ലാഭമുണ്ടാക്കി കെ.എസ്.ആർ.ടി.സിയുടെ കൊറിയർ സർവീസ്; കൊറിയറിൽ സൂപ്പർഫാസ്റ്റ്

Share our post

കെ.എസ്.ആർ.ടി.സിയുടെ പുതിയ സംരംഭമായ കൊറിയർ സർവീസിന് കോഴിക്കോട്ടും പ്രിയമേറുന്നു. കൊറിയറുകൾ കൃത്യതയോടെയും വേഗത്തിലും ലക്ഷ്യസ്ഥാനത്ത് എത്തിക്കുന്നതാണ് പുതിയ സംരംഭത്തെ ജനപ്രിയമാക്കുന്നത്.

കോഴിക്കോട് ഡിപ്പോയിൽ നിന്ന് മാത്രം ദിനം പ്രതി 30 മുതൽ 50 വരെ കൊറിയറുകളാണ് ബസുകളിൽ വഴി കേരളത്തിന്റെ വിവിധ ഭാഗങ്ങളിലേക്ക് പുറപ്പെടുന്നത്. ഇടനിലക്കാരില്ലാതെ ഡിപ്പോകളെ മാത്രം ബന്ധിപ്പിച്ച് പ്രവർത്തിക്കുന്ന തിനാൽ മറ്റ് കൊറിയർ സർവീസുകളെക്കാൾ 30 ശതമാനം വരെ സർവീസ് ചാർജ് കുറവാണെന്ന പ്രത്യേകതയും ജനങ്ങളെ കെ.എസ്.ആർ.ടി.സിയുടെ പുതിയ സംരംഭത്തിലേക്ക് ആകർഷിക്കുന്നുണ്ട്

ഒരുകിലോ മുതൽ 120 കിലോ വരെ ഭാരമുള്ള വസ്തുക്കൾ ഇതുവഴി അയക്കാനും കഴിയും. കോഴിക്കോട് ഡിപ്പോയിൽ കൊറിയർ സർവീസിൽ നിന്ന് മാത്രം ദിനംപ്രതി 7000 മുതൽ 10000 രൂപ വരെ വരുമാനം ഉണ്ടാകുന്നുണ്ടെന്നും കെ.എസ്.ആർ.ടി.സി അധികൃതർ പറഞ്ഞു. കെ.എസ്.ആർ.ടി.സി നേരിട്ട് നടപ്പാക്കുന്ന സർവീസ് ആയതിനാൽ സ്വകാര്യ കൊറിയർ കമ്പനികളെ അപേക്ഷിച്ച് ആളുകൾക്ക് വിശ്വാസ്യത കൂടുതലാണെന്ന് കോഴിക്കോട് ഡിപ്പോ ജീവനക്കാർ പറയുന്നു.

കോഴിക്കോട് ഡിപ്പോയിൽ സ്റ്റേഷൻ മാസ്റ്ററുടെ ഓഫീസിനോട് ചേർന്നാണ് കൊറിയർ കൗണ്ടർ സജ്ജമാക്കിയിട്ടുള്ളത്.ആവശ്യക്കാർ കൊറിയറുകളും പാഴ്സലുകളും കൊറിയർ കൗണ്ടറുകളിൽ ഏൽപ്പിച്ച് പണമടച്ചാൽ മാത്രം മതി. പിന്നെ സാധനം കൃത്യസമയത്ത് എത്തുമെന്ന കാര്യത്തിൽ ടെൻഷൻ വേണ്ട. കൊറിയറും പാഴ്സലുകളും കൃത്യസമയത്ത് എത്തിക്കുന്ന ഡ്രൈവർമാർക്കും കണ്ടക്ടർമാർക്കും പത്ത് ശതമാനവും മാർക്കറ്റിംഗ് ജീവനക്കാർക്ക് മൂന്ന് ശതമാനവും ഇൻസെന്റീവ് നൽകുന്നുമുണ്ട്.

കഴിഞ്ഞ ജൂൺ 15നാണ് ട്രാവലിംഗ് മൈൽസ്, ഡംലിവറിംഗ് സ്മൈൽസ് എന്ന ആപ്തവാക്യത്തോടെ കെ.എസ്.ആർ.ടി.സി കേരളമാകെ കൊറിയർ ആൻഡ് ലോജിസ്റ്റിക് സർവീസ് ആരംഭിച്ചത്. ജൂലൈ മാസത്തോടെ കേരളത്തിലെ 45 ഡിപ്പോകളിലും കേരളത്തിന് പുറത്ത് മൂന്ന് സ്ഥലങ്ങളിലും കൂടെ പ്രവർത്തനം തുടങ്ങി.

കേരളത്തിലെവിടെയും കൊറിയറുകൾ എത്തിക്കാൻ വെറും 16 മണിക്കൂർ എന്ന ആപ്തവാക്യത്തോടെയാണ് പദ്ധതി ആരംഭിച്ചത്. തുടക്കത്തിൽ ദിനംപ്രതി 15000 രൂപ മാത്രമായിരുന്നു കേരളത്തിൽ നിന്ന് വരുമാനം കിട്ടിയിരുന്നത്. എന്നാൽ ഇപ്പോൾ കേരളത്തിലാകെ കൊറിയർ സർവീസിൽ നിന്ന് മാത്രം ലക്ഷങ്ങളാണ് കെ.എസ്.ആർ.ടി.സിയുടെ വരുമാനം.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!