കൈക്കൂലിക്കേസിൽ പേരാവൂർ സ്വദേശിയായ വില്ലേജ് ഓഫീസർ വിജിലൻസ് പിടിയിൽ

Share our post

കോഴിക്കോട്: ഭൂമി തരംമാറ്റുന്നതിന് കൈകൂലി ആവശ്യപ്പെട്ട വില്ലേജ് ഓഫീസർ വിജിലൻസിന്റെ പിടിയിലായി. പന്തീരാങ്കാവ് വില്ലേജ് ഓഫീസർ പേരാവൂർ തെറ്റുവഴി പാലയാട്ടുകരി സ്വദേശി മുത്തേരി പുതിയ വീട്ടിൽ അനിൽ കുമാറിനെ (52) യാണ് അര ലക്ഷം രൂപ കൈക്കൂലി വാങ്ങുന്നതിനിടയിൽ വിജിലൻസ് അറസ്റ്റ് ചെയ്തത്. മലപ്പുറം ജില്ലയിലെ കരുവാരക്കുണ്ട് സ്വദേശി പന്തീരാങ്കാവ് വില്ലേജ് പരിധിയിൽപെട്ട സ്ഥലത്ത് പെട്രോൾ പമ്പ് തുടങ്ങുന്നതിനായി സുഹൃത്തിൻ്റെ പേരിൽ നിന്ന് പാട്ടത്തിനെടുത്ത ഒരേക്കർ സ്ഥലത്തിൽ നിന്ന് 30 സെന്റ് സ്ഥലം തരം മാറ്റുന്നതിന് അപേക്ഷ നൽകിയിരുന്നു.

അപേക്ഷ അന്വേഷിച്ചു ചെന്നയാളോട് അനിൽ കുമാർ
10 ലക്ഷം രൂപ കൈക്കൂലി ആവശ്യപ്പെട്ടു. ശനിയാഴ്ച ആദ്യ ഗഡുവായ രണ്ടുലക്ഷം രൂപ നൽകണമെന്ന് പറഞ്ഞു. തുടർന്ന് പരാതിക്കാരൻ ഈ വിവരം കോഴിക്കോട് യൂണിറ്റ് വിജിലൻസ് ഡെപ്യൂട്ടി പോലീസ് സൂപ്രണ്ടിനെ അറിയിച്ചു. രാത്രി എട്ടുമണിക്ക് കോഴിക്കോട് മെഡിക്കൽ കോളേജിന് സമീപം പരാതിക്കാരൻ്റെ കാറിൽ വെച്ച് അര ലക്ഷം രൂപ കൈക്കൂലി വാങ്ങവേ അനിൽ കുമാറിനെ വിജിലൻസ് സംഘം കൈയോടെ പിടികൂടി. ഇയാളെ കോഴിക്കോട് വിജിലൻസ് കോടതിയിൽ ഹാജരാക്കി. ഇതിന് മുൻപും ഇയാൾ കൈക്കൂലി കേസിൽ സസ്പെൻഷൻ നേരിട്ടിരുന്നു. അനിൽ കുമാറിനെതിരെ വകുപ്പുതല നടപടിയുണ്ടാവുമെന്നാണ് വിവരം.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!