പേരാവൂർ എക്‌സൈസിന്റെ റെയ്ഡിൽ 60 ലിറ്റർ വാഷ് പിടികൂടി
കൊട്ടിയൂർ : ക്രിസ്മസ് – ന്യൂ ഇയർ സ്പെഷ്യൽ എൻഫോഴ്സ്മെൻ്റ് ഡ്രൈവിന്റെ ഭാഗമായി കൊട്ടിയൂർ വനാതിർത്തി ഭാഗത്ത് പേരാവൂർ എക്‌സൈസ് നടത്തിയ റെയിഡിൽ 60 ലിറ്റർ വാഷ് കണ്ടെടുത്ത് അബ്ക്കാരി നിയമ പ്രകാരം കേസെടുത്തു. പേരാവൂർ റേഞ്ച് എക്‌സൈസ് ഇൻസ്‌പെക്ടർ പി.ടി. യേശുദാസിൻ്റെ നേതൃത്വത്തിൽ നടന്ന പരിശോധനയിൽ വനാതിർത്തിയിലെ ഉറവക്കുഴിക്കു സമീപം ചാരായ നിർമ്മാണത്തിനായി വാഷ് തയ്യാറാക്കി സൂക്ഷിച്ച കൊട്ടിയൂർ പൊട്ടൻതോട് സ്വദേശി ആലുങ്കൽ വീട്ടിൽ ബിജു ജോസഫിനെതിരെയാണ് (52) കേസെടുത്തത്.
പാറക്കെട്ടുകൾക്കിടയിലെ ദുർഘട മേഖലയിലുള്ള ചാരായവാറ്റ് കേന്ദ്രത്തിലേക്ക് എക്സൈസ് സംഘം എത്തുന്നതറിഞ്ഞ് പ്രതി ഓടിപ്പോയതിനാൽ ഇയാളെ തത്സമയം അറസ്റ്റ് ചെയ്തിട്ടില്ല. മുൻപും അബ്കാരി കേസുകളിൽ ഉൾപ്പെട്ടിട്ടുള്ള ആളാണ് പ്രതി. ഇയാൾക്കായുള്ള അന്വേഷണം ശക്തമാക്കി. റെയ്ഡിൽ അസിസ്റ്റന്റ് എക്‌സൈസ് ഇൻസ്‌പെക്ടർ (ഗ്രേഡ്) മാരായ ഒ. അബ്ദുൾ നിസാർ, സജീവൻ തരിപ്പ, ഗ്രേഡ് പ്രിവൻ്റീവ് ഓഫീസർമാരായ കെ.കെ. ബിജു, ബാബുമോൻ ഫ്രാൻസിസ്, വനിത സിവിൽ എക്സൈസ് ഓഫിസർ ധന്യ ദാമോദരൻ എന്നിവർ പങ്കെടുത്തു.
