ഗൂഡല്ലൂരിൽ തേയിലത്തോട്ടം ജീവനക്കാരനെ കാട്ടാന ചവിട്ടിക്കൊന്നു
ഗൂഡല്ലൂര്‍: ഓവേലിയിലെ കിന്റില്‍ കാട്ടാന തേയിലത്തോട്ടം സൂപ്പര്‍വൈസറെ ചവിട്ടി കൊന്നു. പെരിയാര്‍ നഗറിലെ ഷംസുദ്ദീ (58)നാണ് മരിച്ചത്. ഡിആര്‍സി ഉടമസ്ഥതയിലുള്ള സ്വകാര്യത്തേയിലത്തോട്ടത്തില്‍ സൂപ്പര്‍വൈസറായിരുന്നു. ചൊവ്വാഴ്ച രാവിലെ ഏഴര മണിയോടെ ജോലി സ്ഥലത്തേയ്ക്ക് സ്‌കൂട്ടറില്‍ പോകുന്നതിനിടെ റോഡിലിറങ്ങിയ കാട്ടാന ആക്രമിക്കുകയായിരുന്നു. തലയ്ക്കും പുറത്തും ചവിട്ടേറ്റ ഷംസുദ്ദീന്‍ സംഭവസ്ഥലത്ത് തന്നെ മരിച്ചു. പ്രദേശത്ത് വനപാലകര്‍ പരിശോധന നടത്തുകയാണ്. ബഹളം കേട്ട് ഓടിയെത്തിയവര്‍ കാട്ടാനയെ തുരത്താന്‍ ശ്രമിക്കുന്നതിനിടെ അവര്‍ക്കു നേരേയും കാട്ടാന പാഞ്ഞടുത്തു. ഓവേലിയില്‍ രണ്ടു മാസത്തിനിടെ മൂന്നാമത്തെയാളാണ് കാട്ടാനയുടെ ആക്രമണത്തില്‍ കൊല്ലപ്പെടുന്നത്. നാട്ടുകാര്‍ വന്‍ പ്രതിഷേധ സമരമാണ് ഇപ്പോള്‍ ഇവിടെ നടത്തുന്നത്.
