ്ടാനം മെഡിക്കൽ കോളജിലേക്ക് മാറ്റി. തുടർന്നു ഇയാളുടെ സഞ്ചികൾ സ്റ്റേഷനിലേക്ക് കൊണ്ടുവന്നു പരിശോധിക്കുമ്പോഴാണ് നോട്ടുകൾ അടങ്ങിയ പ്ലാസ്റ്റിക് ടിന്നുകൾ, പഴ്സുകൾ എന്നിവ കണ്ടെത്തിയത്.

പ്രചാരത്തിലില്ലാത്ത 2000 ത്തിന്റെ 12 നോട്ടുകളും സൗദി റിയാലും കൂട്ടത്തിലുണ്ടായിരുന്നു. 5 പ്ലാസ്റ്റിക് ടിന്നുകളിലായി നോട്ടുകൾ അടുക്കി സെല്ലോടേപ്പ് ഉപയോഗിച്ച് ഒട്ടിച്ച നിലയിലായിരുന്നു പണം. ഇയാളുടെ ബന്ധുക്കളെ ഇതുവരെ കണ്ടെത്താനായിട്ടില്ല. കണ്ടെത്തിയ പണം കോടതിയിൽ ഹാജരാക്കുമെന്ന് നൂറനാട് സിഐ എസ്. ശ്രീകുമാർ പറഞ്ഞു.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!