വീടുകളിൽ വെള്ളം കയറി; മുഴപ്പിലങ്ങാട് സർവീസ് റോഡ് പൊളിച്ച് ഓവുചാൽ ഒരുക്കി
മുഴപ്പിലങ്ങാട്: കാലവർഷം ശക്തമായി വീടുകളിൽ വെള്ളംകയറിയതോടെ ദേശീയപാത നിർമാണത്തിന്റെ ഭാഗമായുള്ള സർവീസ് റോഡ് പൊളിച്ച് ഓവുചാൽ ഒരുക്കി അധികൃതർ. മലക്ക് താഴെ റോഡ് പ്രദേശത്തെ വെള്ളക്കെട്ടിന് പരിഹാരമായാണ് നിലവിലെ സർവീസ് റോഡ് മണ്ണുമാന്തി യന്ത്രം ഉപയോഗിച്ച് പൊളിക്കുന്നത്.
വെള്ളക്കെട്ട് കാരണം പുറത്തിറങ്ങാൻ കഴിയാതെ 50ഓളം കുടുംബങ്ങൾ ഇവിടെ ദുരിതത്തിലായ സാഹചര്യത്തിൽ ആർ.ഡി.ഒ.യുടെ നിർദേശപ്രകാരമാണ് നടപടി.
ദേശീയപാത നിർമാണം നടന്നുകൊണ്ടിരിക്കെ നേരെത്തെ ഉണ്ടായ ഓവുചാൽ തടസ്സപ്പെട്ടതാണ് പ്രദേശത്ത് വെള്ളക്കെട്ടിന് കാരണമായതെന്ന് ചൂണ്ടിക്കാട്ടപ്പെടുന്നു. സർവീസ് റോഡ് പൊളിക്കുന്നതോടെ മലക്ക് താഴെ കെട്ടിക്കിടക്കുന്ന വെള്ളത്തെ ഇതു വഴി തിരിച്ചുവിടാനാവുമെന്നാണ് അധികൃതർ പറയുന്നത്.
നിലവിലെ സർവീസ് റോഡ് ഇല്ലാതാവുന്നതോടെ ഇതുവഴിയുള്ള യാത്രാസൗകര്യവും ഇല്ലാതാകും. ഇത് വാഹനഗതാഗതത്തോടൊപ്പം കാൽനടയാത്രയും ദുരിതത്തലാവും.
