മലയാളിക്ക് നഷ്ടമായത് 18 ലക്ഷം രൂപ; ഓൺലൈൻ ബുക്കിങ് സൈറ്റുകളുടെ പേരിലും സൈബർ തട്ടിപ്പ്
കോയമ്പത്തൂർ: ഓൺലൈൻ ബുക്കിങ് സൈറ്റുകളുടെ പേരിൽ പുതിയ സൈബർ തട്ടിപ്പ് വ്യാപകമായതായി സിറ്റി പോലീസ്. ബുക്കിങ് റദ്ദാക്കേണ്ടിവരുന്നവർക്ക് പണം മടക്കിനൽകാമെന്ന പേരിലാണ് തട്ടിപ്പുനടത്തുന്നത്. കഴിഞ്ഞദിവസം ഒരു മലയാളിക്ക് 18 ലക്ഷം രൂപ നഷ്ടമായി. അടുത്തിടെ കോയമ്പത്തൂർ നഗരത്തിൽമാത്രം 50 പേർ തട്ടിപ്പിനിരയായതായി പോലീസ് പറഞ്ഞു. കോവൈപുതൂരിൽ താമസിക്കുന്ന മലയാളിയായ 60-കാരി സ്വകാര്യ യാത്രാസൈറ്റ് വഴി മുറി ബുക്ക്ചെയ്തിരുന്നു. യാത്ര വേണ്ടെന്നുവെച്ചതിനാൽ മുറി ബുക്ക്ചെയ്തതിന്റെ പണം തിരികെ ലഭിക്കുന്നതിന് സൈറ്റിൽ പരിശോധന നടത്തി. ഈ സമയം ടിക്കറ്റ് റദ്ദാക്കിയതിന്റെ പണം മടക്കിവാങ്ങുന്നതിന് സഹായിക്കാമെന്ന പേരിൽ പത്തക്ക ഫോൺനമ്പർ കണ്ടു. ഈ നമ്പറിൽ വിളിച്ചപ്പോൾ യാത്രാസൈറ്റിന്റെ കസ്റ്റമർകെയർ എക്സിക്യൂട്ടീവാണെന്നുപറഞ്ഞ് ഒരാൾ സംസാരിച്ചു. പണം തിരികെ ലഭിക്കുന്നതിന് അപേക്ഷ അയക്കാൻ ആവശ്യപ്പെട്ടു. ഇ-മെയിൽ വഴി അപേക്ഷ നൽകിയപ്പോൾ ഒരു ആപ്പ് ഡൗൺലോഡ് ചെയ്യാൻ നിർദേശിച്ചു. ആപ്പ് ഡൗൺലോഡ് ചെയ്തപ്പോൾ പണമയക്കേണ്ട അക്കൗണ്ട് നമ്പറും മറ്റും ആവശ്യപ്പെട്ടു. ഇത് നൽകിയതോടെ തട്ടിപ്പുകാർ ബാങ്ക് അക്കൗണ്ട് നമ്പർ ഉപയോഗിച്ച് 18 ലക്ഷം രൂപ കവർന്നെന്ന് സൈബർ ക്രൈം പോലീസിൽ നൽകിയ പരാതിയിൽ പറയുന്നു. അംഗീകാരമില്ലാത്തതും പരിചയമില്ലാത്തതുമായ സൈറ്റുകളിൽ കയറി ടിക്കറ്റുകളും മറ്റും ബുക്ക്ചെയ്യരുതെന്ന് പോലീസ് മുന്നറിയിപ്പുനൽകി. സ്ഥാപനങ്ങളുടെ ഔദ്യോഗിക സൈറ്റുകളിൽകൂടിമാത്രം ബുക്ക്ചെയ്യണം. ബാങ്ക് അക്കൗണ്ട് വിവരങ്ങൾ ആർക്കും കൈമാറരുതെന്നും പോലീസ് വ്യക്തമാക്കി.
