“പുകച്ച്‌ പുറത്തുചാടിക്കും’ ആനകളെ

Share our post

ഇരിട്ടി:ആറളത്ത്‌ ജനവാസമേഖലകളിൽ തമ്പടിച്ച കാട്ടാനകളെ തുരത്താൻ നാടൊരുമിക്കുന്നു. നിങ്ങൾക്കൊപ്പമുണ്ട്‌, ഞങ്ങളു’മെന്ന സന്ദേശമുയർത്തി ഞായറാഴ്‌ചത്തെ കാട്ടാന തുരത്തലിൽ വിവിധ സന്നദ്ധസംഘടനകളുടെ നേതൃത്വത്തിൽ നൂറുകണക്കിനാളുകൾ ഫാമിലെത്തി. വനംവകുപ്പിന്റെ ഡ്രോൺ ക്യാമറയിൽപോലും പതിയാത്ത നിലയിൽ കാടുകളിൽ പതുങ്ങിയിരിക്കുന്ന കാട്ടാനകളെ കണ്ടെത്താൻ പ്രയാസമേറെയാണ്‌. അടിക്കാടുകൾ വെട്ടിത്തെളിച്ചാൽ ജനവാസ മേഖലകളിലെ ആൾപ്പാർപ്പില്ലാത്ത സ്ഥലങ്ങളിലെ ആനകളെ തുരത്താനാവും. കാട്‌ തെളിച്ചാൽ ഫാമിലെ ആനകളെ കാട്‌ കയറ്റാനാകുമെന്ന പ്രതീക്ഷയിലാണ്‌ അടിക്കാട്‌ വെട്ടാൻ അധികൃതർ സഹായം തേടിയത്‌. ഡി.വൈ.എഫ്‌.ഐ അടക്കമുള്ള യുവജന സംഘടനകൾ കാട്‌ തെളിക്കാനെത്തി. രാവിലെ എട്ടോടെ ഓടന്തോടിൽ എത്തിയ സന്നദ്ധ പ്രവർത്തകർ വിവിധ സംഘങ്ങളായി തിരിഞ്ഞ്‌ കാട്‌ വെട്ടിതെളിച്ചു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ വേലായുധൻ, പഞ്ചായത്ത് പ്രസിഡന്റ് കെ പി രാജേഷ്, മിനി ദിനേശൻ, തഹസിൽദാർ സി വി പ്രകാശൻ, ആറളം വൈൽഡ് ലൈഫ് വാർഡൻ ജി പ്രദീപ്, അസിസ്റ്റന്റ് വാർഡൻ രമ്യാരാഘവൻ, ആർആർടി സേന, വാച്ചർമാർ എന്നിവർ നേതൃത്വം നൽകി. കർമനിരതം 
യൂത്ത്‌ ബ്രിഗേഡ്‌ ആറളം ഫാമിൽ കാട്‌ തെളിക്കാൻ കാടുവെട്ട്‌ യന്ത്രങ്ങൾ എന്നിവയൊരുക്കി ഡിവൈഎഫ്‌ഐ യൂത്ത്‌ ബ്രിഗേഡ്‌. ബ്ലോക്ക്‌ സെക്രട്ടറി കെ എസ്‌ സിദ്ധാർഥദാസ്‌, പ്രസിഡന്റ്‌ പി വി ബിനോയ്‌, കെ കെ സനീഷ്‌ എന്നിവരുടെ നേതൃത്വത്തിൽ എഴുപതംഗ ബ്രിഗേഡാണ്‌ ഫാമിൽ രണ്ട്‌ കിലോമീറ്ററിലധികം കാട്‌ വെട്ടിത്തെളിച്ചത്‌. മെഗാ കാടുനീക്കൽ പ്രവർത്തനം ഉടൻ ഏറ്റെടുക്കുമെന്നും ഫാമിനെ രക്ഷിക്കാൻ സന്നദ്ധ പ്രവർത്തനം ഉറപ്പാക്കുമെന്നും നേതാക്കൾ അറിയിച്ചു.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!