പ്രശ്‌നം പരിഹരിച്ചു; റേഷന്‍ കടകൾ ഇന്ന് പ്രവര്‍ത്തിക്കും
തിരുവനന്തപുരം : റേഷന്‍ കടകളിലെ ഇ-പോസ് മെഷീനിലെ ആധാര്‍ സ്ഥിരീകരണത്തിന് സഹായിക്കുന്ന ഐ.ടി മിഷന്‍ ഡാറ്റ സെന്ററിലെ എ.യു.എ സെര്‍വറില്‍ ഉണ്ടായ തകരാര്‍ പരിഹരിച്ചതായി ഭക്ഷ്യമന്ത്രി ജി.ആര്‍. അനില്‍. ശനിയാഴ്ച മുതല്‍ റേഷന്‍ കടകള്‍ സാധാരണ നിലയില്‍ തുടരുമെന്നും മന്ത്രി അറിയിച്ചു.
വെള്ളിയാഴ്ച ഇ-പോസ് മെഷീന്‍ പണിമുടക്കിയതിനാല്‍ സംസ്ഥാനത്ത് റേഷന്‍ വിതരണം മുടങ്ങിയിരുന്നു. രാവിലെ കട തുറന്ന വ്യാപാരികള്‍ക്ക് ലോഗിന്‍ ചെയ്യാനായില്ല. രണ്ടും മൂന്നും തവണ ഇ-പോസ് സ്‌കാനറില്‍ കൈവിരല്‍ പതിച്ചിട്ടും ലോഗിന്‍ ചെയ്യാന്‍ കഴിയാതെ സ്വന്തം കടയുടെ പാസ് കോഡ് നമ്പര്‍ ഉപയോഗിച്ചാണ് പലരും കടകള്‍ തുറന്നത്. ഉച്ചയ്ക്ക് ശേഷം ഭക്ഷ്യ മന്ത്രിയുടെ ഓഫീസ് റേഷന്‍ കടകള്‍ക്ക് അവധിയും നല്‍കിയിരുന്നു.
