അതിഥിത്തൊഴിലാളികളുടെ മക്കൾക്ക്‌ സുരക്ഷിത ഇടം: വെങ്ങോലയിൽ മൊബൈൽ ക്രഷ് തുടങ്ങി

Share our post

അതിഥിത്തൊഴിലാളികളുടെ മക്കളുടെ സുരക്ഷ ഉറപ്പാക്കുന്നതിന്‌ സംസ്ഥാന സർക്കാരിന്റെ നിർദേശപ്രകാരം പെരുമ്പാവൂരിനുസമീപം വെങ്ങോലയിൽ മൊബൈൽ ക്രഷ് ആരംഭിച്ചു. സംസ്ഥാനത്ത് ആദ്യമായാണ് സാമൂഹിക പ്രതിബദ്ധതാ ഫണ്ട് ഉപയോഗിച്ച് ജില്ലാ ഭരണസംവിധാനത്തിന്റെ ആഭിമുഖ്യത്തിൽ ഇത്തരം സംരംഭം.

സമീപനാളിൽ വെങ്ങോലയ്ക്ക് സമീപത്തെ പ്ലൈവുഡ് കമ്പനിയിലെ മാലിന്യക്കുഴിയിൽ വീണ് അതിഥിത്തൊഴിലാളിയുടെ കുട്ടി മരിച്ചിരുന്നു. ഇതിന് പിന്നാലെയാണ്‌ ജോലിക്ക് പോകുന്ന അതിഥിത്തൊഴിലാളികളുടെ മക്കളെ സംരക്ഷിക്കാൻ ഡേ കെയർ സംവിധാനം ആരംഭിക്കാൻ ജില്ലാ ഭരണസംവിധാനം തീരുമാനിച്ചത്.

വെങ്ങോല പഞ്ചായത്തിലെ ഓണംകുളത്താണ്‌ മൊബൈൽ ക്രഷ്‌ ആരംഭിച്ചത്‌. രാവിലെ ഏഴുമുതൽ രാത്രി ഏഴുവരെ പ്രവർത്തിക്കും. ആറ് മാസംമുതൽ ആറ് വയസ്സുവരെയുള്ള കുട്ടികൾക്കാണ് പ്രവേശനം. രാവിലെയും വൈകിട്ടും വാഹന സൗകര്യമുണ്ട്. ഷിഫ്റ്റ്‌ അടിസ്ഥാനത്തിൽ നാല് ജീവനക്കാരുമുണ്ടാകും.  

കോൺഫെഡറേഷൻ ഓഫ് ഇന്ത്യൻ ഇൻഡസ്ട്രീസ് ഫൗണ്ടേഷനും വെങ്ങോല സോ മിൽ ആൻഡ് പ്ലൈവുഡ് മാനുഫാക്‌ചറേഴ്സ് അസോസിയേഷനും അനുബന്ധ ചെലവുകൾക്ക്‌ തുക നൽകി. ക്രഷിലേക്ക്‌ ഉപകരണങ്ങൾ, പാത്രങ്ങൾ, ബാലസൗഹൃദ കളിയുപകരണങ്ങൾ, ബാലസൗഹൃദ പെയിന്റിങ്‌ എന്നിവയും ഒരുക്കി. ക്രഷ് പ്രവർത്തകരുടെ ഓണറേറിയം, കുട്ടികളുടെ ആഹാരം, കെട്ടിടവാടക, വാഹനം എന്നിവയ്‌ക്കും ഇവർ സാമ്പത്തികസഹായം നൽകും. മൊബൈൽ ക്രഷിന്റെ മേൽനോട്ടത്തിന്‌ ക്രഷ് വെൽഫെയർ കമ്മിറ്റി രൂപീകരിച്ചിട്ടുണ്ട്. ഐ.സി.ഡി.എസ് സൂപ്പർവൈസർ, സി.ഡി.പി.ഒ, പ്രോഗ്രാം ഓഫീസർ എന്നിവർ പ്രവർത്തനത്തിന്‌ മാർഗനിർദേശമേകും.

കലക്ടർ എൻ.എസ്.കെ. ഉമേഷാണ്‌ മൊബൈൽ ക്രഷ്‌ ഉദ്‌ഘാടനം ചെയ്‌തത്‌. വെങ്ങോല പഞ്ചായത്ത് പ്രസിഡന്റ് ഷിഹാബ് പള്ളിക്കൽ അധ്യക്ഷനായി. ഐ.സി.ഡി.എസ് പ്രോഗ്രാം ഓഫീസർ കെ.ബി. സൈന, സി.ഐ.ഐ കേരള ചെയർമാൻ അജു ജേക്കബ്, സോപ്മ വെങ്ങോല മേഖല ഭാരവാഹി സി.എച്ച്. അൻവർ, എ.ഡി.എം എസ്. ഷാജഹാൻ, ജില്ലാപഞ്ചായത്ത്‌ അംഗം പി.എം. നാസർ, ബ്ലോക്ക്‌ പഞ്ചായത്ത്‌ പ്രസിഡന്റ് കെ.എം. അൻവർ അലി എന്നിവർ സംസാരിച്ചു.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!