ജീവനക്കാരന്റെ മരണസമയത്ത്‌ 13 വയസ്സ് പൂര്‍ത്തിയാകണം; ആശ്രിതനിയമനത്തിന് കുറഞ്ഞ പ്രായപരിധിക്ക് ശുപാര്‍ശ

Share our post

കോട്ടയം: സംസ്ഥാനജീവനക്കാര്‍ മരിച്ചാല്‍ ആശ്രിതനിയമനം ലഭിക്കണമെങ്കില്‍ മരണസമയത്ത് ആശ്രിതന് 13 വയസ്സ് പൂര്‍ത്തിയാകണം. 13 വയസ്സില്‍ താഴെയുള്ളവര്‍ക്ക് ആശ്വാസധനത്തിന് മാത്രമേ അപേക്ഷിക്കാനാവൂ. ഇതിന്റെ തുക നിശ്ചയിച്ചിട്ടില്ല. സര്‍ക്കാര്‍ നിയോഗിച്ച ഉദ്യോഗസ്ഥതലസമിതി തയ്യാറാക്കിയ കരട് റിപ്പോര്‍ട്ടിലാണ് ഈ വ്യവസ്ഥ.

റിപ്പോര്‍ട്ട് ചര്‍ച്ചചെയ്യാന്‍ 10-ന് സര്‍വീസ് സംഘടനകളുടെ യോഗം വിളിച്ചു. വ്യവസ്ഥകള്‍ പദ്ധതിയെ അപ്പാടെ ദുര്‍ബലപ്പെടുത്തുമെന്ന നിലപാടിലാണ് സര്‍വീസ് സംഘടനകള്‍.

നിയമനത്തിനോ സമാശ്വാസധനത്തിനോ അപേക്ഷിക്കാന്‍ വരുമാനപരിധിയുണ്ട്. വാര്‍ഷികവരുമാനം മറ്റു പിന്നാക്ക വിഭാഗങ്ങളിലെ മേല്‍ത്തട്ട്പരിധി നിശ്ചയിക്കുന്നതിനുള്ള വരുമാനപരിധിക്ക് (നിലവില്‍ എട്ടുലക്ഷം) ഉള്ളിലാകണം. ജീവനക്കാരന്റെ മരണംമുതല്‍ ഒരുവര്‍ഷത്തിനുള്ളിലെ വരുമാനമാണ് പരിഗണിക്കുകയെന്നതാണ് പുതിയ വ്യവസ്ഥ. ആശ്രിതനിയമനത്തിന് താത്പര്യമില്ലാത്തവര്‍ക്കും ഇതിന് അപേക്ഷിക്കാം.

മറ്റു മാര്‍ഗനിര്‍ദേശങ്ങള്‍

* ജീവനക്കാരന്‍ മരണമടഞ്ഞ് മൂന്നുവര്‍ഷത്തിനകം ആശ്രിത നിയമനത്തിന് അപേക്ഷിക്കണം. പ്രായപൂര്‍ത്തിയാകാത്ത ആശ്രിതനെങ്കില്‍ പ്രായപൂര്‍ത്തിയായി ഒരുവര്‍ഷത്തിനകവും അപേക്ഷിക്കാണം. അതിനുശേഷമുള്ളവര്‍ക്ക് സമാശ്വാസധനത്തിന് മാത്രം അപേക്ഷിക്കാം.

* അപേക്ഷിക്കാനുള്ള സമയത്തിനകം നേടിയ യോഗ്യതമാത്രമേ നിയമനത്തിന് പരിഗണിക്കൂ.

* എല്ലാ വകുപ്പിലെയും നേരിട്ടുള്ള നിയമനം വ്യവസ്ഥചെയ്തിട്ടുള്ള ക്ലാസ് ത്രീ, ഫോര്‍, സാങ്കേതികവിഭാഗം, യൂണിഫോം തസ്തിക ഉള്‍പ്പെടെയുള്ള എന്‍ട്രി തസ്തികകളുടെ നിശ്ചിതശതമാനമാകും ആശ്രിതനിയമനത്തിന് നീക്കിവെക്കുക. ഈ തസ്തികകള്‍ ഏതെന്ന് വെബ്‌സൈറ്റില്‍ പ്രസിദ്ധീകരിക്കും.

* അപേക്ഷകര്‍ക്ക് പരമാവധി അഞ്ചു തസ്തികകള്‍വരെ തിരഞ്ഞെടുക്കാം. അപേക്ഷിക്കാനുള്ള കാലാവധിക്കുശേഷം ഇതില്‍ മാറ്റംവരുത്താന്‍ കഴിയില്ല. ഏതു തസ്തികയില്‍ നിയമനം ലഭിച്ചാലും സ്വീകരിക്കണം. തസ്തികമാറ്റം പിന്നീട് അനുവദിക്കില്ല.

* നീക്കിവെക്കുന്ന തസ്തികകളുടെ ജില്ലതിരിച്ചും സംസ്ഥാനതലത്തിലും ഉള്ള ഓരോ പതിനാറാമത്തെ ഒഴിവും ആശ്രിതനിയമനത്തിനുള്ളതാവും.

* സാധുവായ അപേക്ഷകളുടെ തീയതിക്രമത്തിലാണ് സീനിയോറിറ്റി നിശ്ചയിക്കുക. ഒരേതീയതിയിലുള്ള ഒന്നിലധികം അപേക്ഷകരുണ്ടെങ്കില്‍ ജനനത്തീയതി അടിസ്ഥാനമാക്കും. ഓരോ തസ്തികയും പ്രത്യേകം മുന്‍ഗണന തയ്യാറാക്കും. പല പട്ടികയില്‍പ്പെട്ടവര്‍ ഉണ്ടെങ്കില്‍ ആദ്യം ജോലിസ്വീകരിച്ച തീയതിമുതല്‍ മറ്റ് ലിസ്റ്റുകളില്‍ അര്‍ഹത നഷ്ടപ്പെടും.

* 50 വയസ്സ് കഴിഞ്ഞ ആശ്രിതര്‍ ഉണ്ടെങ്കില്‍ അവര്‍ക്കായി മുന്‍ഗണനാ പട്ടിക തയ്യാറാക്കും.

അംഗീകരിക്കാനാവില്ല-13 വയസ്സ് പ്രായപരിധി ഉള്‍പ്പെടെയുള്ള വ്യവസ്ഥകള്‍ അംഗീകരിക്കാനാവില്ല. ഒരുവര്‍ഷത്തിനകമുള്ള വരുമാനമേ പരിഗണിക്കൂവെന്ന് പറയുന്നതും ശരിയല്ല.- ജയശ്ചന്ദ്രന്‍ കല്ലിങ്ങല്‍, ജനറല്‍സെക്രട്ടറി, ജോയിന്റ് കൗണ്‍സില്‍


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!