ഈ ആപ്പ് നിങ്ങളുടെ ഫോണിലുണ്ടോ? വേഗം അൺഇൻസ്റ്റാൾ ചെയ്‌തോളൂ, യുവാവിന് നഷ്ടമായത് അരലക്ഷം രൂപ
കാഞ്ഞങ്ങാട്: പൊലീസിന്റെ മുന്നറിയിപ്പുകൾക്കിടയിലും സൈബർ തട്ടിപ്പുകൾക്കിരയാകുന്നവരുടെ എണ്ണത്തിൽ കുറവില്ല. ക്രെഡിറ്റ് കാർഡിന്റെ കാലാവധി പുതുക്കാനെന്ന പേരിൽ മാലക്കല്ല് സ്വദേശിയിൽ നിന്ന് 99,000 രൂപ തട്ടിയെടുത്ത സംഭവം അടുത്തിടെയാണ് നടന്നത്. നേരത്തേ വിദേശത്തായിരുന്ന യുവാവിന് എസ്.ബി.ഐയിൽ നിന്നാണെന്നു പറഞ്ഞാണ് ഫോൺ കോൾ വന്നത്.
ക്രെഡിറ്റ് കാർഡിന്റെ കാലാവധി കഴിഞ്ഞ സാഹചര്യത്തിൽ അത് പുതുക്കുന്നതിനായി അക്കൗണ്ട് വിവരങ്ങൾ ആവശ്യപ്പെടുകയായിരുന്നു. ഓൺലൈനായി തന്നെ കാർഡ് പുതുക്കുന്നതിനായി മൊബൈലിലേക്കു വരുന്ന ഒ.ടി.പി നമ്പർ പറഞ്ഞുതരാനും ആവശ്യപ്പെട്ടു. നമ്പർ പറഞ്ഞുകൊടുത്തതിനു പിന്നാലെ അക്കൗണ്ടിൽ നിന്നും പണം നഷ്ടമായി.രാജപുരം പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങിയിട്ടുണ്ട്.
ക്രെഡിറ്റ് കാർഡുകളുമായി ബന്ധപ്പെട്ട് പൊതുവേ ബാങ്കുകളിൽ നിന്ന് ഫോൺകോളുകൾ വരാറുള്ളതിനാലാണ് യുവാവിന് തുടക്കത്തിൽ സംശയമൊന്നും തോന്നാതിരുന്നതത്രെ. എന്നാൽ ബന്ധപ്പെട്ട ബാങ്ക് ശാഖകളിലെ ഔദ്യോഗിക നമ്പറുകളിൽ നിന്നല്ലാതെ വരുന്ന കോളുകളെ വിശ്വസിക്കരുതെന്നും ആരു വിളിച്ചാലും ഒരു കാരണവശാലും ഒ.ടി.പി പറഞ്ഞുകൊടുക്കരുതെന്നും ബാങ്ക് അധികൃതരും മുന്നറിയിപ്പ് നല്കുന്നുണ്ട്.
ഇലക്ട്രിക് സ്‌കൂട്ടർ വാങ്ങാൻ വായ്പ ലഭ്യമാണെന്നുപറഞ്ഞ് ഓല കമ്പനിയുടെ സ്റ്റാഫ് ആണെന്ന പേരിൽ വന്ന ഫോൺകോളാണ് തൃക്കരിപ്പൂർ ഇളമ്പച്ചി സ്വദേശിക്ക് പണം നഷ്ടപ്പെടുത്തിയത്. വാഹനം ബുക്ക് ചെയ്യാനാണെന്ന പേരിൽ രണ്ടു തവണയായി അര ലക്ഷത്തോളം രൂപയാണ് ഇദ്ദേഹത്തെ കൊണ്ട് അടപ്പിച്ചത്.ജോലി വാഗ്ദാനത്തിൽ വീണു; നഷ്ടം 5.5 ലക്ഷംഗൂഗിൾ മാപ്പിലെ തെറ്റുകൾ പരിഹരിച്ച് അപ്‌ഡേറ്റ് ചെയ്യുന്ന ജോലി നൽകാമെന്ന് വാഗ്ദാനം ചെയ്ത് മേൽപറമ്പ് ചെമ്പരിക്കയിലെ യുവതിയുടെ പക്കൽനിന്ന് അഞ്ചരലക്ഷത്തോളം രൂപയാണ് തട്ടിയെടുത്തത്.
ജോലി ലഭിക്കുന്നതിനായി വിദേശ ജോലികളുടെ മാതൃകയിൽ ആദ്യം നിശ്ചിത തുക ഡിപ്പോസിറ്റ് ചെയ്യണമെന്നാവശ്യപ്പെട്ടാണ് യുവതിയെക്കൊണ്ട് പണമടപ്പിച്ചത്. വിദേശത്ത് നിന്ന് 25 ലക്ഷം ഡോളറിന്റെ സമ്മാനമെത്തിക്കുന്നതിനുള്ള നികുതിയാണെന്ന പേരിൽ പാലാവയൽ സ്വദേശിനിയെക്കൊണ്ട് ഒന്നേകാൽ ലക്ഷത്തോളം രൂപ അടപ്പിച്ചതും അടുത്തിടെയാണ്.
ഒറ്റ ക്ലിക്കിൽ പോയത് അരലക്ഷംഒറ്റ ക്ലിക്കിൽ ലക്ഷങ്ങൾ വായ്പ ലഭിക്കുമെന്ന വാഗ്ദാനം കണ്ട് ധനി എന്ന പേരിലുള്ള ലോൺ ആപ്പ് മൊബൈലിൽ ഇൻസ്റ്റാൾ ചെയ്തതിനു പിന്നാലെയാണ് ഏഴാംമൈൽ നേരംകാണാതടുക്കം സ്വദേശിയായ യുവാവിന് പണം നഷ്ടമായത്. ആപ്പ് ഇൻസ്റ്റാൾ ചെയ്തതിനു പിന്നാലെ വായ്പയുടെ പ്രൊസസിംഗ് ഫീ ഇനത്തിൽ വിവിധ വിഭാഗങ്ങളിലായി 58,560 രൂപ അടക്കാൻ ആവശ്യപ്പെടുകയായിരുന്നു.
ഇതുമായി ബന്ധപ്പെട്ട് പലതവണ ഫോൺകോളുകളിലൂടെയും വാട്സ് ആപ്പ് ചാറ്റുകളിലൂടെയും യുവാവിന്റെ വിശ്വാസം നേടിയെടുത്തിരുന്നു. ഫീസടച്ച് ഒരു മാസം കഴിഞ്ഞിട്ടും വായ്പയൊന്നും ലഭിക്കാതായതോടെയാണ് യുവാവ് ബന്ധപ്പെട്ട ഫോൺ നമ്പറുകൾ സഹിതം അമ്പലത്തറ പൊലീസിൽ പരാതി നല്കിയത്.
